ബി.ജെ.പിയും ജെ.ഡി.യുവും 101 സീറ്റുകളിൽ മത്സരിക്കും; ബിഹാറിൽ എൻ.ഡി.എ സീറ്റ് വിഭജനം പൂർത്തിയായി
text_fieldsപട്ന: 2025 ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സീറ്റ് വിഭജനം പൂർത്തിയായി. ജെ.ഡി.യുവും ബി.ജെ.പിയും തുല്യ സീറ്റുകളിൽ മത്സരിക്കാനാണ് തീരുമാനം. 243 നിയമസഭ സീറ്റുകളിൽ ബി.ജെ.പിയും ജെ.ഡി.യുവും 101 എണ്ണത്തിൽ മത്സരിക്കും. ബീഹാറിലെ ഭരണ സഖ്യത്തിനുള്ളിലെ രാഷ്ട്രീയ സമവാക്യങ്ങളിലെ മാറ്റത്തിന്റെ പ്രതിഫലനമാണിത്.
ചിരാഗ് പാസ്വാന്റെ ലോക് ജൻ ശക്തി പാർട്ടിക്ക് 29 സീറ്റുകൾ നൽകാനാണ് തീരുമാനം. രാഷ്ട്രീയ ലോക് മോർച്ച ആറും മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി നയിക്കുന്ന ഹിന്ദുസ്ഥാനി അവാം പാർട്ടി ആറും സീറ്റുകളിൽ മത്സരിക്കും. എൽ.ജെ.പി 40 മുതൽ 60 സീറ്റുകൾ വരെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത്രയും സീറ്റുകൾ തരാൻ ആവില്ലെന്നായിരുന്നു അവർക്ക് കിട്ടിയ മറുപടി. അതുപോലെ ഹിന്ദുസ്ഥാൻ അവാം പാർട്ടി 15 സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
2020ലെ തെരഞ്ഞെടുപ്പിൽ ജെ.ഡി.യു 115 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. ബി.ജെ.പി 110ലും. അന്ന് എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമായിരുന്ന വികാസ്ശീൽ ഇൻസാൻ പാർട്ടി 11 സീറ്റുകളിൽ മത്സരിച്ചിരുന്നു.
നിലവിൽ രണ്ടുഘട്ടങ്ങളിലായാണ് ബിഹാറിൽ വോട്ടെടുപ്പ് നടക്കുന്നത്. നവംബർ ആറിന് ആദ്യഘട്ടവും 11ന് രണ്ടാംഘട്ടവും. നവംബർ 14ന് വോട്ടെണ്ണും.
ഇൻഡ്യ സഖത്തിന്റെ സീറ്റ്‍വിഭജനം ഇതുവരെ പൂർത്തിയായിട്ടില്ല. പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ജൻ സുരാജ് പാർട്ടി ആദ്യഘട്ട സ്ഥാനാർഥികളുടെ പട്ടിക കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

