'മനുഷ്യത്വമെന്നത് ഭാഗ്യം ചെയ്തവർക്ക് മാത്രം': തടവിലാക്കപ്പെട്ട് ആറ് വർഷത്തിന് ശേഷം ആദ്യമായി അഭിമുഖം നൽകി ഉമർ ഖാലിദ്
text_fieldsഉമർ ഖാലിദ്
ന്യൂഡൽഹി: തിഹാർ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ ഏറ്റവും കൂടുതൽ വേട്ടയാടുന്നത് സന്ധ്യകളാണ്. ജയിൽ സെല്ലുകളിലെ ഇരുട്ടിലേക്ക് തള്ളപ്പെടുമ്പോൾ, ജീവിതത്തിലെ മറ്റൊരു പകൽ കൂടി നഷ്ടപ്പെട്ടുവെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ അലട്ടുന്നത്. 2020ൽ അറസ്റ്റിലായതിന് ശേഷം ആദ്യമായി 'ദ ഗാർഡിയൻ' പത്രത്തിന് നൽകിയ അഭിമുഖത്തിൽ മാനുഷിക പരിഗണന പോലും ലഭിക്കാതെ നീളുന്ന തന്റെ ആറ് വർഷത്തെ തടവ് ജീവിതത്തെക്കുറിച്ചുള്ള വേദനയും തകർച്ചയും ഉമർ ഖാലിദ് പങ്കുവെക്കുന്നു.
ജയിലിലെ കഠിനമായ സാഹചര്യങ്ങൾ കാരണം ഖാലിദിനെ നേരിൽ കണ്ട് അഭിമുഖം നടത്താൻ ഗാർഡിയന് സാധിച്ചില്ല. അതിനാൽ കുടുംബാംഗങ്ങളും സുഹൃത്തുക്കൾ വഴിയാണ് ചോദ്യങ്ങളും ഉത്തരങ്ങളും കൈമാറിയത്. തനിക്കെതിരെയുള്ള ആരോപണങ്ങളെയും, വർഷങ്ങളായി നേരിടുന്ന പ്രചരണ യന്ത്രത്തെയും കുറിച്ച് സംസാരിച്ച അദ്ദേഹം, പൂർണമായും തകർന്നുപോകാതെ പിടിച്ചുനിൽക്കുക എന്നത് എത്രത്തോളം പ്രയാസകരമാണെന്ന് സമ്മതിക്കുന്നു.
‘നിങ്ങളെ വെറുമൊരു ചിത്രമായി ചുരുക്കുമ്പോൾ അതൊരുപക്ഷേ നല്ലതായാലും ചീത്തയായാലും നിങ്ങളുടെ മനുഷ്യത്വം മാത്രമല്ല, ചില നേരങ്ങളിൽ മാനസിക സമനില പോലും കാത്തുസൂക്ഷിക്കുക എന്നത് വളരെ പ്രയാസകരമാണ്," അദ്ദേഹം പറഞ്ഞു. ‘എന്നോട് സഹതാപം കാട്ടുന്നവർ പോലും, അല്ലെങ്കിൽ എന്നെ സാധാരണക്കാരേക്കാൾ വലിയൊരു ബിംബമായി ചിത്രീകരിക്കുന്നവർ പോലും മറന്നുപോകുന്ന ഒരു സത്യമുണ്ട്. സ്വന്തമായി ദൗർബല്യങ്ങളും ഭയങ്ങളും അപൂർണതകളുമുള്ള ഒരു മനുഷ്യനാണ് ഞാൻ എന്നത്. ജയിലിന്റെ ഈ നീണ്ട നാളുകൾ എന്റെ ശരീരത്തെയും മനസ്സിനെയും വേട്ടയാടിയിരിക്കുന്നു, ഉള്ളിലെ എല്ലാ ആശങ്കകളെയും അത് കൂടുതൽ വഷളാക്കിയിട്ടുമുണ്ട്."
തന്റെ നിയമനടപടികളെക്കുറിച്ചോ തിഹാറിലെ സാഹചര്യങ്ങളെക്കുറിച്ചോ സംസാരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചെങ്കിലും, സഹതടവുകാരിൽ നിന്ന് നേരിട്ട വേദനിപ്പിക്കുന്ന അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. ‘കൂടെയിരുന്ന് ഭക്ഷണം പങ്കിട്ട സഹതടവുകാർ പോലും പുറകിൽ നിന്ന് എന്നെ ‘തീവ്രവാദി’ എന്ന് വിളിക്കുന്നത് കേൾക്കാറുണ്ട്. ഈ പ്രചരണങ്ങൾ മറ്റുള്ളവരുടെ കണ്ണിൽ എന്നെ ഒരു മനുഷ്യനല്ലാതാക്കി മാറ്റുകയാണ്. എന്നെപ്പോലെയുള്ളവർക്ക് മാനുഷിക പരിഗണന എന്നത് ഒരു വലിയ ഭാഗ്യമാണ്. കാരണം, അത് എല്ലാവർക്കും ലഭിക്കുന്ന ഒന്നല്ല.’
തിഹാർ ജയിലിന്റെ മതിലുകൾക്ക് പുറത്ത് ഉമർ ഖാലിദിന്റെ പേര് അറിയാത്തവർ ഇന്ത്യയിൽ ചുരുക്കമായിരിക്കും. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ, ആദ്യം ജെ.എൻ.യുവിലെ തീക്ഷ്ണമായ വിദ്യാർഘി പ്രക്ഷോഭകാരിയായും, പിന്നീട് നരേന്ദ്ര മോദി സർക്കാരിനെതിരായ ആദ്യത്തെ വലിയ വെല്ലുവിളിയായി മാറിയ 2019ലെ രാജ്യവ്യാപക പൗരത്വ പ്രക്ഷോഭങ്ങളുടെ മുഖമായും അദ്ദേഹം ശ്രദ്ധേയനായിരുന്നു. എന്നാൽ 2020 സെപ്റ്റംബറോടെ, ഡൽഹിയിൽ നടന്ന വർഗീയ കലാപങ്ങളുടെ മുഖ്യസൂത്രധാരൻ എന്നും അക്രമാസക്തമായ ഭരണമാറ്റത്തിന് ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഒരു തീവ്രവാദിയായി മുദ്രകുത്തപ്പെട്ട അദ്ദേഹം വിചാരണകളില്ലാതെ വർഷങ്ങളായി ജയിലിൽ കഴിയുകയാണ്.
വാർത്താ ചാനലുകളിൽ ടെലിവിഷൻ അവതാരകർ ഇന്നും അദ്ദേഹത്തിന്റെ പേര് അധിക്ഷേപത്തോടെ ഉച്ചരിക്കുകയും, മുസ്‍ലിം തീവ്രവാദിയെന്നും രാജ്യവിരുദ്ധനെന്നും വിളിച്ച് ആക്ഷേപിക്കുകയും ചെയ്യുന്നു. അതേസമയം, പ്രതിഷേധ പ്രകടനങ്ങളിൽ ഇടതുപക്ഷ പ്രവർത്തകർ ആവേശത്തോടെ അദ്ദേഹത്തിന്റെ പേര് വിളിച്ചുപറയുകയും, ചിത്രം പതിച്ച ടി-ഷർട്ടുകൾ ധരിക്കുകയും ചെയ്യുന്നുണ്ട്. നരേന്ദ്ര മോദി അധികാരത്തിലിരുന്ന കഴിഞ്ഞ 12 വർഷത്തിനിടെ, രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ നീതിന്യായ വ്യവസ്ഥയെ ആയുധമാക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ശക്തമാണ്. ഈ സാഹചര്യത്തിൽ, ബി.ജെ.പി ഭരണത്തിന് കീഴിൽ വിയോജിപ്പുകളെ അടിച്ചമർത്തുന്നതിന്റെ ഏറ്റവും വലിയ പ്രതീകമായി ഉമർ ഖാലിദ് മാറിയിരിക്കുന്നു.
വിചാരണ കൂടാതെ ആറ് വർഷത്തോളമായി ഖാലിദ് ജയിലിൽ കഴിയുന്നതിനെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ഏകസ്വരത്തിൽ അപലപിച്ചിട്ടുണ്ട്. ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖാലിദിന് കൈപ്പടയിൽ ഒരു കുറിപ്പ് അയച്ചത് ഇന്ത്യൻ സർക്കാരിന്റെ രൂക്ഷമായ പ്രതികരണത്തിന് വഴിവെച്ചിരുന്നു. എന്നാൽ, ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ സ്വതന്ത്രമാണെന്നും ഖാലിദിന്റെ വിചാരണക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് ബി.ജെ.പിയുടെ നിലപാട്.
ജയിലിൽ കഴിഞ്ഞ ഈ വർഷങ്ങൾ മോദി സർക്കാരിനെതിരായ അദ്ദേഹത്തിന്റെ നിലപാടുകളെ ഒട്ടും മയപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ ഏറ്റവും പ്രബലമായ രാഷ്ട്രീയ ശക്തിയായി ഹിന്ദുത്വം മാറുമ്പോൾ, വിദ്വേഷ പ്രസംഗങ്ങളും വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുന്ന ഭാഷയും സാധാരണവൽക്കരിക്കപ്പെടുകയും മഹത്വവൽക്കരിക്കപ്പെടുകയും ചെയ്യുന്നതിലെ ഭീകരതയെക്കുറിച്ച് ഖാലിദ് വേദനയോടെ വിവരിക്കുന്നു. ‘ഇന്നത്തെ ഇന്ത്യ സത്യം പ്രസക്തമല്ലാത്ത സമൂഹമായി മാറുന്ന പ്രക്രിയയുടെ പൂർണതയോട് അടുത്തിരിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ കേസിൽ ഉൾപ്പെട്ട മറ്റുള്ളവർക്ക് ജാമ്യം ലഭിച്ചെങ്കിലും, ഖാലിദിന്റെ ജാമ്യാപേക്ഷകൾ തുടർച്ചയായി തള്ളപ്പെടുകയാണ്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയിൽ വിധി പറയാൻ ചുമതലപ്പെട്ട ജഡ്ജിമാർ പലതവണ വിചാരണ നീട്ടിവെക്കുകയും, തിയതികൾ മാറ്റുകയും, കേസിൽ നിന്ന് പിന്മാറുകയുമൊക്കെ ചെയ്തു. ഖാലിദിന്റെ കേസിൽ തങ്ങൾക്ക് പങ്കില്ലെന്ന് ബി.ജെ.പി അവകാശപ്പെടുമ്പോഴും, അദ്ദേഹത്തിന്റെ ജാമ്യാപേക്ഷകൾ തള്ളപ്പെട്ടതിനെ അവർ പരസ്യമായി സ്വാഗതം ചെയ്യാറുണ്ട്.
ഒടുങ്ങാത്ത പ്രതീക്ഷകൾ ഓരോ തവണയും തകർത്തുകളയുന്നത് വളരെ ഹൃദയഭേദകമാണെന്ന് ഖാലിദ് പറയുന്നു. ‘പതുക്കെപ്പതുക്കെ പ്രതീക്ഷകൾ മരിച്ചുതുടങ്ങി. മുറുകെ പിടിക്കാൻ ഒരൽപ്പം പ്രതീക്ഷ പോലുമില്ലാതെ ജയിൽ ജീവിതം അതിജീവിക്കുക എന്നത് അങ്ങേയറ്റം ദുഷ്കരമാണ്. അത് നിങ്ങളെ വൈകാരികമായും മാനസികമായും ശാരീരികമായും വല്ലാതെ തളർത്തും.’
പൊലീസ് അന്വേഷണം എങ്ങുമെത്താതെ തുടരുകയും വിചാരണ തിയതി പോലും തീരുമാനിക്കപ്പെടാതെ കിടക്കുകയും ചെയ്യുമ്പോൾ ഉമർ ഖാലിദ് ഇപ്പോഴും ജയിലിൽ തുടരുകയാണ്. ബി.ജെ.പി അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയിലെ ജയിലുകളിൽ തടവിലാക്കപ്പെട്ട രാഷ്ട്രീയ തടവുകാരുടെ എണ്ണം വർധിച്ചുവരികയാണ്. ഇവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നതിൽ പ്രതിപക്ഷ പാർട്ടികൾ പരാജയപ്പെട്ടതിൽ ഖാലിദിന് കടുത്ത നിരാശയുണ്ട്. ഫാദർ സ്റ്റാൻ സ്വാമി ഉൾപ്പെടെയുള്ള ചിലർ ജയിൽവാസത്തിനിടയിൽ മരണപ്പെടുകയും ചെയ്തു.
‘ആറ് വർഷം പിന്നിടുമ്പോൾ, ഞാൻ വലിയ നിരാശയിലാണ്, തീർത്തും ഒറ്റപ്പെട്ടവനായി അനുഭവപ്പെടുന്നു. പ്രതിപക്ഷ പാർട്ടികളുടെയും, സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെയും, ജനകീയ പ്രക്ഷോഭങ്ങളുടെ പിൻബലത്തിൽ കരിയർ കെട്ടിപ്പടുത്ത സെലിബ്രിറ്റി ആക്ടിവിസ്റ്റുകളുടെയും ഈ മൗനം, വിയോജിക്കുന്നവരെ കൂടുതൽ വേട്ടയാടാൻ ഈ ഭരണകൂടത്തിന് ധൈര്യം നൽകുന്നു.’ അദ്ദേഹം പറഞ്ഞു
രാത്രികളിലാണ് ഉമർ ഖാലിദ് സമാധാനം കണ്ടെത്തുന്നത്. സെല്ലിലേക്ക് തിരിച്ചെത്തി, വാർഡന്റെ താക്കോൽ കൂട്ടത്തിന്റെ കിലുക്കം നിലച്ച് നിശബ്ദത പടരുമ്പോൾ, തന്റെ ഡയറിയിലെ രോഷം നിറഞ്ഞ കുറിപ്പുകളിൽ നിന്ന് മതിലിലേക്ക് പകർത്തിയ വരികൾ അദ്ദേഹത്തിന് ഉറങ്ങും മുമ്പ് അല്പം ആശ്വാസം നൽകുന്നു. ബ്രിട്ടീഷ് വിരുദ്ധ വിപ്ലവകാരിയായ ഭഗത് സിങ്ങിന്റെ ചിത്രത്തിന് തൊട്ടടുത്ത്, അദ്ദേഹത്തിന്റെ പ്രശസ്തമായ വാക്കുകൾ ഖാലിദ് തന്റെ സെല്ലിലെ ചുവരിൽ കൊത്തിവെച്ചിട്ടുണ്ട്: "ഞാൻ തടവിലാണെങ്കിലും സ്വതന്ത്രനായ ആ ഭ്രാന്തമായ ആത്മാവാണ്."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

