Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശസ്നേഹിയായ ഉമർ ഖാലിദിനെതിരെ പറയാൻ ഗോഡ്സെ ആരാധകരായ എ.ബി.വി.പിക്ക് അവകാശമില്ല -കോൺഗ്രസ് കർണാടക പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ്

text_fields
bookmark_border
ദേശസ്നേഹിയായ ഉമർ ഖാലിദിനെതിരെ പറയാൻ ഗോഡ്സെ ആരാധകരായ എ.ബി.വി.പിക്ക് അവകാശമില്ല -കോൺഗ്രസ് കർണാടക പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ്
cancel

ബംഗളൂരു: ദേശസ്നേഹിയായ ഉമർ ഖാലിദിനെതിരെ പറയാൻ രാജ്യവിരുദ്ധനും രാജ്യത്തെ ആദ്യത്തെ ഭീകരവാദിയുമായ നാഥുറാം ഗോഡ്സെയെ ആരാധിക്കുന്ന എബിവിപിക്ക് ധാർമ്മികമായ അവകാശമോ യോഗ്യതയോ ഇല്ലെന്ന് കോൺഗ്രസ് കർണാടക പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ്. ഉമർ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ എബിവിപി നടത്തിയ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ (എൻ.എൽ.എസ്.ഐ.യു) ലോ ആൻഡ് സൊസൈറ്റി കമ്മിറ്റിയാണ് ഉമർ ഖാലിദിനെക്കുറിച്ചുള്ള ലളിത് വചാനിയുടെ ‘പ്രിസണർ നമ്പർ 626710 ഈസ് പ്രെസന്റ്’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ഇത് പിന്നീട് മാറ്റിവെച്ചിരുന്നു.

‘ഉമർ ഖാലിദ് ഒരു ദേശസ്നേഹിയാണ്. അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാൻ എബിവിപിക്ക് യാതൊരു അവകാശവുമില്ല. രാജ്യവിരുദ്ധനും രാജ്യത്തെ ആദ്യത്തെ ഭീകരവാദിയുമായ നാഥുറാം ഗോഡ്സെയെ ആരാധിക്കുന്നവരാണ് എബിവിപി. ഉമർ ഖാലിദിനെക്കുറിച്ച് സംസാരിക്കാൻ എബിവിപിക്ക് ധാർമ്മികമായ അവകാശമോ യോഗ്യതയോ ഇല്ല’ -ബി.കെ. ഹരിപ്രസാദ് പറഞ്ഞു.

2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ചാണ് ഉമർ ഖാലിദിനെ യുഎപിഎ ചുമത്തി ജയിലിലടച്ചത്. ഉമർ ഖാലിദ് ആറ് വർഷവും ഷർജീൽ ഇമാം ആറര വർഷവുമായി ജയിലിൽ കഴിയുന്ന സാഹചര്യത്തിലാണ് എൻഎൽഎസ്ഐയു ഈ ഡോക്യുമെന്ററി പ്രദർശനം നടത്താൻ തീരുമാനിച്ചത്.

ഉമർ ഖാലിദിന്റെ തടങ്കൽ ജീവിതവും നിയമപോരാട്ടവുമാണ് 'Prisoner No. 626710 is Present' എന്ന ഡോക്യുമെന്ററിയുടെ പ്രധാന പ്രമേയം. തിഹാർ സെൻട്രൽ ജയിലിൽ വിചാരണ പോലുമില്ലാതെ വർഷങ്ങളായി കഴിയുന്ന ഉമർ ഖാലിദിനെ കാത്തിരിക്കുന്ന സുഹൃത്തുക്കളുടെയും പങ്കാളിയുടെയും ഓർമ്മകളും സംഭാഷണങ്ങളും ഡോക്യൂമെന്ററി പങ്കുവെക്കുന്നു. ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും ഈ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു.

സർവകലാശാലയുടെ ഔദ്യോഗിക പദവിയെയും അന്തസ്സിനെയും ബാധിക്കുന്ന ഇത്തരം പരിപാടികൾ അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി അധികൃതർക്ക് കത്ത് നൽകി. ഹരിപ്രസാദിന്റെ പരാമർശത്തിനെതിരെ എബിവിപി രംഗത്തുവന്നു. 'ദേശസ്നേഹി' എന്ന് വിശേഷിപ്പിക്കാനുണ്ടായ കാരണം വ്യക്തമാക്കണമെന്ന് എബിവിപി ബെംഗളൂരു സെക്രട്ടറി അഭിനന്ദൻ മിർജി ആവശ്യപ്പെട്ടു. അഫ്സൽ ഗുരുവിനെ പിന്തുണയ്ക്കുകയും അനുസ്മരിക്കുകയും ചെയ്ത ഒരാളെ എങ്ങനെയാണ് കോൺഗ്രസിന് 'ദേശസ്നേഹി' എന്ന് വിളിക്കാൻ കഴിയുകയെന്ന് അഭിനന്ദൻ ചോദിച്ചു. എൻഎൽഎസ്ഐയു ഭരണസമിതിക്കെതിരെ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരായ അമിത് ഷാ, പ്രൾഹാദ് ജോഷി, അർജുൻ റാം മേഘ്‌വാൾ എന്നിവർക്ക് എബിവിപി കത്തയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Umar Khalid is a nationalist, ABVP adores Nathuram Godse says KPCC president Hariprasad
Next Story