മഹാരാഷ്ട്ര, ബംഗാൾ, തമിഴ്നാട് തെരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പർ ഉപയോഗിച്ച് വീണ്ടും നടത്തണം; ഗ്യാനേഷ് കുമാറിനെ ജയിലിലടക്കണമെന്നും ഉദ്ധവ് താക്കറെ
text_fieldsന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ. ഗ്യാനേഷ് കുമാറിനെ ഉടൻ പിരിച്ചുവിടുകയും ജയിലിലടയ്ക്കുകയും ചെയ്യണമെന്നും മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകൾ റദ്ദാക്കി ബാലറ്റ് പേപ്പർ ഉപയോഗിച്ച് വീണ്ടും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമീഷനുള്ളിൽ ആഭ്യന്തര ഭിന്നത നിലനിൽക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഉദ്ധവിന്റെ പ്രതികരണം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷി ജോഷിയും പത്ത് മാസത്തിനിടെ 14 തവണ ഔദ്യോഗികമായി എതിർപ്പ് പ്രകടിപ്പിച്ചുവെന്നായിരുന്നു റിപ്പോർട്ട്. ഗ്യാനേഷ് കുമാറിനെ തുറന്നുകാട്ടിയതിന് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവിനും വിവേക് ജോഷിക്കും നന്ദി പറയുന്നുവെന്ന് ഉദ്ധവ് പറഞ്ഞു. വിഷയത്തിൽ കോടതി സ്വമേധയാ ഇടപെടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ എടുത്തിട്ടുള്ള ‘തെറ്റായ തീരുമാനങ്ങൾ’ റദ്ദാക്കാൻ രണ്ട് കമ്മീഷണർമാരും നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നും ഉദ്ധവ് പറഞ്ഞു.
രാജ്യത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുള്ള വോട്ടർ പട്ടികയുടെ പ്രത്യേക സമഗ്ര തീവ്രപരിഷ്കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട കാര്യങ്ങളിലാണ് പ്രധാനമായും കമ്മീഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. മുപ്പതോളം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഡ്രാഫ്റ്റ് വോട്ടർ പട്ടികയിൽ നിന്ന് 13 കോടിയിലധികം പേരുകൾ ഒഴിവാക്കപ്പെട്ട എസ്.ഐ.ആർ നടപടികളിൽ കമ്മീഷണർമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
പുതിയ വോട്ടർമാർ തങ്ങളുടെ മാതാപിതാക്കളുടെയോ മുത്തശ്ശന്മാരുടെയോ പേരുകൾ മുൻകാല വോട്ടർ പട്ടികയിലുണ്ടെന്ന് തെളിയിക്കണമെന്ന പുതിയ ഫോം വ്യവസ്ഥക്കെതിരെയും ഇവർ എതിർപ്പ് ഉന്നയിച്ചിരുന്നു. ഈ മാറ്റം പുതിയ വോട്ടർമാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നതാണെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇലക്ടറൽ റോൾ മാനേജ്മെന്റ് സിസ്റ്റമായ 'എറോനെറ്റിന്റെ' കേന്ദ്രീകൃത നിയന്ത്രണം വോട്ടർ പട്ടികയുടെ സുതാര്യതയെ ബാധിക്കുമെന്നും കമ്മീഷണർമാർ ചൂണ്ടിക്കാണിക്കുന്നു. ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ കേന്ദ്രസർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കമ്മീഷന്റെ വിശ്വാസ്യത തകർന്നുവെന്നും സി.ഇ.സിക്കെതിരെ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

