തെരഞ്ഞെടുപ്പ് കമീഷനിൽ കടുത്ത ഭിന്നത: പത്ത് മാസത്തിനിടെ 14 തവണ വിയോജിപ്പ് രേഖപ്പെടുത്തി അംഗങ്ങൾ
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ കടുത്ത ആഭ്യന്തര ഭിന്നത നിലനിൽക്കുന്നതായി ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും പത്ത് മാസത്തിനിടെ 14 തവണ ഔദ്യോഗികമായി എതിർപ്പ് പ്രകടിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുള്ള വോട്ടർ പട്ടികയുടെ പ്രത്യേക സമഗ്ര തീവ്രപരിഷ്കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട കാര്യങ്ങളിലാണ് പ്രധാനമായും കമ്മീഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്.
മുപ്പതോളം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഡ്രാഫ്റ്റ് വോട്ടർ പട്ടികയിൽ നിന്ന് 13 കോടിയിലധികം പേരുകൾ ഒഴിവാക്കപ്പെട്ട എസ്.ഐ.ആർ നടപടികളിൽ കമ്മീഷണർമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പുതിയ വോട്ടർമാർ തങ്ങളുടെ മാതാപിതാക്കളുടെയോ മുത്തശ്ശന്മാരുടെയോ പേരുകൾ മുൻകാല വോട്ടർ പട്ടികയിലുണ്ടെന്ന് തെളിയിക്കണമെന്ന പുതിയ ഫോം വ്യവസ്ഥക്കെതിരെയും ഇവർ എതിർപ്പ് ഉന്നയിച്ചിരുന്നു. ഈ മാറ്റം പുതിയ വോട്ടർമാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നതാണെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇലക്ടറൽ റോൾ മാനേജ്മെന്റ് സിസ്റ്റമായ 'എറോനെറ്റിന്റെ' കേന്ദ്രീകൃത നിയന്ത്രണം വോട്ടർ പട്ടികയുടെ സുതാര്യതയെ ബാധിക്കുമെന്നും കമ്മീഷണർമാർ ചൂണ്ടിക്കാണിക്കുന്നു.
ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ കേന്ദ്രസർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കമ്മീഷന്റെ വിശ്വാസ്യത തകർന്നുവെന്നും സി.ഇ.സിക്കെതിരെ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.
എന്നാൽ കമ്മീഷന്റെ എല്ലാ തീരുമാനങ്ങളും മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും കൂട്ടായ അംഗീകാരത്തോടെയാണ് നടപ്പിലാക്കിയതെന്നാണ് ഇ.സി വൃത്തങ്ങൾ വിശദീകരിക്കുന്നത്. എങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെക്കുറിച്ചും സ്വയംഭരണാവകാശത്തെക്കുറിച്ചും കമ്മീഷനുള്ളിൽ തന്നെ ചോദ്യങ്ങൾ ഉയരുന്നത് ജനാധിപത്യവിശ്വാസികളിൽ ആശങ്ക പരത്തിയിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളും ഭരണപക്ഷവും ഈ വിഷയത്തിൽ പരസ്പരം രൂക്ഷമായ ആരോപണ-പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

