വിവരാവകാശ നിയമത്തിന് രണ്ടു പതിറ്റാണ്ട്: നിയമത്തെ പൊളിക്കാനുള്ള മോദി സർക്കാറിന്റെ ശ്രമങ്ങൾ അക്കമിട്ടു നിരത്തി കോൺഗ്രസ്
text_fieldsന്യൂഡൽഹി: ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന്റെ സുതാര്യതയും ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കിയ വിവരാവകാശ (ആർ.ടി.ഐ) നിയമത്തിന് 20 വയസ്സ്. എന്നാൽ, ജനാധിപത്യത്തിലെ നാഴികക്കല്ലുകളിലൊന്നായ ഈ നിയമത്തിന്റെ നിലവിലെ ദുരവസ്ഥ ചൂണ്ടിക്കാട്ടുകയാണ് പ്രതിപക്ഷമായ കോൺഗ്രസ്.
നരേന്ദ്ര മോദി ഭരണത്തിൻ കീഴിൽ വിവരങ്ങൾ മനഃപൂർവ്വം തടഞ്ഞുവെക്കുകയോ ലഭ്യമല്ലാതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങൾ ഇനിയും ഉണ്ടായേക്കാമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ആർ.ടി.ഐയുടെ തകർച്ച ജനാധിപത്യത്തിന്റെ തന്നെ തകർച്ചക്കു തുല്യമാണ്. പൗരന്മാരെ ശാക്തീകരിക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കാനും ഉദ്ദേശിച്ചുള്ള നിയമത്തെ മോദി സർക്കാർ വ്യവസ്ഥാപിതമായി പെളിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
കഴിഞ്ഞ 11 വർഷത്തിനിടെ മോദി സർക്കാർ വിവരാവകാശ നിയമത്തെ വ്യവസ്ഥാപിതമായി ദുഷിപ്പിക്കുകയും അതുവഴി ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും പൊള്ളയാക്കുകയും ചെയ്തു. 2019ൽ വിവരാവകാശ നിയമത്തെ വെട്ടിച്ചുരുക്കി. വിവരാവകാശ കമീഷണർമാരുടെ കാലാവധിയുടെയും ശമ്പളത്തിന്റെയും നിയന്ത്രണം പിടിച്ചെടുത്തു. സ്വതന്ത്ര കാവൽക്കാരെ അടിമപ്പണിക്കാരാക്കി മാറ്റിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
ആർ.ടി.ഐ രേഖകളുമായി ബന്ധപ്പെട്ട് ഭരണകൂടത്തിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമായ അഞ്ച് സംഭവങ്ങൾ അദ്ദേഹം അക്കമിട്ടു പറഞ്ഞു. പ്രധാനമന്ത്രിയുടെ ബിരുദം, ദശലക്ഷക്കണക്കിന് വ്യാജ റേഷൻ കാർഡുകളുടെ തെറ്റായ അവകാശവാദം, നോട്ട് നിരോധനത്തെക്കുറിച്ചുള്ള ആർ.ബി.ഐ കേന്ദ്ര കമ്മിറ്റി യോഗങ്ങൾ, എൻ.പി.എ വീഴ്ച വരുത്തിയവർ, കള്ളപ്പണം തിരിച്ചയക്കലിനെക്കുറിച്ചുള്ള ഡാറ്റ എന്നിവയാണവ.
2023 മാർച്ചിൽ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് പാസാക്കിയെന്നും അതിലെ അവസാനത്തെ രണ്ട് വരികളിലൂടെ ആർ.ടി.ഐയുടെ ലക്ഷ്യത്തെ റദ്ദു ചെയ്തുവെന്നും ജയറാം രമേശ് പറഞ്ഞു. ഈ നിയമത്തിലൂടെ ആർ.ടി.ഐയിൽ ഒരു ഭേദഗതി കൊണ്ടുവന്നു. വ്യക്തിഗത വിവരങ്ങൾക്ക് ആർ.ടി.ഐ നിയമം ബാധകമല്ലെന്നാണ് അതിൽ പറയുന്നത്. ഈ നിയമം നടപ്പിലാക്കരുതെന്നും അത് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് താൻ അശ്വിനി വൈഷ്ണവിന് ഒരു കത്ത് എഴുതിയിട്ടുണ്ടെന്നു പറഞ്ഞ രമേശ്, ഭേദഗതികളോടെ ഇത് നടപ്പിലാക്കിയാൽ വിവരാവകാശ നിയമം പൂർണമായും നിർത്തലാക്കപ്പെടുമെന്നും മുന്നറിയിപ്പു നൽകി.
നിയമത്തിനു നേരെയുള്ള ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനായി 2019ലെ ഭേദഗതികളെക്കുറിച്ചും രമേശ് ചൂണ്ടിക്കാട്ടി. 2019 ൽ ബില്ലുമായി ബന്ധപ്പെട്ട ഭേദഗതികൾ സ്റ്റാൻഡിങ് കമ്മിറ്റി നൽകിയപ്പോൾ മോദി സർക്കാർ അവ നിരസിച്ചു. ഈ രീതിയിൽ, വിവരാവകാശ നിയമത്തിന് ആദ്യ തിരിച്ചടി ലഭിച്ചു. സർക്കാറിന്റെ ഉദ്ദേശ്യം വ്യക്തമാണെന്നും ഭരണകക്ഷി ഒളിപ്പിക്കാൻ ഇഷ്ടപ്പെടുന്ന വിഷയങ്ങളെക്കുറിച്ചുള്ള വൈരുധ്യങ്ങൾ ആർ.ടി.ഐ തുറന്നുകാട്ടുമെന്നതിനാലാണിതെന്നും രമേശ് പറഞ്ഞു.
ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമം വിവരാവകാശ നിയമത്തിന്റെ പൊതുതാൽപര്യത്തെ എങ്ങനെ ഇല്ലാതാക്കി എന്നും സ്വകാര്യതയുടെ മറവിൽ അഴിമതിയെ സംരക്ഷിക്കാൻ സർക്കാറിന് എങ്ങനെ ശേഷി നൽകിയെന്നും മല്ലികാർജുൻ ഖാർഗെ എടുത്തുപറഞ്ഞു.
11 വർഷത്തിനിടെ ഏഴു തവണ മുഖ്യ വിവരാവകാശ കമീഷണറില്ലാതെ പ്രവർത്തിച്ച കേന്ദ്ര വിവരാവകാശ കമീഷനിലെ പ്രധാന തസ്തികകളുടെ ദീർഘകാല ഒഴിവുകളെക്കുറിച്ചും മറ്റ് എട്ട് തസ്തികകൾ 15 മാസത്തിലേറെയായി നികത്തപ്പെടാതെ കിടക്കുന്നതിനെക്കുറിച്ചും ഖാർഗെ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

