ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണ് രണ്ട് മരണം; എട്ടു പേർക്ക് പരിക്ക്
text_fieldsന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ വെൽക്കം ഏരിയയിൽ ശനിയാഴ്ച രാവിലെ നാലു നില കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിക്കുകയും ഒരു വയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്ന് ഭയപ്പെടുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. കെട്ടിടത്തിൽ താമസിച്ചിരുന്ന ഒരു കുടുംബത്തിലെ 10 അംഗങ്ങളും അതിനടുത്തുണ്ടായിരുന്ന മറ്റു ചിലരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരിൽ ഉൾപ്പെടുന്നുവെന്ന് അവർ പറഞ്ഞു.
ഒരു പുരുഷനെയും സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തിയതായും അവരുടെ മൃതദേഹങ്ങൾ ജി.ടി.ബി ആശുപത്രിയിലേക്ക് അയച്ചതായും ഡൽഹി ഫയർ സർവിസ് അറിയിച്ചു. എട്ടു പേരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. ശനിയാഴ്ച രാവിലെ യാണ് വെൽക്കം ഇദ്ഗാഹിന് സമീപമുള്ള നാലു നില കെട്ടിടം തകർന്നതായി വെൽക്കം പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചത്. പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ കെട്ടിടത്തിന്റെ മൂന്നു നിലകൾ തകർന്നതായി കണ്ടെത്തി.
കെട്ടിട ഉടമയായ മാത്ത്‍ലൂബ് കുടുംബാംഗങ്ങളോടൊപ്പം ഇതേ കെട്ടിടത്തിലാണ് താമസിക്കുന്നത്. താഴത്തെ നിത്‍യിലും ഒന്നാം നിലയിലും ആളില്ല. കെട്ടിടത്തിലുണ്ടായിരുന്ന പർവേസ് (32), ഭാര്യ സിസ (21), മകൻ അഹമ്മദ് (14 മാസം), സഹോദരൻ നവേദ് (19) എന്നിവരെ രക്ഷപ്പെടുത്തിയതായി അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമീഷണർ സന്ദീപ് ലാംബ പറഞ്ഞു. കെട്ടിടത്തിന് പുറത്തുണ്ടായിരുന്ന ഗോവിന്ദ് (60), സഹോദരൻ രവി കശ്യപ് (27), ഭാര്യമാരായ ദീപ (56), ജ്യോതി (27) എന്നിവർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിർ വശത്തുള്ള കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

