ടി.വി.കെ രണ്ടാം സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം; ആവേശത്തിൽ പാർട്ടി പ്രവർത്തകർ
text_fieldsപ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന വിജയ്
മധുര: തമിഴ് സൂപ്പർ താരം വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം രാഷ്ട്രീയ പാർട്ടിയുടെ രണ്ടാമത്തെ സംസ്ഥാന സമ്മേളന റാലി മധുരയിൽ നടന്നു. പ്രവർത്തകരെ ആവേശത്തിലാക്കിയ പരുപാടിയിൽ പതിനായിരക്കണക്കിനാളുകൾ പങ്കെടുത്തു. ടി.വി.കെയുടെ പ്രത്യയശാസ്ത്ര നേതാക്കളുടെ ഛായാചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തിയ ശേഷം വിജയ് പാർട്ടി പതാക ഉയർത്തി. വേദിയിലിരുന്ന തമിഴക വെട്രി കഴകത്തിന്റെ എല്ലാ പാർട്ടി നേതാക്കളും പാർട്ടി പ്രതിജ്ഞയെടുത്തു.
സമ്മേളനം നാടോടി സംഗീതജ്ഞരുടെ സാംസ്കാരിക പ്രകടനങ്ങളോടെയാണ് ആരംഭിച്ചത്. കനത്ത സുരക്ഷയിൽ 1.5 ലക്ഷത്തിലധികം പേർക്ക് പങ്കെടുക്കാൻ സാധിക്കുന്ന രീതിയിലാണ് മധുരയിലെ പരപതിയിൽ വേദി സജ്ജീകരിച്ചിരുന്നത്. ഇന്നലെ മുതൽ തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്കുകാണാൻ തടിച്ചുകൂടിയ പാർട്ടി പ്രവർത്തകരുടെ സാന്നിധ്യം കൊണ്ട് ആഴക്കടലായി പരപതിയിലെ വേദി.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനായി 2024 ഫെബ്രുവരിയിലാണ് നടൻ വിജയ് തമിഴക വെട്രി കഴകം എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത്. പിന്നീട് എട്ട് മാസങ്ങൾക്ക് ശേഷം തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിൽ ഒക്ടോബർ 27ന് പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം നടന്നു.
സംസ്ഥാനം ഭരിക്കുന്ന ഡി.എം.കെയുമായും കേന്ദ്രത്തിലുള്ള ബി.ജെ.പിയുമായും ഒരു തരത്തിലുള്ള വിട്ടുവീഴ്ചകൾക്കും പാർട്ടി തയ്യാറല്ലെന്ന് വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ് തന്നെ മത്സരിക്കുമെന്നും ടി.വി.കെയിലെ മുതിർന്ന നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

