ബി.ജെ.പിയോടും ഡി.എം.കെയോടും സഖ്യമില്ല; തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ടി.വി.കെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്
text_fieldsവിജയ്
ചെന്നൈ: 2026ൽ നടക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടി.വി.കെ) മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ് മത്സരിക്കും. ഇതുമായി ബന്ധപ്പെട്ട് പാർട്ടിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പ്രത്യേക പ്രമേയം പാസാക്കി. ബി.ജെ.പിയുമായോ ഡി.എം.കെയുമായോ യാതൊരുവിധ സഖ്യത്തിനുമില്ലെന്ന് പാർട്ടി അറിയിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി അടുത്തമാസം വിപുലമായി സംസ്ഥാന സമ്മേളനം നടത്താനും പാർട്ടി ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും പാർട്ടി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിന് വിജയ് നേതൃത്വം നൽകി. യോഗത്തിൽ മറ്റു പല പ്രേമേയങ്ങളും പാസാക്കിയതായും ടി.വി.കെ മുതിർന്ന നേതാക്കൾ പറഞ്ഞു. ഇംഗ്ലീഷ് ഭാഷയെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശങ്ങൾ ദുരുദ്ദേശ്യപരമാണ്. ഹിന്ദിയും സംസ്കൃതവും സംസ്ഥാങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രനയം എന്തുകൊണ്ടും എതിർക്കുമെന്നും ടി.വി.കെ പറഞ്ഞു. തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണം നടത്താനുള്ള ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനത്തെയും പാർട്ടി അപലപിച്ചു.
ടി.വി.കെയുടെ തുടക്കം മുതൽ ബി.ജെ.പിയെയും ഡി.എം.കെയെയും രൂക്ഷമായാണ് വിജയ് വിമർശിച്ചിരുന്നത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, പൗരത്വ നിയമം തുടങ്ങിയ അജണ്ടകളിലൂടെ മതപരമായ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും വിജയ് ആരോപിച്ചു. നിലവിൽ ബി.ജെ.പിയുമായി സഖ്യത്തിലുള്ളത് ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ) മാത്രമാണ്. സ്വാർഥ രാഷ്ട്രീയ നേട്ടങ്ങൾക്കായി ബി.ജെ.പിയുമായി സഖ്യം ചേരാൻ ഞങ്ങൾ ഡി.എം.കെയോ എ.ഐ.എ.ഡി.എം.കെയോ അല്ലായെന്ന് ദ്രാവിഡ ശക്തികളെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിൽ ഇരു സർക്കാരുകളും പരാജയപെട്ടന്നാരോപിച്ച് ഇരുവർക്കുമെതിരെ ടി.വി.കെ സംസ്ഥാന വ്യാപകമായി ഗെറ്റ് ഔട്ട് കാമ്പയിന് തുടക്കം കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

