പെരമ്പൂരിലും തിരുച്ചിറപ്പള്ളിയിലും പുതുക്കിയ നാമനിർദേശ പത്രിക സമർപ്പിച്ച് വിജയ്
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമർപ്പിച്ച നാമനിർദേശ പത്രികകളിൽ കേസുകളുടെ വിവരങ്ങളുമായി ബന്ധപ്പെട്ട് പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് നടനും ടി.വി.കെ നേതാവുമായ വിജയ്യുടെ നാമനിർദേശ പത്രിക വിവാദത്തിലായിരുന്നു. ഇപ്പോൾ വിജയ് മത്സരിക്കാനിരിക്കുന്ന പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും വീണ്ടും പുതുക്കിയ നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുകയാണ്.
പുതുക്കിയ നാമനിർദേശ പത്രികയിൽ വിജയ്ക്കെതിരെ രണ്ട് കേസുകൾ നിലവിലുണ്ടെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൊളത്തൂർ നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് പെരവല്ലൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്, മാർച്ച് 30ന് നാമനിർദേശ പത്രിക സമർപ്പിച്ചതിനു ശേഷം വിജയ് പ്രചരണം നടത്തിയതുമായി ബന്ധപ്പെട്ടാണ് ഈ കേസ്. രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത് മധുര ജില്ലയിലെ കൂടകോവിൽ പൊലീസ് സ്റ്റേഷനിലാണ്. 2025 ഓഗസ്റ്റിൽ നടന്ന രണ്ടാമത്തെ ടി.വി.കെ സമ്മേളനത്തിനിടെ, റാമ്പിൽ കയറിയ ടി.വി.കെ അനുയായിയെ വിജയ്യുടെ ബൗൺസർമാർ തള്ളിയിടുകയും തുടർന്ന് അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ടതാണ് ഈ കേസ്.
വിജയ് പുതുച്ചേരിയിൽ പ്രചരണം നടത്തുന്നതിനാൽ പെരമ്പൂരിലേക്ക് നേരിട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ്. അതിനാൽ വിജയ്ക്കു വേണ്ടി ടി.വി.കെയുടെ ലീഗൽ ടീമാണ് പുതുക്കിയ നാമനിർദേശ പത്രിക പെരമ്പൂരിൽ സമർപ്പിച്ചത്. ഡി.എം.കെയുടെ ആർ.ഡി ശേഖർ, എ.ഐ.എ.ഡി.എം.കെ സഖ്യകക്ഷിയായ പി.എം.കെ സ്ഥാനാർഥി തിലഗബാമ, നാം തമിഴർ കച്ചി സ്ഥാനാർഥി മെർലിൻ സുഗന്ധി എന്നിവരെയാണ് വിജയ് പെരമ്പൂരിൽ നേരിടുന്നത്. ഡി.എം.കെയുടെ നിലവിലെ എം.എൽ.എ ഇനിഗോ ഇരുഡയരാജ, എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥി രാജശേഖരൻ, നാം തമിഴർ കച്ചി സ്ഥാനാർഥി കൃഷ്ണസാമി എന്നിവരെയാണ് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

