ബുൾഡോസർ രാജ്: സമാജ് വാദി എം.പിക്കും പൊലീസ് നോട്ടീസ്; 11 പേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ബുധനാഴ്ച പുലർച്ചെ ഡൽഹി തുർക്മാൻ ഗേറ്റിലെ സയ്യിദ് ഫൈസേ ഇലാഹി മസ്ജിദിന്റെ അനുബന്ധ കെട്ടിടങ്ങൾ ഡൽഹി മുനിസിപ്പൽ കോർപറേഷൻ (എം.സി.ഡി) ഇടിച്ചു നിരത്തുന്നതിനിടെയുണ്ടായ സംഘർഷത്തിൽ സമാജ് വാദി പാർട്ടി എം.പി മുഹീബുല്ല നദ്‍വിക്ക് പൊലീസ് സമൻസ് അയച്ചു.
സംഘർഷമുണ്ടായപ്പോൾ എം.പിയും അവിടെ ഉണ്ടായിരുന്നുവെന്നും ആവർത്തിച്ച് അഭ്യർഥിച്ചിട്ടും മാറാൻ തയാറായില്ലെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം, സംഘർഷവുമായി ബന്ധപ്പെട്ട് ആറുപേരെ കൂടി അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു എം.സി.ഡി നടപടി തടയാനെത്തിയ സംഘം പൊലീസിനെ കല്ലെറിഞ്ഞവരാണ് അറസ്റ്റിലായതെന്ന് പൊലീസ് വ്യക്തമാക്കി.
ജനക്കൂട്ടത്തെ പ്രകോപിപ്പിച്ച 10 പേരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. അഞ്ച് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ശബ്ദസന്ദേശങ്ങൾ പ്രചരിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ആർ.എസ്.എസ് പശ്ചാത്തലമുള്ള എൻ.ജി.ഒ സേവ് ഇന്ത്യ ഫൗണ്ടേഷൻ ഇടപെടലാണ് പൊളിക്കലിലേക്ക് നയിച്ചത്. സേവ് ഇന്ത്യ ഫൗണ്ടേഷൻ നൽകിയ പരാതിയിൽ എം.സി.ഡി പരിശോധന നടത്തി 1.9 ഏക്കർ ഭൂമി കൈയേറിയതാണെന്ന് റിപ്പോർട്ട് നൽകി.
തുടർന്ന് എൻ.ജി.ഒ ഹൈകോടതിയിൽ പോകുകയും പൊളിക്കൽ ഉത്തരവ് നേടുകയുംചെയ്തു. കേസ് നടക്കുമ്പോൾ ഡൽഹി സർക്കാറിന് കീഴിലുള്ള ഡൽഹി വഖഫ് ബോർഡിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായില്ലെന്ന് അസദുദ്ദീൻ ഉവൈസി കുറ്റപ്പെടുത്തി. വർഷങ്ങൾ പഴക്കമുള്ള പള്ളിയും കടകളും സ്ഥലത്തുണ്ടെന്ന് സമാജ്‍വാദി പാർട്ടി നേതാവ് എസ്.ടി. ഹസൻ പറഞ്ഞു. അനധികൃത കൈയേറ്റം നടന്നിട്ടുണ്ടെങ്കിൽ അതിന് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ ആദ്യം നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

