'വെനിസ്വേലയിലേക്ക് അയച്ചതിനേക്കാൾ വലിയ കപ്പൽപ്പട, ആണവ കരാറിന് തയാറായില്ലെങ്കിൽ ആക്രമണം'; ഇറാന് മുന്നറിയിപ്പുമായി വീണ്ടും ട്രംപ്
text_fieldsവാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ, ഇറാനിലേക്ക് യുദ്ധക്കപ്പലുകൾ വരുന്നുണ്ടെന്ന് ബുധനാഴ്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ഭീഷണി മുഴക്കി. ഈ മാസം ആദ്യം യു.എസ് വെനിസ്വേലയിൽ നടത്തിയ സൈനികനീക്കത്തെയും അദ്ദേഹം പരാമർശിച്ചു. ആണവായുധങ്ങൾ സംബന്ധിച്ച് കരാർ ഉണ്ടാക്കണമെന്നും അല്ലെങ്കിൽ അടുത്ത യു.എസ് ആക്രമണം വളരെ മോശമായിരിക്കും എന്നുമാണ് ട്രംപ് ഇറാന് നൽകുന്ന പുതിയ ഭീഷണി.
"ഒരു വലിയ സൈന്യം ഇറാനിലേക്ക് നീങ്ങുന്നു. അവ വളരെ ശക്തിയോടെയും ഉത്സാഹത്തോടെയും ലക്ഷ്യബോധത്തോടെയും വേഗത്തിൽ നീങ്ങുന്നു. എബ്രഹാം ലിങ്കൺ എന്ന മഹത്തായ വിമാനവാഹിനിക്കപ്പലാണ് അത് നയിക്കുന്നത്. വെനിസ്വേലയിലേക്ക് അയച്ചതിനേക്കാൾ വലിയ കപ്പൽപ്പടയാണത്.
വെനിസ്വേലയിൽ സംഭവിച്ചത് പോലെ ദൗത്യം വേഗത്തിൽ നിറവേറ്റാൻ അവർ തയ്യാറാണ്, സന്നദ്ധരാണ്. ഞാൻ മുമ്പ് ഒരിക്കൽ ഇറാനോട് പറഞ്ഞതുപോലെ, ഒരു കരാർ ഉണ്ടാക്കുക. അവർ അങ്ങനെ ചെയ്തില്ല. അതുകൊണ്ടാണ് ഇറാന് നാശം വിതച്ച ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ സംഭവിച്ചത്. അടുത്ത ആക്രമണം വളരെ മോശമായിരിക്കും. അത് വീണ്ടും ആവർത്തിക്കരുത് " - ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ പറഞ്ഞു.
ഇറാൻ പെട്ടെന്ന് കൂടിക്കാഴ്ച്ചക്കും ആണവായുധങ്ങൾ ഒഴിവാക്കി, എല്ലാവർക്കും നല്ലത് വരുത്തുന്ന ന്യായവും നീതിയുക്തവുമായ കരാറിന് തയ്യാറാകുമെന്നും പ്രതീക്ഷിക്കുന്നതായി ട്രംപ് അറിയിച്ചു. സമയം വൈകിക്കൊണ്ടിരിക്കുന്നു എന്ന ഭീഷണിയും ട്രംപ് ഇറാന് നൽകിയിട്ടുണ്ട്.
അതേസമയം, യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി സമീപ ദിവസങ്ങളിൽ ബന്ധപ്പെടുകയോ ചർച്ചകൾ അഭ്യർത്ഥിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

