കരുത്തോടെ കർഷക പ്രക്ഷോഭം എട്ടാം ദിവസത്തിലേക്ക്, ഇന്ന് വീണ്ടും ചർച്ച
text_fieldsന്യൂഡൽഹി: കൂടുതൽ കരുത്തോടെ കർഷക പ്രക്ഷോഭം എട്ടാം ദിവസത്തിലേക്ക്. സമരം ശക്തമായതോടെ ഡൽഹി അതിർത്തി പ്രദേശങ്ങളിലെ ഗതാഗതം സംവിധാനം താറുമാറായി. ഇതേതുടർന്ന് ഡൽഹി ട്രാഫിക് പൊലീസ് ജനങ്ങളോട് യാത്രക്കായി ബദൽ മാർഗം സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു.
അതേസമയം ഹരിയാന അതിർത്തി പ്രദേശമായ സിങ്കു, തിക്രി, ചില്ല അതിർത്തിയിലെ നോയിഡ ലിങ്ക് റോഡ്, ജരോഡ,ജത്തിക്ര അതിർത്തികൾ അടഞ്ഞുകിടക്കുകയാണ്. ഇരുചക്ര വാഹനങ്ങൾക്ക് മാത്രമായി ബദുസാരായി അതിർത്തി തുറന്നിട്ടിട്ടുണ്ട്.
ഇന്ന് കേന്ദ്രവുമായി നടത്തുന്ന ചർച്ചയിൽ 35 കർഷക സംഘടനകൾ പങ്കെടുക്കും. കഴിഞ്ഞദിവസം കർഷക പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്രം നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. കാർഷിക വിരുദ്ധ കരിനിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷക നേതാക്കൾ ഉറച്ചു നിൽക്കുകയായിരുന്നു.
പ്രശ്നം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നായിരുന്നു കേന്ദ്രം മുന്നോട്ടുവെച്ച നിർദേശം. എന്നാൽ, വിദഗ്ധ സമിതിയെ നിയോഗിക്കേണ്ട സമയമല്ല ഇതെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ പാർലമെന്‍റ് പ്രത്യേക സമ്മേളനം ചേരണമെന്നും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തലസ്ഥാനത്തെ മറ്റ് റോഡുകൾ ഉപരോധിക്കുമെന്നും അവർ പറഞ്ഞു.
രാവിലെ 11 മണിക്ക് വിഗ്യാൻ ഭവനിൽ വെച്ചാണ് യോഗം നടക്കുക. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ, റെയിൽ മന്ത്രി പിയുഷ് ഗോയൽ എന്നിവർ യോഗത്തിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ കർഷകർക്ക് എതിർപ്പുള്ള വിഷയങ്ങൾ എഴുതി അറിയിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ പുതുതായി പാസ്സാക്കിയ മൂന്ന് കാർഷിക നിയമങ്ങളും നിരുപധികം റദാക്കുക എന്നതിനപ്പുറം മറ്റ് ആവശ്യങ്ങൾ മുന്നോട്ട് വെക്കാനില്ലെന്ന് കർഷക സംഘടനകൾ സർക്കാരിനെ അറിയിച്ചു. ചർച്ചയിൽ പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ കർഷക സംഘടനകൾ സമരം കൂടുതൽ വ്യാപിപ്പിക്കും. ഡൽഹിയിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വഴികൾ കൂടി അടക്കാനുള്ള നീക്കമാണ് നടക്കുന്നത്.
അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ ഇന്ന് സന്ദർശിക്കും. കർഷകരുമായി കേന്ദ്രസർക്കാർ നടത്തുന്ന ചർച്ചക്ക് മുമ്പാണ് സന്ദർശനം നടത്തുക. കർഷകപ്രക്ഷോഭത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ചരക്കുനീക്കം സ്തംഭിപ്പിക്കുമെന്ന് ഓള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് (എ.ഐ.എം.ടി.സി) മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡിസംബര്‍ എട്ടു മുതൽ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പണിമുടക്കും.
അതിനിടെ, പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള വഴി തേടി രംഗത്തിറങ്ങിയ ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ, റെയിൽവേ-വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ എന്നിവരുമായി ബുധനാഴ്ച വീണ്ടും ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

