‘ഞങ്ങളുടെ സമയം കളയരുത്’: ഡൽഹിയിലെ പൊലീസ് അതിക്രമത്തിനെതിരായ ഹരജി തള്ളി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർഥികൾക്ക് നേരെ പൊലീസ് ക്രൂരമായ ബലപ്രയോഗവും അതിക്രമവും നടത്തിയെന്ന പരാതികളിൽ അടിയന്തരമായി ഇടപെടാൻ സുപ്രീം കോടതിയും ഡൽഹി ഹൈകോടതിയും വിസമ്മതിച്ചു. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട ഹരജിക്കാരോട് രൂക്ഷമായ ഭാഷയിലാണ് ഇരു കോടതികളും പ്രതികരിച്ചത്.
ഡൽഹിയിൽ വിദ്യാർഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തെക്കുറിച്ച് സൂചിപ്പിച്ച അഭിഭാഷകനോട്, ‘ഞങ്ങളുടെയും നിങ്ങളുടെയും സമയം കളയരുത്’ എന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കി. പ്രക്ഷോഭകർക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിന്റെയും അതിക്രമങ്ങളുടെയും ദൃശ്യങ്ങൾ കൈവശമുണ്ടെന്നും അത് പരിശോധിക്കണമെന്നും ഹരജിക്കാരൻ അഭ്യർത്ഥിച്ചെങ്കിലും കോടതി അത് നിരസിക്കുകയായിരുന്നു.
‘ഞങ്ങൾക്ക് യാതൊരു വിഡിയോയും കാണേണ്ടതില്ല’ എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളുടെ മൗലികാവകാശങ്ങൾ ലംഘിച്ചതിൽ സുപ്രീംകോടതി സ്വമേധയാ കേസ് എടുക്കണമെന്നും, വിഷയത്തിൽ ഒരു സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്നും ആവശ്യമുണ്ടായിരുന്നു.
സുപ്രീം കോടതിക്ക് പുറമെ, ഡൽഹി ഹൈക്കോടതിയും വിഷയത്തിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ചു. ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി അടിയന്തരമായി പരിഗണിക്കാൻ തയാറാകാതിരുന്നത്. എല്ലാ കാര്യങ്ങളിലേക്കും കോടതിയെ വലിച്ചിഴയ്ക്കരുത് എന്ന് പരാമർശിച്ച ഹൈകോടതി ബെഞ്ച്, കേസ് സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി ബുധനാഴ്ച പരിഗണിക്കാൻ മാറ്റിവെക്കുകയായിരുന്നു.
കോക്രോച്ച് ജനതാ പാർട്ടി നൽകിയ ആഹ്വാനത്തെ തുടർന്ന് തിങ്കളാഴ്ചയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് വിദ്യാർഥികളും യുവാക്കളും ഡൽഹിയിലെ തെരുവുകളിലേക്ക് ഒഴുകിയെത്തിയത്. പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച വിദ്യാർഥികൾക്ക് നേരെ നീല കലാപ വിരുദ്ധ യൂണിഫോം ധരിച്ച പൊലീസ് സേന കടുത്ത ബലപ്രയോഗവും ലാത്തിച്ചാർജും നടത്തുകയായിരുന്നു. പൊലീസിന്റെ കടുത്ത അടിച്ചമർത്തലിൽ നൂറുകണക്കിന് വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ജൂൺ 28 മുതൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിന്റെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടന്നു വരികയായിരുന്നു. നീറ്റ് പരീക്ഷാ ചോർച്ചയും വിദ്യാഭ്യാസ മേഖലയിലെ തട്ടിപ്പുകളും ഉയർത്തിക്കാട്ടിയുള്ള ഈ സമരം ജൂലൈ 17 വരെ തികച്ചും സമാധാനപരമായാണ് മുന്നോട്ടുപോയതെന്ന് ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ സമരം 21-ാം ദിവസത്തിലേക്ക് കടന്ന ജൂലൈ 18ന് പൊലീസ് സമരപ്പന്തലിൽ ബലമായി പ്രവേശിക്കുകയായിരുന്നു.
ആരോഗ്യപരമായ കാരണങ്ങളാൽ വാങ്ചുകിനെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, സമരപ്പന്തൽ ബലമായി ഒഴിപ്പിക്കുകയും സമരക്കാരെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി കസ്റ്റഡിയിലെടുക്കുകയുമായിരുന്നെന്ന് ഹരജി ആരോപിക്കുന്നു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ ഭരണഘടനാപരമായ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും ഹരജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

