മമതക്ക് തിരിച്ചടി: ഒരാഴ്ചക്കിടെ രണ്ടാമത്തെ എം.പി കൂടി പാർട്ടി വിട്ടു; സുഷ്മിത ദേവ് രാജിവെച്ചു
text_fieldsസുഷ്മിത ദേവ്
ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി രാജ്യസഭാംഗത്വം രാജിവെച്ച് സുഷ്മിത ദേവ്. മുതിർന്ന നേതാവ് സുഖേന്ദു ശേഖർ റേയ്ക്ക് ശേഷം ഒരാഴ്ചക്കുള്ളിൽ പാർട്ടിയിൽ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ എം.പിയാണ് സുഷ്മിത ദേവ്.
രാജ്യസഭാംഗത്വം രാജിവെച്ചതിന് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി സുഷ്മിത ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഇതോടെ സുഷ്മിത ബി.ജെ.പിയിൽ ചേരാൻ സാധ്യതയുണ്ടെന്നുള്ള സൂചനയും ഉയരുന്നുണ്ട്. അസമിലെ സിൽച്ചറിൽ നിന്നുള്ള മുൻ കോൺഗ്രസ് ലോക്‌സഭാംഗമായിരുന്ന സുഷ്മിത ദേവ് 2019ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം 2021ലാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. പാർട്ടിയിൽ ചുരുങ്ങിയ കാലം കൊണ്ട് ദേശീയ വക്താവ് പദവിയിലെത്തിയ അവർ പിന്നീട് രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന് നൽകിയ കത്തിൽ തന്റെ രാജി ഉടനടി സ്വീകരിക്കണമെന്ന് സുഷ്മിത ദേവ് അഭ്യർത്ഥിച്ചു.
ഒരു വശത്ത് 61 ടി.എം.സി എം.എൽ.എമാർ വിമത നേതാവ് ഋതബ്രത ബാനർജിക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രത്യേക ഗ്രൂപ്പായി മാറിയതിന് പിന്നാലെയാണ് ഡൽഹിയിലും മമതക്ക് ഭാരവാഹികളെ നഷ്ടപ്പെടുന്നത്. കഴിഞ്ഞ 13 വർഷമായി രാജ്യസഭയിൽ തൃണമൂലിന്റെ ചീഫ് വിപ്പായിരുന്ന സുഖേന്ദു ശേഖർ റോയ് കഴിഞ്ഞ ആഴ്ചയാണ് മമത ബാനർജിക്ക് കടുത്ത ഭാഷയിൽ കത്തയച്ച് പദവി ഒഴിഞ്ഞത്. ബംഗാളിലെ വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ, തൊഴിൽ മേഖലകളിലെ തകർച്ചയും ക്രമസമാധാന തകർച്ചയും ചൂണ്ടിക്കാട്ടിയാണ് സുഖേന്ദു പാർട്ടി വിട്ടത്.
പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള രാജിക്കത്തിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണം ബംഗാളിൽ അരാജകത്വമാണ് സൃഷ്ടിച്ചതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ടി.എം.സിയുടെ ശക്തരായ നേതാക്കളിൽ ഒരാളായിരുന്ന സുഖേന്ദു ശേഖർ റേ.
പാർട്ടിയിലെ അഴിമതിയും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും കാരണം ബംഗാളിലെ ജനങ്ങൾ തൃണമൂലിനെ പൂർണ്ണമായി തള്ളിക്കളഞ്ഞതായും സുഖേന്ദു തന്റെ കത്തിൽ ആരോപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ എംപിമാരും എംഎൽഎമാരും പാർട്ടി വിടുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇതിനിടെ മമതാ ബാനർജി ഡൽഹിയിൽ വെച്ച് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ഏകോപനം ശക്തമാക്കാൻ ‘ഇന്ത്യ’ മുന്നണി തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നിർണായക കൂടിക്കാഴ്ച നടന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം മമത നേരിടുന്ന രാഷ്ട്രീയവും സംഘടനാപരവുമായ വെല്ലുവിളികളിൽ കോൺഗ്രസിന്റെ പൂർണ്ണ പിന്തുണ സോണിയ ഗാന്ധി ഉറപ്പുനൽകിയതായാണ് വിവരം. കൊൽക്കത്തയിലെ ടി.എം.സി ആസ്ഥാനത്ത് സി.ഐ.ഡി സംഘം റെയ്ഡ് നടത്തിയ അതേ സമയത്താണ് കൂടിക്കാഴ്ച നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

