Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൃണമൂൽ വിമത വിഭാഗത്തിൽ...

തൃണമൂൽ വിമത വിഭാഗത്തിൽ വീണ്ടും പിളർപ്പോ? മമതക്കെതിരായ ആക്രമണത്തിൽ പ്രതിഷേധവുമായി ഋതബ്രത വിഭാഗത്തിലെ മൂന്ന് എം.എൽ.എമാർ

text_fields
bookmark_border
TMC rebel camp MLAs
cancel

കൊൽക്കത്ത: പശ്ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസിൽ ഋതബ്രത ബാനർജി വിഭാഗത്തിൽ വീണ്ടും പിളർപ്പെന്ന് സൂചന. മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഋതബ്രത ബാനർജി വിഭാഗവുമായി നേരത്തെ സഹകരിച്ചിരുന്ന മൂന്ന് എം.എൽ.എമാർ മമത അനുകൂലികളോടൊപ്പം വേദി പങ്കിട്ടു.

അബ്ദുൽ ഖാലെഖ് മൊല്ല (മെറ്റിയാബ്രൂസ്), മുഹമ്മദ് തൗസീഫ് റഹ്മാൻ (ബസിർഹട്ട് നോർത്ത്), ബിഭാസ് സർദാർ (ബറൂയിപൂർ ഈസ്റ്റ്) എന്നിവരാണ് മമത അനുകൂലികളായ മുതിർന്ന നേതാക്കൾക്കൊപ്പം നിയമസഭാ പരിസരത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തത്. പിന്നീട് ശോഭൻദേവ് ചതോപാധ്യായ, കുനാൽ ഘോഷ് തുടങ്ങിയ നേതാക്കൾക്കൊപ്പം വാർത്താസമ്മേളനത്തിലും ഇവർ പങ്കെടുത്തു.

മമതയുമായുള്ള രാഷ്ട്രീയബന്ധം പരസ്യമായി വ്യക്തമാക്കി മുഹമ്മദ് തൗസീഫ് റഹ്മാൻ എം.എൽ.എ രംഗത്തെത്തി. ‘ദീദി എവിടെയുണ്ടോ, തൗസീഫും അവിടെയുണ്ട്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മമതയുടെ ചിത്രം ഇല്ലാതെ ബസിർഹട്ടിൽ തനിക്ക് പത്ത് വോട്ടുപോലും ലഭിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മമത നൽകിയ ‘ജോരാ ഫുൽ’ ചിഹ്നത്തിലാണ് തങ്ങൾ വിജയിച്ചതെന്നും മമതക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിക്കുക എന്നത് പാർട്ടി എം.എൽ.എമാരുടെ ഉത്തരവാദിത്തമാണെന്നും ബിഭാസ് സർദാർ പറഞ്ഞു. തൃണമൂലിലെ എല്ലാ എം.എൽ.എമാരും പ്രതിഷേധത്തിൽ പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, താൻ ഇപ്പോഴും ഋതബ്രത വിഭാഗത്തോടൊപ്പമാണെങ്കിലും മമതക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിക്കുന്നതിൽ തെറ്റില്ലെന്ന നിലപാട് വ്യക്തമാക്കി അബ്ദുൽ ഖാലെഖ് മൊല്ല രംഗത്തെത്തി. താൻ ഏത് വിഭാഗത്തിലാണെന്ന് പ്രത്യേകം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എം.എൽ.എമാരുടെ നിലപാടുകൾ തന്റെ വിഭാഗത്തിന് തിരിച്ചടിയല്ലെന്ന് ഋതബ്രത ബാനർജി വ്യക്തമാക്കി. ബിഭാസ് സർദാറിന്റെയും മുഹമ്മദ് തൗസീഫ് റഹ്മാന്റെയും നിലപാടിനെക്കുറിച്ച് തനിക്ക് പറയാനാകില്ലെന്നും എന്നാൽ അബ്ദുൽ ഖാലെഖ് മൊല്ല തങ്ങളുടെ വിഭാഗത്തോടൊപ്പമാണെന്നും ഋതബ്രത പറഞ്ഞു. തങ്ങളുടെ വിഭാഗത്തിന് 65 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നും എണ്ണം കുറയില്ലെന്നും ഋതബ്രത അവകാശപ്പെട്ടു. മമത അനുകൂല വിഭാഗത്തിന് കൂടുതൽ ഭൂരിപക്ഷമുണ്ടെങ്കിൽ അത് തെളിയിക്കുന്ന കത്ത് സമർപ്പിക്കണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

തൃണമൂൽ പ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ട് മമത ബാനർജി കുടുംബത്തെ സന്ദർശിക്കാനെത്തിയപ്പോഴാണ് ഹലിശഹറിൽ സംഘർഷമുണ്ടായത്. മമതയുടെ വാഹനത്തിന് നേരെ കല്ലും ചെളിയും ചെരിപ്പും എറിഞ്ഞതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. സംഭവത്തെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മമത അനുകൂല വിഭാഗം പ്രതിഷേധം സംഘടിപ്പിച്ചു.

കൊൽക്കത്തയിലെ വിവിധ സ്ഥലങ്ങളിലും നിയമസഭാ പരിസരത്തും നടന്ന പ്രതിഷേധങ്ങളിൽ നിരവധി തൃണമൂൽ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. ഹസ്റയിൽ 30 പേരെയും ശ്യാംബസാറിൽ 15 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി തൃണമൂൽ നേതാക്കൾ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeWest BengalTrinamool CongressRitabrata Banerjee
News Summary - തൃണമൂൽ വിമത വിഭാഗത്തിൽ വീണ്ടും പിളർപ്പോ | മമതക്കെതിരായ ആക്രമണത്തിൽ പ്രതിഷേധവുമായി ഋതബ്രത വിഭാഗത്തിലെ മൂന്ന് എംഎൽഎമാർ
Next Story