പൊലീസിന്റെ കൺമുന്നിൽ മമതയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; സംഭവം കസ്റ്റഡിയിൽ മരിച്ച പാർട്ടി പ്രവർത്തകന്റെ വീട് സന്ദർശിക്കവെ
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിലെ ഉത്തര 24 പർഗാനാസ് ജില്ലയിൽ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ കാറിനുനേരെ ആക്രമണം. പൊലീസ് കസ്റ്റഡിയിൽ മരിച്ച പാർട്ടി പ്രവർത്തകന്റെ വീട് സന്ദർശിക്കവേ ഹലിഷറിൽ വെച്ചാണ് മമതയുടെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധവും കല്ലേറുമുണ്ടായത്. അപരിചിതരായ ചിലർ ഇഷ്ടികയും കല്ലും ഉപയോഗിച്ച് കാർ ആക്രമിക്കുകയായിരുന്നുവെന്നും, ചില്ലുകൾ തകർന്ന് താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടായിരുന്നുവെന്നും മമത ബാനർജി ആരോപിച്ചു. സംഭവത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും അക്രമത്തെ അപലപിക്കുന്നുവെന്നും സംസ്ഥാന ബി.ജെ.പി വ്യക്തമാക്കി.
കസ്റ്റഡിയിൽ മരിച്ച തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ ബിർജു കേയോട്ടിന്റെ കുടുംബത്തെ സന്ദർശിക്കാൻ പോകവെയാണ് ഹലിഷറിൽ മമതക്ക് നേരെ കടുത്ത പ്രതിഷേധമുണ്ടായത്. തൃണമൂൽ അധ്യക്ഷയുടെ കാറിനെ വളഞ്ഞ പ്രതിഷേധക്കാർ വാഹനത്തിൽ ചെളി പുരട്ടുകയും ചെരുപ്പുകളും വെള്ളക്കുപ്പികളും എറിയുകയും ചെയ്തു. ‘കള്ളന്മാരെ തുരത്തുക’ മുദ്രാവാക്യങ്ങൾ മുഴക്കിയ പ്രതിഷേധക്കാരെ തടയാൻ പൊലീസ് പാടുപെടുന്ന കാഴ്ചയാണ് കണ്ടത്.
വാഹനത്തിന്റെ ചില്ലുകൾ അടച്ചിരുന്നില്ലെങ്കിൽ കല്ലും ഇഷ്ടികയും തന്റെ തല തുളച്ചുകയറുമായിരുന്നുവെന്നും താൻ കൊല്ലപ്പെടുമായിരുന്നുവെന്നും മമത മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
‘പൊലീസിന്റെ കൺമുന്നിലാണ് സാമൂഹ്യവിരുദ്ധർ കാറിനുനേരെ കല്ലെറിഞ്ഞത്. എന്റെ കാറിന്റെ ചില്ലുകൾ അടച്ചിരുന്നില്ലെങ്കിൽ അത് എന്റെ തല തുളച്ചുകയറുമായിരുന്നു. എനിക്ക് ജീവൻ നഷ്ടപ്പെടുമായിരുന്നു. ഇതുപോലെയൊരു ആക്രമണം ഞാൻ മുമ്പ് നേരിട്ടിട്ടില്ല. പൊലീസ് ഞങ്ങളെ സംരക്ഷിക്കാൻ ഒന്നും ചെയ്തില്ല. ബി.ജെ.പിക്ക് മാത്രമാണ് അവർ സംരക്ഷണം നൽകുന്നത്’- മമത കുറ്റപ്പെടുത്തി.
മമതയോടൊപ്പം യാത്ര ചെയ്തിരുന്ന ലോക്സഭാംഗം കല്യാൺ ബാനർജി, രാജ്യസഭാംഗം ഡോല സെൻ എന്നിവരും ഭരണകൂടത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി.
അതേസമയം, ആക്രമണത്തെ അപലപിച്ച സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ സമീക് ഭട്ടാചാര്യ, സംഭവവുമായി പാർട്ടുക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മമതയുടെ അനന്തരവനും തൃണമൂൽ എം.പിയുമായ അഭിഷേക് ബാനർജിക്ക് നേരെ സ്വന്തം തട്ടകത്തിലുണ്ടായ ആക്രമണത്തിന് മാസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവം.
കാഞ്ചറപാറ മുൻ കൗൺസിലർ ജെന്നി ശർമയുടെ ഭർത്താവും തൃണമൂൽ പ്രവർത്തകനുമായ ബിർജു കേയോട്ടിന്റെ വസതി സന്ദർശിക്കാനാണ് മമതയെത്തിയത്. പണം തട്ടിയെടുത്തെന്നാരോപിച്ച് അറസ്റ്റിലായ ബിർജുവിനെ കഴിഞ്ഞ വെള്ളിയാഴ്ച കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. എന്നാൽ ലോക്കപ്പിൽ വെച്ച് ക്രൂരമായ മർദനത്തിനും പീഡനത്തിനുമാണ് ഭർത്താവ് ഇരയായതെന്ന് ജെന്നി ശർമ ആരോപിച്ചിരുന്നു.എഫ്.ഐ.ആറിൽ പേരുപോലുമില്ലാത്തയാളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്ന് അഭിഷേക് ബാനർജി ശക്തമായി വിമർശിച്ചു.
കസ്റ്റഡി മരണത്തിലെ ഗുരുതര ആരോപണങ്ങളിൽ പൊലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

