തിരുപ്പറകുൺറം: വിജയ് സർക്കാർ ഉറച്ച നിലപാടിൽ, നിരവധി ബി.ജെ.പി പ്രവർത്തകർ വീട്ടുതടങ്കലിൽ
text_fieldsതിരുവണ്ണാമലൈയിൽ കാർത്തിക ദീപത്തോടനുബന്ധിച്ച് ക്ഷേത്രത്തിനുള്ളിൽ തെളിയിച്ച ഭരണി ദീപവുമായി പൂജാരിമാർ എഴുന്നള്ളിക്കുന്നു
ചെന്നൈ: തമിഴ്നാട്ടിലെ മധുര തിരുപ്പറകുൺറം മലമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീംകോടതി അനുമതി നൽകിയതിനു പിന്നാലെ പ്രദേശത്ത് കനത്ത സുരക്ഷ. ക്രമസമാധാനം ഉറപ്പാക്കാൻ 5,618 പൊലീസുകാരെയാണ് വിന്യസിച്ചത്. അതേസമയം, ബി.ജെ.പി, ഹിന്ദു മുന്നണി പ്രവർത്തകരടക്കം 750ഓളം പേരെ വീട്ടുതടങ്കലിലാക്കിയെന്ന് ബി.ജെ.പി ആരോപിച്ചു.
മുഖ്യമന്ത്രി സി. ജോസഫ് വിജയ് മുതിർന്ന പൊലീസ്, നിയമ ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്തു. പ്രദേശത്ത് 70ലധികം സി.സി.ടി.വി ക്യാമറകളും ബോംബ് സ്ക്വാഡ് പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്.
മധുരയിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞയും പ്രഖ്യാപിച്ചു. പൊതുയോഗങ്ങൾക്കും പ്രകടനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മലകയറുന്നതിനും വിലക്കേർപ്പെടുത്തി.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കിയെന്നാണ് പാർട്ടിയുടെ ആരോപണം. നാലു തെക്കൻ ജില്ലകളിലായി 750ഓളം പ്രവർത്തകരെ തടഞ്ഞുവെച്ചതായും ബി.ജെ.പി ഐ.ടി വിഭാഗം സംസ്ഥാന സെക്രട്ടറി ശക്തികൃഷ്ണൻ ആരോപിച്ചു.
സിക്കന്ദർ ബാദുഷ ദർഗയ്ക്ക് സമീപമുള്ള പുരാതന ദീപത്തൂണിൽ ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം. 2025ൽ ഡി.എം.കെ സർക്കാർ അനുമതി നിഷേധിച്ചതിനെത്തുടർന്നുണ്ടായ നിയമപോരാട്ടത്തിൽ മദ്രാസ് ഹൈകോടതി അനുകൂല ഉത്തരവ് നൽകിയിരുന്നു.
ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും നവംബർ 20ലെ ഉത്തരവിൽ നവംബർ 24ന് ദീപം തെളിയിക്കാൻ അനുമതി നൽകി. ഉത്തരവിനെതിരെ സംസ്ഥാന ഹിന്ദു മത-ധർമദായ വകുപ്പ് പുനഃപരിശോധനാ ഹരജിയും നൽകിയിട്ടുണ്ട്.
ദീപം തെളിയിക്കൽ വിഷയത്തിൽ ബി.ജെ.പി, കോൺഗ്രസ്, എ.ഐ.എ.ഡി.എം.കെ നേതാക്കൾ തമ്മിലുള്ള രാഷ്ട്രീയ ആരോപണപ്രത്യാരോപണങ്ങളും ശക്തമാണ്.

