ഉരുകി രാജ്യ തലസ്ഥാനം: തുടർച്ചയായ നാലാം ദിവസവും രേഖപ്പെടുത്തിയത് ഉയർന്ന താപനില, ഉത്തർപ്രദേശിൽ റെഡ് അലർട്ട്
text_fieldsന്യൂഡൽഹി: തലസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും ഉയർന്ന താപനില രേഖപ്പെടുത്തി. ഡൽഹി-എൻ.സി.ആർ മേഖലയിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും നിലവിലെ സാഹചര്യം തുടരാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടുത്ത ചൂടിനെത്തുടർന്ന് ഡൽഹിയിൽ വൈദ്യുതി ഉപയോഗം ഈ സീസണിലെ ഏറ്റവും ഉയർന്ന നിരക്കായ 8,231 മെഗാവാട്ടിലെത്തി. ബുധനാഴ്ചയാണ് വർഷത്തിൽ ആദ്യമായി വൈദ്യുതി ഉപയോഗം 8,000 മെഗാവാട്ട് കടന്നത്.
വടക്കുപടിഞ്ഞാറൻ ഇന്ത‍്യയിലും, മധ്യ ഇന്ത്യയിലും, കിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളിലും, തെക്കുകിഴക്കൻ തീരപ്രദേശങ്ങളിലും പകൽ താപനില 40 ഡിഗ്രി സെൽഷ്യസ് മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ഉത്തർപ്രദേശിലെ ബന്ദയിലാണ്. 47.6 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ബ്രഹ്മപുരി, ഛത്തീസ്ഗഢിലെ രാജ്നന്ദ്ഗാവ്, ഉത്തർപ്രദേശിലെ പ്രയാഗ് രാജ് തുടങ്ങിയവയാണ് ഉയർന്ന താപനില രേഖപ്പെടുത്തിയ മറ്റ് സ്ഥലങ്ങൾ. മേയ് 28 വരെ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കടുത്ത ഉഷ്ണതരംഗം തുടരാനാണ് സാധ്യത.
അതേ സമയം ഉത്തർപ്രദേശിലെ സ്ഥിതി കൂടുതൽ ഗുരുതരമായികൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ കടുത്ത ഉഷ്ണതരംഗത്തിനും ചൂടേറിയ കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് അടുത്ത മൂന്ന് ദിവസത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പല ജില്ലകളിലും താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. വരുന്ന ഒരാഴ്ചത്തേക്ക് കാര്യമായ ആശ്വാസം പ്രതീക്ഷിക്കേണ്ടതില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

