തൊഴിലുറപ്പ് പദ്ധതി: മഹാത്മജിയെ വെട്ടി, ഇനി ‘വി.ബി.ജി.റാം.ജി’ പദ്ധതി; ഘടനയും മാറ്റുന്നു
text_fieldsന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ഘടന അടിമുടി മാറ്റുന്ന ബില് നാടകീയ നീക്കങ്ങൾക്കിടയിൽ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കാതെ മാറ്റിവെച്ചു. പേരിൽനിന്ന് മഹാത്മാഗാന്ധിയെ വെട്ടിമാറ്റുന്ന ബിൽ തൊഴിലുറപ്പ് പദ്ധതിക്കായുള്ള സാമ്പത്തിക ബാധ്യതയുടെ അധികഭാരം സംസ്ഥാനങ്ങളുടെ മുതുകിന് മേൽ വെക്കുന്നതാണ്. നിലവിലുണ്ടായിരുന്ന തൊഴിലുറപ്പ് നിയമം തൊഴിൽ അവകാശമാക്കി മാറ്റിയിരുന്നുവെങ്കിൽ അതില്ലാതാക്കി കേവലമൊരു കേന്ദ്ര തൊഴിൽ പദ്ധതിയാക്കി തൊഴിലുറപ്പിനെ മാറ്റുകയാണ് ചെയ്യുന്നത്.
പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയ കാര്യംപോലും സ്വകാര്യമാക്കി വെച്ച് തിങ്കളാഴ്ച തിരക്കിട്ട് അധിക അജണ്ടയായി കൊണ്ടുവന്ന ബില്ലാണ് ഒടുവിൽ അവതരിപ്പിക്കാതെ മാറ്റിവെച്ചത്. നിലവിലുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം അക്ഷരാർഥത്തിൽ മാറ്റിമറിക്കുന്ന ബിൽ ഓരോ സാമ്പത്തിക വർഷവും സംസ്ഥാനങ്ങൾക്കുള്ള തൊഴിലുറപ്പ് വിഹിതം കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നു. വി.ബി-ജി- റാം-ജി (വികസിത് ഭാരത് - ഗ്യാരന്റി ഫോർ റോസ് ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)) ബിൽ, 2005 എന്ന പേരിൽ കൊണ്ടുവന്ന പുതിയ നിയമനിർമാണത്തിൽ കേന്ദ്ര സംസ്ഥാന വിഹിതം 60:40 അനുപാതത്തിലാക്കാൻ വ്യവസ്ഥ ചെയ്യുന്നുമുണ്ട്. വിമർശനവുമായി സഖ്യകക്ഷിയായ തെലുഗുദേശം പാർട്ടി രംഗത്തുവന്നിട്ടുണ്ട്.
എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ഉത്തരഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ ഹിമാലയൻ സംസ്ഥാനങ്ങളെയും അധിക സാമ്പത്തിക ബാധ്യതയിൽനിന്ന് ഒഴിവാക്കി 90:10 അനുപാതം എന്ന നിലയിലാക്കി.
100 തൊഴിൽ ദിനങ്ങൾ 125 ആയി വർധിപ്പിക്കുമെന്ന് പറയുന്നുണ്ട്. എന്നാൽ, പുതിയ നിയമത്തിലെ ആറാം വകുപ്പ് കാർഷിക സീസണിൽ 60 ദിവസം വരെ തൊഴിലുറപ്പിന് നിരോധനം ഏർപ്പെടുത്തുന്നുണ്ടെന്നും അതിനാൽ ദിവസങ്ങൾ വർധിപ്പിച്ചത് കൊണ്ട് പ്രയോജനം ചെയ്യില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. സംസ്ഥാനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിയതോടെ തൊഴിൽ ദിനങ്ങൾ പരമാവധി 75-ലെത്താനേ സാധ്യതയുള്ളൂ എന്നും പ്രതിപക്ഷം വിമർശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

