പരുത്തിയുടെ ഇറക്കുമതി തീരുവയിൽ ഇളവ് നൽകി കേന്ദ്രം
text_fieldsഡൽഹി: ഇന്ത്യയിലെ തുണിത്തര വ്യവസായ മേഖലയെ സഹായിക്കുന്നതിനായി പരുത്തി ഇറക്കുമതി ചെയ്യുന്നതിനുള്ള ഇറക്കുമതി നികുതി കേന്ദ്ര സർക്കാർ പൂർണ്ണമായും ഒഴിവാക്കി. വരും മാസങ്ങളിൽ ഈ മേഖലക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 2026 ജൂൺ ഒന്ന് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന ഈ ഇളവ് ഒക്ടോബർ 31 വരെ അഞ്ച് മാസക്കാലത്തേക്ക് തുടരും. ഇതിനുമുമ്പ് 11 ശതമാനമായിരുന്ന ഇറക്കുമതി നികുതിയാണ് ഇപ്പോൾ താൽക്കാലികമായി നീക്കിയിരിക്കുന്നത്.
ഈ വിലക്കുറവ് തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും ഉത്പാദനച്ചെലവ് ഗണ്യമായി കുറക്കാൻ സഹായിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഇത് നിർമ്മാതാക്കൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആശ്വാസകരമാകും. അതേസമയം രാജ്യത്തെ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെയാണ് ഈ തീരുമാനം എടുത്തിട്ടുള്ളതെന്നും പ്രത്യേകിച്ച് ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്ക് ഈ നീക്കം വലിയ രീതിയിൽ കരുത്താകുമെന്നും അവർ കൂട്ടിച്ചേർത്തു.
ആഗോള വിപണിയിലെ കടുത്ത മത്സരങ്ങൾക്കിടയിൽ ഇന്ത്യൻ തുണിത്തര വ്യവസായ മേഖലക്ക് കൂടുതൽ മത്സരക്ഷമത കൈവരിക്കാൻ ഈ തീരുമാനം സഹായിക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ടെക്സ്റ്റൈൽ ഇൻഡസ്ട്രി അറിയിച്ചു. ശ്രീലങ്ക, ബംഗ്ലാദേശ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ ഇതിനകം തന്നെ നികുതിയില്ലാതെ പരുത്തി ഇറക്കുമതി ചെയ്യുന്നതിനാൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യ കടുത്ത വെല്ലുവിളി നേരിടുകയായിരുന്നു. നികുതി ഒഴിവാക്കിയതോടെ ഇന്ത്യ അടുത്തിടെ ഒപ്പുവെച്ച വിവിധ സ്വതന്ത്ര വ്യാപാര കരാറുകളുടെ ആനുകൂല്യങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ കയറ്റുമതിക്കാർക്ക് സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

