വിജയ് സർക്കാറിന്‍റെ സ്വർണ മോതിര പദ്ധതി: അര്‍ഹർ ആര്? എങ്ങനെ അപേക്ഷിക്കാം?
text_fieldsതമിഴ്നാട്: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും. ജി.ആർ.എച്ച് ഓഡിറ്റോറിയത്തിൽ വെച്ച് 25 നവജാത ശിശുക്കൾക്ക് അദ്ദേഹം സ്വർണ മോതിരങ്ങൾ സമ്മാനിക്കും. കൂടാതെ അന്ന് ജനിച്ച കുഞ്ഞുങ്ങൾക്ക് മോതിരം നേരിട്ട് നൽകാനായി അദ്ദേഹം പ്രസവ വാർഡും സന്ദർശിക്കും.
പദ്ധതിയുടെ പ്രത്യേകതകളും അർഹതയും
പദ്ധതി പ്രകാരം സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന അർഹരായ ഓരോ നവജാത ശിശുവിനും 22 കാരറ്റിലുള്ള ഒരു ഗ്രാം സ്വർണ മോതിരം ലഭിക്കും. ഇതിന് അർഹത നേടാൻ നവജാത ശിശുവിന്‍റെ മാതാവ് തമിഴ്നാട്ടിലെ സ്ഥിരതാമസക്കാരി ആയിരിക്കണം.
ധനസഹായവും ബജറ്റും: പദ്ധതിക്കായി സംസ്ഥാന സർക്കാർ വാർഷിക ചെലവായി 755.83 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 1.28 ലക്ഷം സ്വർണ്ണ മോതിരങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.
സുതാര്യത: സ്വർണ്ണ മോതിരങ്ങളിൽ തനതായ സീരിയൽ നമ്പറുകൾ ഉണ്ടായിരിക്കും. ടാമ്പർ പ്രൂഫ് പാക്കേജിങ്ങിലാണ് വിതരണം ചെയ്യുക.
ഒഴിവാക്കിയ പ്രദേശങ്ങൾ: ഒക്ടോബർ 6ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങൾക്ക് കീഴിലുള്ള പ്രദേശങ്ങൾ ഒഴികെ സംസ്ഥാനത്തുടനീളം പദ്ധതി നടപ്പിലാക്കും.
എങ്ങനെ ലഭിക്കും?
അർഹരായ ഗുണഭോക്താക്കൾ പ്രഗ്നൻസി ആൻഡ് ഇൻഫന്റ് കോഹാർട്ട് മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ (PICME) സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തവരും റീപ്രൊഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്ത് (RCH) ഐ.ഡി ഉള്ളവരുമായിരിക്കണം. ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോഴാണ് സ്വർണ മോതിരങ്ങൾ നൽകുക.
സർക്കാറിന്‍റെ കണക്കുപ്രകാരം തമിഴ്‌നാട്ടിൽ പ്രതിവർഷം 7.80 ലക്ഷത്തോളം കുട്ടികൾ ജനിക്കുന്നുണ്ട്. നാഷണൽ ഫാമിലി ഹെൽത്ത് സർവേ-6 പ്രകാരം ഇതിൽ 99.9 ശതമാനം പ്രസവങ്ങളും ആരോഗ്യ സ്ഥാപനങ്ങളിലാണ് നടക്കുന്നത്. ഇതിൽ ഏകദേശം 4.20 ലക്ഷം പ്രസവങ്ങൾ (53%) സർക്കാർ ആശുപത്രികളിലാണ് നടക്കുന്നത്. ഇതിൽ 90 ശതമാനം സർക്കാർ പ്രസവങ്ങളും സമഗ്രമായ അടിയന്തര പ്രസവ, നവജാത ശിശു സംരക്ഷണ കേന്ദ്രങ്ങളായ സെന്‍ററുകളിലും.
സുതാര്യത ഉറപ്പാക്കാനുള്ള സമിതിയും വിതരണവും
പ്രാദേശികമായി പദ്ധതി നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്നതിനും ഇൻവെന്‍ററി ട്രാക്ക് ചെയ്യുന്നതിനും വിതരണത്തിലെ സുതാര്യത ഉറപ്പാക്കുന്നതിനുമായി അതത് ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രത്യേക നിരീക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്.
മോതിരങ്ങൾ വിതരണം ചെയ്യുന്നതിനായി ജോയ് ആലുക്കാസ്, കല്യാൺ ജ്വല്ലേഴ്സ് എന്നിവർക്ക് വർക്ക് ഓർഡറുകൾ നൽകിയിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച സർക്കാർ ഉത്തരവ് 2026 ജൂൺ 23ന് പുറത്തിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

