`ജനാധിപത്യത്തിന്‍റെ മരണം': ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധം കൈകാര്യം ചെയ്തതിൽ വിമർശനവുമായി ശശി തരൂർ
text_fieldsന്യൂഡൽഹി: പാർലമെന്‍റിൽ കറുത്ത വസ്ത്രം ധരിക്കാനുള്ള പ്രതിപക്ഷത്തിന്‍റെ തീരുമാനം `പ്രതിഷേധത്തിന്‍റെയും വിലാപത്തിന്‍റെയും പ്രതീകമാണെന്ന്' ശശി തരൂർ എം.പി. രാജ്യം ജനാധിപത്യത്തിന്‍റെ മരണത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്നും എം.പി ആരോപിച്ചു.
ജന്തർ മന്തറിൽ തുടരുന്ന വിദ്യാർഥി പ്രതിഷേധം കൈകാര്യം ചെയ്ത രീതിയെ വിമർശിക്കുകയും പ്രതിഷേധക്കാരായ വിദ്യാർഥികളുമായി ചർച്ച നടത്തുന്നതിന് പകരം സാഹചര്യം വഷളാക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘കറുത്ത വസ്ത്രങ്ങൾ പ്രതിഷേധത്തിന്‍റെയും വിലാപത്തിന്‍റെയും സൂചനയാണ്. കാരണം ജനാധിപത്യത്തിന്‍റെ മരണത്തിനാണ് നമ്മൾ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. യാഥാർഥ്യമെന്തെന്നാൽ ഇതിൽ രാഷ്ട്രീയം കടന്നുവന്നിട്ടുണ്ട്. ഒരു വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ കഴിയാതെ വരികയും അത് ഇത്തരത്തിലുള്ള ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായും രാഷ്ട്രീയം അതിലേക്ക് കടന്നുവരും. എന്നാൽ പ്രധാന വിഷയം വിദ്യാർഥികളുടെ വികാരമാണ്. അവർ രാജ്യത്തിന്റെ ഭാവിയാണ്. അവർ വഞ്ചിക്കപ്പെട്ടുവെന്നും അവഗണിക്കപ്പെട്ടുവെന്നും തോന്നുന്നുവെങ്കിൽ, അവരുമായി സംവദിക്കാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ അവസരം നൽകേണ്ടത്’- തരൂർ പറഞ്ഞു.
കാര്യങ്ങൾ വഷളായതും വിദ്യാർഥികളെ ലാത്തിയും അക്രമവുമായി നേരിട്ടതും തെറ്റായ നടപടിയാണെന്നും ഇതിനോടുള്ള ഗവൺമെന്‍റിന്‍റെ നയം മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചില വ്യവസ്ഥകൾക്ക് അധിഷ്ടിതമായി ചർച്ചകൾ നടന്നാൽ എല്ലാവർക്കും കാര്യങ്ങൾ പറയാൻ ഒരുപോലെ അവസരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ സന്ദർശിച്ചെങ്കിലും അഭ്സംബോധന ചെയ്തില്ലെന്നും അവരെ കേൾക്കാനും അവരുടെ മനസ്സിലുള്ളത് കാണാനുമാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് അതിക്രമങ്ങളെക്കുറിച്ച് അതിഭീകരമായ കഥകളാണ് സമരക്കാർ പങ്കുവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളെയും എം.പി ചോദ്യം ചെയ്തു. മെട്രോ സ്റ്റേഷനുകളും നഗരത്തിന്റെ പ്രധാന ഭാഗങ്ങളും അടച്ചുപൂട്ടുന്നതിന് പിന്നിലെ യുക്തി എന്താണെന്ന് മനസ്സിലാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

