‘തായ് മാമൻ തങ്ക മോതിരം’; തമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം, പദ്ധതി പ്രഖ്യാപിച്ച് വിജയ്
text_fieldsചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഒരു ഗ്രാം സ്വർണമോതിരം സമ്മാനമായി നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ‘തായ് മാമൻ തങ്ക മോതിരം’ എന്ന് പേര് നൽകിയിരിക്കുന്ന ഈ പദ്ധതിക്ക് പ്രതിവർഷം 755.83 കോടി രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭരണകക്ഷിയായ ടി.വി.കെയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് ഇതോടെ യാഥാർഥ്യമാകുന്നത്.
മുൻ മുഖ്യമന്ത്രി സി.എൻ. അണ്ണാദുരൈയുടെ ജന്മവാർഷിക ദിനമായ സെപ്റ്റംബർ 15ന് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. എങ്കിലും, മുഖ്യമന്ത്രി വിജയ്‌യുടെ ജന്മദിനമായ 2026 ജൂൺ 22 മുതൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിച്ച മുഴുവൻ കുഞ്ഞുങ്ങൾക്കും മുൻകാല പ്രാബല്യത്തോടെ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് വാർത്തക്കുറിപ്പിൽ സർക്കാർ വ്യക്തമാക്കി.
പെൺകുഞ്ഞെന്നോ ആൺകുഞ്ഞെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാ പ്രസവങ്ങൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പ്രസവങ്ങളുടെ എണ്ണത്തിന് യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെയായിരിക്കും അമ്മമാർക്ക് ഈ ആനുകൂല്യം കൈമാറുക. ആർ.സി.എച്ച് ഐഡിയുള്ള, പിക്മിയിൽ രജിസ്റ്റർ ചെയ്ത അമ്മമാർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
തമിഴ്‌നാട് മെഡിക്കൽ സർവിസസ് കോർപറേഷൻ വഴിയാണ് സ്വർണ്ണമോതിരങ്ങൾ സംഭരിക്കുന്നത്. സുരക്ഷിതമായി പാക്ക് ചെയ്ത ഇൻഷുർ ചെയ്ത ബോക്സുകളിൽ നിർമാതാക്കളിൽനിന്ന് നേരിട്ടായിരിക്കും ഇവ ആശുപത്രികളിൽ എത്തിക്കുക. തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ പ്രതിവർഷം നാല് ലക്ഷത്തോളം കുട്ടികളാണ് ജനിക്കുന്നത്. സർക്കാർ മെഡിക്കൽ സൗകര്യങ്ങളിൽ നടക്കുന്ന പ്രസവങ്ങളിൽ 54 ശതമാനവും മെഡിക്കൽ കോളജ് ആശുപത്രികളിലാണ്. 37 ശതമാനം പ്രസവങ്ങൾ ജില്ല-താലൂക്ക് ആശുപത്രികളിലും ഒമ്പത് ശതമാനം പ്രൈമറി ഹെൽത്ത് സെന്ററുകളിലുമാണ് നടക്കുന്നത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഒരു സ്റ്റേറ്റ് പ്രോജക്ട് അല്ലെങ്കിൽ പ്രോഗ്രാം മാനേജ്‌മെന്റ് യൂനിറ്റ് രൂപവത്കരിക്കും. എല്ലാ മാസവും സ്റ്റോക്ക് കൃത്യമായി പരിശോധിക്കാൻ ഓരോ ജില്ലയിലും പ്രത്യേക ലോജിസ്റ്റിക്സ് മാനേജർമാരെയും സംസ്ഥാന തലത്തിൽ ഒരു നോഡൽ ഓഫിസറെയും നിയമിക്കുമെന്ന് പദ്ധതി സർക്കുലറിൽ പറയുന്നു.
സാധാരണക്കാർക്ക് സർക്കാർ ആരോഗ്യ സംവിധാനങ്ങളെ കേവലമൊരു ആശ്രയമെന്നതിനപ്പുറം, അന്തസ്സോടെയും അഭിമാനത്തോടെയും ഒരു ജനനത്തെ ആഘോഷമാക്കാനുള്ള വേദിയാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

