Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റീൽസ് വിവാദത്തിൽ രാജിവെച്ച് സർക്കാർ സ്കൂൾ അധ്യാപിക; രാജി പ്രഖ്യാപനം ഇൻസ്റ്റഗ്രാമിലൂടെ

text_fields
bookmark_border
Telangana Government teacher
cancel

ഹൈദരാബാദ്: ഇൻസ്റ്റഗ്രാം റീൽസ് വിവാദത്തിൽ അകപ്പെട്ട സർക്കാർ സ്കൂൾ അധ്യാപിക രാജിവെച്ചു. റീൽസിലൂടെ തുടർച്ചയായി സ്വകാര്യ സ്കൂളുകളെ പുകഴ്ത്തിയെന്ന ആരോപണത്തെ തുടർന്ന് സസ്പെൻഷനിലായിരുന്ന ഭുക്യ ഗൗതമിയാണ് തെലങ്കാന സർക്കാർ സർവീസിൽ നിന്ന് 12 വർഷത്തെ സേവനം അവസാനിപ്പിച്ച് രാജിവെച്ചത്.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വികാരനിർഭരമായ വിഡിയോയിലൂടെയായിരുന്നു അധ്യാപികയുടെ രാജി​പ്രഖ്യാപനം. സസ്പെൻഷനെ തുടർന്നുണ്ടായ മാനസിക സമ്മർദം, ഓൺലൈൻ അധിക്ഷേപം, ജോലിസ്ഥലത്തെ അപമാനം എന്നിവയാണ് രാജിക്ക് കാരണമെന്ന് അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.

ഖമ്മം ജില്ലയിലെ മാമില്ലഗുഡം ഹൈസ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയായിരുന്ന ഗൗതമിയെ ഈ വർഷം ജനുവരിയിലാണ് വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്. ഇൻസ്റ്റഗ്രാം റീലുകളിലൂടെ ഒരു സ്വകാര്യ സ്കൂളിന്റെ പ്രവേശനം പ്രോത്സാഹിപ്പിച്ചെന്നും സർക്കാർ സ്കൂളിലെ ചുമതലകൾ അവഗണിച്ചെന്നുമായിരുന്നു ആരോപണം. സസ്പെൻഷന് ശേഷവും തനിക്ക് തുടർച്ചയായി അപമാനവും മാനസിക പീഡനവും നേരിടേണ്ടിവന്നുവെന്ന് അധ്യാപിക വിഡിയോയിൽ പറയുന്നു. പുനർനിയമനത്തിനായി ജില്ലാ വിദ്യാഭ്യാസ ഓഫീസറെ സമീപിച്ചപ്പോൾ മണിക്കൂറുകളോളം കാത്തിരുത്തിയെന്നും അപമാനിച്ചെന്നും അവർ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപവും സഹപ്രവർത്തകരിൽ നിന്നുള്ള സമ്മർദവും തന്റെ മാനസികാവസ്ഥയെ ഗുരുതരമായി ബാധിച്ചതായും അവർ കൂട്ടിച്ചേർത്തു.

അതേസമയം, വിവാദമായ റീലുകൾ വീട്ടിൽവച്ചാണ് ചിത്രീകരിച്ചതെന്നും സ്കൂൾ സമയത്തല്ല ചിത്രീകരിച്ചതെന്നും ഗൗതമി വിശദീകരിച്ചു. ഏകദേശം 12 വർഷമായി ആത്മാർഥമായി അധ്യാപികയായി സേവനം ചെയ്തുവെന്നും ഒരിക്കലും വിദ്യാർഥികളോടുള്ള ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും അവർ അവകാശപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആദിവാസി കുടുംബത്തിൽ നിന്നാണ് താൻ വരുന്നതെന്നും, പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും അവർ പറഞ്ഞു. ഗൗതമിക്ക് ഇൻസ്റ്റഗ്രാമിൽ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - റീൽസ് വിവാദത്തിൽ രാജിവെച്ച് സർക്കാർ സ്കൂൾ അധ്യാപിക | രാജി പ്രഖ്യാപനം ഇൻസ്റ്റഗ്രാമിലൂടെ
Next Story