ബിഹാറിൽ ആർക്കുവേണ്ടിയാണ് പി.കെ ഗോദയിലിറങ്ങുന്നത്?
text_fieldsപട്നയിൽ നടന്ന വാർത്തസമ്മേളനത്തിൽ പ്രശാന്ത് കിഷോർ സംസാരിക്കുന്നു
‘ജനതാ കെ സുന്ദർ രാജ് കേ ലിയേ, ബിഹാർ കെ ബദൽവ് കേ ലിയേ’: ഇക്കാലമത്രയും തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്നറിയപ്പെട്ടിരുന്ന പ്രശാന്ത് കിഷോർ ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ജൻ സൂരാജ് പാർട്ടിയുമായി രംഗത്തിറങ്ങുമ്പോൾ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം ഇതാണ്.
‘ജനങ്ങളുടെ മനോഹരമായ ഭരണത്തിനുവേണ്ടി, ബിഹാറിന്റെ മാറ്റത്തിനായി’ എന്ന് പരാവർത്തനം ചെയ്യാം. തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകാൻ പ്രശാന്ത് കിഷോർ എന്ന പി.കെ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ ഒന്നുകിൽ തന്നെ ഏറ്റവും മുകളിലെത്തിക്കുക, അല്ലെങ്കിൽ താഴേക്കെറിയുക.
എൻ.ഡി.എക്കും ഇൻഡ്യ സഖ്യത്തിനും ഇടയിൽ സ്വന്തമായൊരു ഇടമുണ്ടാക്കിയെടുക്കുക എന്നതാണ് പി.കെയുടെ ലക്ഷ്യം. ഡേറ്റ മുൻനിർത്തിയുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളും മറ്റും മെനഞ്ഞാണ് പി.കെയുടെ നീക്കങ്ങൾ. തെരഞ്ഞെടുപ്പ് ഫലപ്രവചനങ്ങളിലൂന്നിയും അദ്ദേഹം പ്രവർത്തിക്കുന്നു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന നിലയിൽ പലപ്പോഴും അതു പാളിപ്പോയിട്ടുണ്ട്. 2024ൽ, എൻ.ഡി.എക്ക് 400ൽ അധികം സീറ്റുകൾ പ്രവചിച്ചിരുന്നു. ബിഹാറിന്റെ പ്രശ്നങ്ങൾക്കുള്ള ഒറ്റമൂലി എന്ന നിലയിലാണ് പി.കെ സ്വയം അവതരിച്ചിരിക്കുന്നത്. എന്നാൽ, ആർ.ജെ.ഡിയും ബി.ജെ.പിയും പരസ്പരം അദ്ദേഹത്തെ എതിരാളികളുടെ ‘ബി’ ടീമായി ആരോപിക്കുന്നു. തങ്ങളുടെ വോട്ടുബാങ്കുകളെ പിളർത്തുകയാണ് പി.കെയുടെ തന്ത്രമെന്നും അത് ബി.ജെ.പിക്കാണ് ഗുണം ചെയ്യുക എന്നും നിരീക്ഷിച്ചാണ് ആർ.ജെ.ഡി അദ്ദേഹത്തിന്റെ പാർട്ടിയെ ബി.ജെ.പിയുടെ ബി ടീം എന്ന് വിശേഷിപ്പിക്കുന്നത്. 40 സീറ്റുകളാണ് ജൻ സൂരാജ് പാർട്ടി ആദ്യം മുസ്‍ലിംകൾക്കായി നീക്കിവെച്ചത്. ഒടുവിലത്, 31ലേക്ക് ചുരുങ്ങിയെങ്കിലും മറ്റൊരു രാഷ്ട്രീയ പാർട്ടിയും ഈ തെരഞ്ഞെടുപ്പിൽ ഇത്രയും മുസ്‍ലിം പ്രാതിനിധ്യം നൽകിയിട്ടില്ല. പ്രധാനമായും ആറ് പ്രശ്നങ്ങളാണ് ബിഹാറിനുള്ളതെന്ന് ജൻ സൂരജ് പാർട്ടി പറയുന്നു: തൊഴിലില്ലായ്മ, കുടിയേറ്റം, കുറ്റകൃത്യം, ആരോഗ്യമേഖലയുടെ ശോച്യാവസ്ഥ, അഴിമതി, വിദ്യാഭ്യാസ നിലവാരമില്ലായ്മ. ബിഹാറിൽ വർഗീയത പി.കെ ഒരു പ്രശ്നമായി കാണാത്തതെന്തേ എന്ന് രാഷ്ട്രീയ നിരീക്ഷകർ ചോദിക്കുന്നുണ്ട്. പി.കെയുടെ നീക്കങ്ങൾ മുസ്‍ലിം വിഭാഗത്തെ ആശങ്കയിലാഴ്ത്തുന്നതും ഈ സമീപനം കാരണമാണ്.
പ്രശാന്ത് കിഷോർ ആർ.ജെ.ഡിയുടെ ബി ടീം എന്ന് വിശേഷിപ്പിക്കാൻ എൻ.ഡി.എക്കുമുണ്ട് കാരണങ്ങൾ. ബി.ജെ.പിയുടെയും ജെ.ഡി.യുവിന്റെ ഏതാനും നേതാക്കൾക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചു എന്നതാണ് അതിലൊന്ന്. ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ സമ്രാട്ട് ചൗധരിക്കെതിരെ വ്യാജ ബിരുദ ആരോപണം വരെ പി.കെ ഉന്നയിച്ചിട്ടുണ്ട്. ജെ.ഡി.യു നേതാവിന്റെ അനധികൃത സ്വത്ത് സമ്പാദ്യത്തെക്കുറിച്ചും ആരോപണം തൊടുത്തു. പക്ഷേ, ഈ ആരോപണങ്ങളെല്ലാം ഇപ്പോൾ പി.കെ മയപ്പെടുത്തിയെന്നാണ് ആർ.ജെ.ഡിയുടെ വിമർശനം.
നേരത്തേയുള്ള പ്രവചനങ്ങളിൽ ഭേദഗതി വരുത്തിയതും രാഷ്ട്രീയ നിരീക്ഷകർ ചർച്ചയാക്കിയിട്ടുണ്ട്. നിതീഷ് കുമാറിന് 25ൽ കൂടുതൽ സീറ്റ് കിട്ടില്ലെന്നും പ്രവചനം തെറ്റിയാൽ താൻ രാഷ്ട്രീയം വിടുമെന്നുമായിരുന്നു തുടക്കത്തിൽ അദ്ദേഹം പറഞ്ഞത്. ബിഹാറിൽ എൻ.ഡി.എ ഭരണം അവസാനിക്കുമെന്നും ജനഹിതം ജൻ സൂരജിനും ആർ.ജെ.ഡിക്കും ഇടയിലായിരിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ, ആർ.ജെ.ഡിക്ക് 30-35 സീറ്റേ ലഭിക്കൂവെന്നും മത്സരമിപ്പോൾ എൻ.ഡി.എയും തന്റെ പാർട്ടിയും തമ്മിലാണെന്നുമാണ് ഒടുവിലത്തെ പ്രവചനം. എൻ.ഡി.എക്കെതിരായ ഭരണവിരുദ്ധ വികാരവോട്ടുകൾ ഇൻഡ്യ മുന്നണിക്ക് പോകുന്നത് തടയാനും അതുവഴി ബി.ജെ.പിയെ സഹായിക്കാനുമുള്ള പി.കെയുടെ തന്ത്രമായി ഈ പ്രവചന മാറ്റത്തെ വിലയിരുത്തുന്നവരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

