ബിഹാർ: ജൻ സുരാജ് സ്ഥാനാർഥികളെ അമിത് ഷാ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നു; ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോർ
text_fieldsഅമിത് ഷാ, പ്രശാന്ത് കിഷോർ
പട്ന: ബിഹാറിൽ തെരഞ്ഞെടുപ്പ് പോരാട്ടച്ചൂട് കനക്കവെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബി.ജെ.പിയെയും പ്രതിക്കൂട്ടിലാക്കി ഗുരുതര ആരോപണവുമായി ജൻ സുരാജ് പാർട്ടി സ്ഥാപക നേതാവും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ.
നവംബറിൽ നടക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ പ്രധാന മണ്ഡലങ്ങളിൽ മത്സര രംഗത്തുള്ള ജൻ സുരാജ് പാർട്ടിയുടെ സ്ഥാനാർഥികളെ ആഭ്യന്തര മന്ത്രി അമിത് ഷായും, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ചേർന്ന് ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നതായ് പട്നയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രശാന്ത് കിഷോർ ആരോപിച്ചു. തെരഞ്ഞെടുപ്പിൽ തോൽവി ഭീതി മുന്നിൽ കണ്ടാണ് ബി.ജെ.പി നേതാക്കൾ സ്ഥാനാർഥികൾക്കെതിരെ ഭീഷണിയും സമ്മർദ തന്ത്രവും പ്രയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ, സാധാരണ വോട്ടർമാർക്ക് എങ്ങനെ സുരക്ഷയൊരുക്കുമെന്നും അദ്ദേഹം ചോദിച്ചു.
ദനാപൂർ മണ്ഡലത്തിലെ തങ്ങളുടെ പാർട്ടി സ്ഥാനാർഥിയായ അഖിലേഷ് കുമാറിനെ നാമനിർദേശ പത്രിക സമർപ്പിക്കാൻ അനുവദിക്കാതെ അമിത് ഷായുടെ നേതൃത്വത്തിൽ തടഞ്ഞു വെച്ചതായി പ്രശാന്ത് കിഷോർ ആരോപിച്ചു. ‘ആർ.ജെ.ഡി ഗുണ്ടകൾ തന്നെ ബന്ദിയാക്കിയെന്നായിരുന്നു അദ്ദേഹം പ്രവർത്തകരോട് പറഞ്ഞത്. എന്നാൽ, യഥാർത്ഥത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത്. പത്രിക സമർപ്പിക്കാൻ ഒരുങ്ങിയ സ്ഥാനാർത്ഥിയെ തടയാൻ ആഭ്യന്തരമന്ത്രിക്ക് എങ്ങനെ കഴിയുന്നു ?. ബിജെപിയുടെ യഥാർത്ഥ മുഖം ഇതാണ്. വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണം -പ്രശാന്ത് കിഷോർ പറഞ്ഞു.
തങ്ങളുടെ മൂന്ന് സ്ഥാനാർഥികളുടെ പത്രിക പിൻവലിപ്പിക്കുന്നതിൽ കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രധാന പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു.
ജൻ സുരാജിന്റെ ബ്രഹംപൂർ സ്ഥാനാർഥിക്കൊപ്പം ധർമേന്ദ്ര നിൽക്കുന്ന ചിത്രവും പാർട്ടി നേതാവ് പുറത്തു വിട്ടു.
എൻ.ഡി.എയുടെ ഭാഗമായ എൽ.ജെ.പി സ്ഥാനാർഥി മത്സരിക്കുന്ന ബ്രഹംപൂരിൽ പൊതുസ്വീകാര്യനും പട്നയിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറുമായ തിവാരിയായിരുന്നു ജൻ സുരാജ് സ്ഥാനാർഥി. മൂന്നു ദിവസം പ്രചാരണ രംഗത്ത് സജീവമായിരുന്ന ഇദ്ദേഹത്തിന്റെ പെട്ടന്നുള്ള പിൻമാറ്റം ദുരൂഹമാണ്. കേന്ദ്രമന്ത്രി സന്ദർശിച്ച ശേഷമാണ് അദ്ദേഹം പിൻമാറിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഒരു കേന്ദ്രമന്ത്രി എതിർ സ്ഥാനാർത്ഥിയെ കാണാനെത്തുന്നത് പുതിയ കീഴ്വഴക്കമാണ്.
ഗോപാൽഗഞ്ചിലെ സ്ഥാനാർഥി ഡോ. ശശി ശേഖർ സിൻഹയെയും ഭീഷണിപ്പെടുത്തി നാമനിർദേശം പിൽവലിപ്പിച്ചതായി പ്രശാന്ത് കിശോർ പറഞ്ഞു. ‘പ്രചാരണ രംഗത്ത് സജീവമായിരിക്കെ രണ്ടു ദിവസം മുമ്പ് വിളിച്ച് ബി.ജെ.പി നേതൃത്വത്തിന്റെ സമ്മർദത്തെ കുറിച്ച് പറഞ്ഞിരുന്നു. എന്നാൽ, പാർട്ടിക്കൊപ്പം തുടരുമെന്നും പറഞ്ഞു. എന്നാൽ, രണ്ടു മണിക്കൂറിനു ശേഷം സ്ഥാനാർഥിത്തം പിൻവലിച്ച് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അദ്ദേഹം അപ്രത്യക്ഷനായി’.
കുംറാറിലെ സ്ഥാനാർഥി പ്രഫ. കെ.സി സിൻഹയും ബി.ജെ.പി പ്രാദേശിക നേതൃത്വത്തിന്റെ ഭീഷണി നേരിടുകയാണ്. വത്മീകി നഗർ മണ്ഡലത്തിലെ ഡോ. നാരായൺ പ്രസാദ് രണ്ടു വർഷം മുമ്പ് സ്കൂൾ അധ്യാപക ജോലി രാജിവെച്ച് പാർട്ടിയിൽ പ്രവേശിച്ചയാളാണ്. തെരഞ്ഞെടുപ്പ് മത്സര രംഗത്തിറങ്ങിയപ്പോൾ, ജോലിയിൽ നിന്നുള്ള രാജി സ്വീകരിച്ചിട്ടില്ലെന്നും, ഇപ്പോഴും സർവീസിലുണ്ടെന്നും ചൂണ്ടികാണിച്ച് അയോഗ്യനാക്കിയതായും പ്രശാന്ത് കിഷോർ ആരോപിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സമാനമായ ഭീഷണി പെടുത്തലും സമ്മർദങ്ങളും തുടരുകയാണെന്ന് തെളിവുകൾ സഹിതം വെളിപ്പെടുത്തി.
സ്ഥാനാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ തെരഞെഞടുപ്പ് കമ്മീഷൻ എങനെയാണ് വോട്ടർമാരെ സംരക്ഷിക്കുന്നതെന്നും ചോദിചചു. സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി മത്സര രംഗത്തു നിന്നും പിൻവലിക്കാൻ കഴിയുമെങ്കിൽ, പോളിങ് ദിവസം വോട്ടർമാരെ ഭയപ്പെടുത്തുന്ന പാർട്ടികളെ എങ്ങനെ തടയാൻ കഴിയുമെന്നും ചോദിച്ചു.
സംസ്ഥാനത്തെ 240 മണ്ഡലങ്ങളിലുളള തങ്ങളുടെ 14 സ്ഥാനാർഥികൾക്കെതിരെ ബി.ജെ.പിയുടെ ഭീഷണിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
34 മുസ്‍ലികളും, 54 പിന്നാക്ക വിഭാഗക്കാരും ഉൾപ്പെടെയുള്ള സ്ഥാനാർഥികളെ ജൻ സുരാജ് മത്സര രംഗത്തിറക്കിയതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

