ബൈക്കുയാത്രികനുമായി തർക്കം, ഒടുവിൽ ആൾക്കൂട്ടത്തിലേക്ക് എസ്.യു.വി ഇടിച്ചുകയറ്റി; വിഡിയോ വൈറൽ
text_fieldsന്യൂഡൽഹി: ബൈക്ക് യാത്രികനുമായുള്ള തർക്കത്തെ തുടർന്ന് രോഷാകുലനായ കാർ ഡ്രൈവർ തന്റെ എസ്.യു.വി നിരവധി പേരുടെ ദേഹത്തേക്ക് ഓടിച്ചുകയറ്റി. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെ കാർ ഡ്രൈവറെ തിരിച്ചറിയുകയും മണിക്കൂറുകൾക്കകം ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഒക്ടോബർ 26ന് നോർത്ത് ഡൽഹിയിലെ അലിപൂർ മേഖലയിൽ ഇടുങ്ങിയ പാതയിലൂടെ കടന്നുപോകുകയായിരുന്ന കാർ ബൈക്കിൽ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ കാർ ഡ്രൈവറും ബൈക്കിലുണ്ടായിരുന്നയാളും തമ്മിൽ തർക്കവും വാക്കേറ്റവും ഉണ്ടായി.
ഉടൻ നാട്ടുകാർ ഇടപെട്ട് രംഗം ശാന്തമാക്കിയെങ്കിലും രോഷാകുലനായ കാർ ഡ്രൈവർ അവിടെ കൂടിയിരുന്നവരുടെ ഇടയിലേക്ക് വാഹനം ഓടിച്ചുകയറ്റി. ആളുകളെ ഇടിച്ചിട്ട ശേഷം കാർ കുറച്ച് നേരം നിർത്തിയിടുന്നതും പ്രദേശത്ത് നിന്ന് രക്ഷപ്പെടുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറെ ഇയാളുടെ വീട്ടിൽ നിന്നു അറസ്റ്റ് ചെയ്തത്.
അതേസമയം, ഡൽഹിക്ക് സമീപം ഗാസിയാബാദിൽ ഹോട്ടലിന് പുറത്ത് വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 35 കാരൻ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ഭയാനകമായ സംഭവത്തിൽ, നാട്ടുകാർ നോക്കിനിൽക്കെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

