20 വർഷം ജോലിചെയ്തിട്ടും ജൂനിയർ എൻജിനീയർമാരെ സ്ഥിരപ്പെടുത്തിയില്ല; എം.സി.ഡിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
text_fieldsന്യൂഡൽഹി: ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ച്ചയെയും അതുകൊണ്ടുണ്ടായ കാലതാമസത്തെയും സുപ്രീം കോടതി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. 2 പതിറ്റാണ്ടിലേറെയായി നീതിക്കായി പോരാടിയ ജീവനക്കാർക്ക് 2006-ൽ യഥാർത്ഥ സ്ഥാനക്കയറ്റം ലഭിച്ച തീയതി മുതൽ തന്നെ സർവീസ് സ്ഥിരപ്പെടുത്താൻ അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. വർഷങ്ങളായി നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്കും കാത്തിരിപ്പിനുമാണ് ഇതിലൂടെ വിരാമമാകുന്നത്.
റിക്രൂട്ട്മെന്റ് ചട്ടപ്രകാരമുള്ള മത്സരപ്പരീക്ഷ എഴുതുന്നതിൽ നിന്ന് മുൻസിപ്പൽ കോർപ്പറേഷൻ ഓഫ് ഡെൽഹി ഇളവ് നൽകിയതിനെ തുടർന്ന് 2006-ലാണ് സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗങ്ങളിലായി ജീവനക്കാർ ജൂനിയർ എൻജിനീയർമാരായി താൽക്കാലികമായി സ്ഥാനക്കയറ്റം നേടിയത്. ഇതിൽ സിവിൽ വിഭാഗത്തിൽ 12 പേരും ഇലക്ട്രിക്കൽ വിഭാഗത്തിൽ 2 പേരുമാണ് ഉൾപ്പെട്ടിരുന്നത്. ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ പരിഗണനയിലായിരുന്ന ഈ വിഷയം നീണ്ടുപോയെങ്കിലും യാതൊരു തടസ്സവുമില്ലാതെ ആറ് വർഷത്തോളം ഇവർ ജോലി തുടർന്നു. എന്നാൽ സർക്കാരിൽ നിന്ന് അന്തിമ തീരുമാനമൊന്നും വരാത്തതിനെ തുടർന്ന് 2012 ജൂണിൽ ഇവരെ തഴയുകയായിരുന്നു.
തുടർന്ന് ഡെൽഹി ഹൈക്കോടതിയുടെയും സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെയും ഇടപെടലുകൾ ഉണ്ടായെങ്കിലും വർഷങ്ങളോളം ഫയലുകൾ അനങ്ങാതെ കിടന്നു. കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്തതിന് ശേഷം മാത്രമാണ് ലഫ്റ്റനന്റ് ഗവർണർ ഇതിൽ ഇളവ് അനുവദിക്കാൻ തയാറായത്. എന്നാൽ ലഫ്റ്റനന്റ് ഗവർണറുടെ അനുമതി ലഭിച്ച തീയതിയായ 2022 മാർച്ച് 31 മുതൽ മാത്രമാണ് ഇവരുടെ സ്ഥാനക്കയറ്റം ഔദ്യോഗികമായി സ്ഥിരപ്പെടുത്തിയത്. ഈ നടപടിയെയാണ് സുപ്രീം കോടതി ശക്തമായി ചോദ്യം ചെയ്തത്.
2006-ൽ നൽകിയ ഇളവ് പിന്നീട് വന്ന അംഗീകാരത്തിലൂടെ അന്നത്തെ തീയതി മുതൽ തന്നെ ബാധകമാകുന്നതാണെന്ന് കോടതി വ്യക്തമാക്കി. ഹരജിക്കാർക്ക് 2006 മുതലുള്ള എല്ലാ ആനുകൂല്യങ്ങളും മുൻകാല പ്രാബല്യത്തോടെ നൽകണമെന്നും അരിയറും പെൻഷൻ ഉൾപ്പെടെയുള്ള വിരമിക്കൽ ആനുകൂല്യങ്ങളും പുനഃക്രമീകരിക്കണമെന്നും ഡൽഹി മുനിസിപ്പൽ കോർപ്പറേഷന് കോടതി കർശന നിർദ്ദേശം നൽകി. രാജിവെച്ചവരോ അച്ചടക്ക നടപടി നേരിട്ടവരോ ഒഴികെ അന്നത്തെ കേസിൽ ഉൾപ്പെട്ടിരുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ഈ വിധി തുല്യമായി ബാധകമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

