പാക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുന്നവരാണോ?, ഈ കാര്യങ്ങൾ അറിയാൻ നിങ്ങൾക്ക് അവകാശമുണ്ട്’
text_fieldsന്യൂഡൽഹി: പാക്കറ്റ് ഭക്ഷണങ്ങളിൽ പഞ്ചസാര, ഉപ്പ്, പൂരിത കൊഴുപ്പ് എന്നിവയുടെ അളവ് വ്യക്തമാക്കുന്ന മുന്നറിയിപ്പ് ലേബലുകൾ നടപ്പാക്കാൻ കേന്ദ്ര സർക്കാറിന് സുപ്രീംകോടതി അന്ത്യശാസനം. സർക്കാറിനിത് സാധിക്കില്ലെങ്കിൽ കോടതി ചെയ്യുമെന്ന് ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പു നൽകി.
ലേബലിങ് നടപ്പാക്കാൻ ആവശ്യപ്പെട്ട് ഫെബ്രുവരി 10ന് നൽകിയ ഉത്തരവ് വെറുതെയല്ലെന്നും പൗരന്മാരുടെ ആരോഗ്യത്തെ ബാധിക്കുന്ന വിഷയമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ, കോർപറേറ്റ് സമ്മർദങ്ങൾക്ക് വഴിപ്പെടരുതെന്ന് കേന്ദ്ര സർക്കാറിനോടും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയോടും (എഫ്.എസ്.എസ്.എ.ഐ) സുപ്രീംകോടതി തുറന്നടിച്ചു. ലേബലിങ്ങിനോട് വ്യവസായ മേഖല എതിർപ്പ് പ്രകടിപ്പിക്കുന്നുവെന്ന എഫ്.എസ്.എസ്.എ.ഐയുടെ നിലപാടാണ് കോടതിയെ പ്രകോപിപ്പിച്ചത്.
മാർച്ച് ഏഴിന് ചേർന്ന എഫ്.എസ്.എസ്.എ.ഐ യോഗത്തിന്റെ മിനുട്സ് പരിശോധിച്ചപ്പോൾ, കോടതിയുടെ മുൻ ഉത്തരവുകൾക്ക് വിരുദ്ധമായ തീരുമാനങ്ങളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ഹരജിക്കാർ ചൂണ്ടിക്കാണിച്ചു. ഭക്ഷണപ്പൊതികളിൽ മുന്നറിയിപ്പ് ലേബലുകൾ പതിക്കുന്നതിന് വ്യവസായ മേഖല എതിരാണെന്നും അതിനാൽ പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവയുടെ ദൈനംദിന ഉപയോഗ അളവ് സംബന്ധിച്ച പട്ടിക നൽകിയാൽ മതിയെന്നുമാണ് എഫ്.എസ്.എസ്.എ.ഐ യോഗത്തിൽ നിർദേശിച്ചിരുന്നത്. വിഷയത്തിൽ, സർക്കാറിന് നടപടിയെടുക്കാൻ താൽപര്യമില്ലേ എന്ന് ചോദിച്ച കോടതി കോർപറേറ്റ് സ്ഥാപനങ്ങളുടെ സമ്മർദത്തിന് സർക്കാർ വഴങ്ങുകയാണെന്നും നിരീക്ഷിച്ചു. എന്തുകൊണ്ട് ഉത്തരവ് നടപ്പിലാക്കുന്നില്ലെന്നും ഇതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്നും വ്യക്തമാക്കാൻ സർക്കാറിനോട് ബെഞ്ച് ആവശ്യപ്പെട്ടു. ഉൽപന്നങ്ങളുടെ വിൽപന തടയുകയല്ല മുന്നറിയിപ്പ് ലേബലുകളുടെ ലക്ഷ്യമെന്നും മറിച്ച്, തങ്ങൾ എന്താണ് ഉപഭോഗം ചെയ്യുന്നതെന്ന് ഉപഭോക്താവിനെ അറിയിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി.
ലേബലിങ് നിർദേശം നടപ്പിലാക്കാൻ കേന്ദ്ര സർക്കാറിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ച കോടതി, കേസ് വീണ്ടും പരിഗണിക്കുമ്പോൾ അന്തിമ വിധി പ്രസ്താവിക്കുമെന്നും മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

