ആളിപ്പടർന്ന് വിദ്യാർഥി പ്രക്ഷോഭം; സമരം ഏറ്റെടുത്ത് കൂടുതൽ നഗരങ്ങൾ
text_fieldsനീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ
പ്രതിഷേധിക്കുന്ന ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഹിബി ഈഡൻ, സുപ്രിയ സുലെ തുടങ്ങിയവർ
ന്യൂഡൽഹി: പ്രതിഷേധക്കൊടുങ്കാറ്റിൽ പാറ്റകൾ പറന്നപ്പോൾ സമരം ഡൽഹിയെ കൂടാതെ മറ്റിടങ്ങളിലേക്കുകൂടി വ്യാപിക്കുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ‘പാറ്റപാർട്ടി’ഡൽഹിയിലെ ജന്തർമന്തറിൽ ആരംഭിച്ച വിദ്യാർഥി പ്രക്ഷോഭം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നു.
പട്ന, മുംബൈ, ബംഗളൂരു, കൊൽക്കത്ത, ചെന്നൈ, ജയ്പുർ, ഡറാഡൂൺ, ഗുവാഹതി, ഹൈദരാബാദ്, തൂത്തുക്കുടി തുടങ്ങിയ നഗരങ്ങളിൽ വിദ്യാർഥികളും യുവജനങ്ങളും തെരുവിലിറങ്ങി. ജെ.എൻ.യു, അലീഗഢ് അടക്കം നിരവധി സർവകലാശാലകളിലും സമരം വിദ്യാർഥികൾ ഏറ്റെടുത്തു. പട്നയിലെ സമരം വലിയ സംഘർഷത്തിലേക്ക് വഴിമാറി. പട്നയിൽ പ്രതിഷേധക്കാരും പൊലീസും നിരവധി തവണ ഏറ്റുമുട്ടി. കേന്ദ്ര സർക്കാർ വിഷയത്തിൽ കൃത്യമായ നടപടി സ്വീകരിക്കുന്നതുവരെയും വിദ്യാഭ്യാസ മന്ത്രി രാജിവെക്കുന്നതുവരെയും സമരം തുടരുമെന്ന് സി.ജെ.പി വക്താക്കൾ പറഞ്ഞു.
ഡൽഹി യുദ്ധക്കളം
ഡൽഹി യുദ്ധക്കളത്തിന് സമാനമായ രീതിയിൽ ബാരിക്കേഡുകളും പൊലീസ് സന്നാഹങ്ങളും കൊണ്ട് വീർപ്പുമുട്ടിക്കുകയാണ്. ജന്തർമന്തറിലെ സമരസ്ഥലത്തേക്ക് ആളുകൾ എത്തുന്നത് തടയാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചത്. നിസാമുദ്ദീൻ അടക്കമുള്ള പ്രദേശങ്ങളിൽ ഓട്ടോറിക്ഷകളിൽ സഞ്ചരിച്ചിരുന്ന വിദ്യാർഥികളെ പൊലീസ് തടഞ്ഞുനിർത്തി വഴിയിൽ ഇറക്കിവിട്ടു. ആളുകൾ ജന്തർമന്തറിലേക്ക് എത്തുന്നത് തടയാൻ വ്യാഴാഴ്ചയും രാജീവ് ചൗക്ക്, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ് തുടങ്ങി 16 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. ആളുകളെ മുൻകൂട്ടി തടങ്കലിൽ വെക്കാനുള്ള പൊലീസിന്റെ അധികാരം ഒക്ടോബർ 18 വരെ ഡൽഹി ലഫ്. ഗവർണർ നീട്ടി നൽകി.
സി.ജെ.പിയുടെ രാജ്യവ്യാപക പ്രതിഷേധം
ന്യൂഡൽഹി: ഡൽഹിയിൽ പൊലീസ് അതിക്രമത്തിന് ഇരയായ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെള്ളിയാഴ്ച രാജ്യവ്യാപകമായി സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്ത് സി.ജെ.പി. ‘ഒരു ജില്ല, ഒരു ദിവസം, ഒരു ആവശ്യം’എന്ന മുദ്രാവാക്യമുയർത്തി എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. പ്രാദേശിക വിദ്യാർഥി, സാമൂഹിക സംഘടനകളുമായി സഹകരിച്ച് സമരം ഏകോപിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പൊലീസ് അനുമതി വാങ്ങി പൂർണമായും സമാധാനപരമാകും പ്രതിഷേധമെന്ന് നേതാക്കൾ പറഞ്ഞു. സമരത്തിനുശേഷം വിദ്യാർഥികളുടെ ആവശ്യങ്ങളും പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചുള്ള വിവരങ്ങളും അടങ്ങിയ നിവേദനം അതത് ജില്ല അധികാരികൾക്ക് സമർപ്പിക്കും.
മുംബൈയിൽ 400 പേർക്കെതിരെ കേസ്
മുംബൈ: നീറ്റ് ക്രമക്കേടിനും വിദ്യാർഥികൾക്ക് നേരെയുള്ള ഡൽഹി പൊലീസ് അതിക്രമത്തിനുമെതിരെ മുംബൈയിലും പ്രതിഷേധം കനക്കുന്നു. മുംബൈ പൊലീസ്പ്രഖ്യാപിച്ച നിരോധനാജ്ഞ വകവെക്കാതെ ശിവജി പാർക്ക്, ചെമ്പൂർ, പവായ്, ചൈത്യഭൂമി, ആസാദ് മൈതാൻ തുടങ്ങിയ ഇടങ്ങളിൽ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 13 കേസുകൾ രജിസ്റ്റർ ചെയ്ത മുംബൈ പൊലീസ് 400 ഓളം പേരെയാണ് അറസ്റ്റ് ചെയ്തത്. നിരവധി പേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. വിദ്യാർഥികളുടെ ഭാവിയെ അപകടപ്പെടുത്തുന്ന കള്ള ക്കേസുകൾ പിൻവലിക്കണമെന്ന് കോൺഗ്രസ് ഡി.ജി.പിക്കും മുംബൈ പൊലീസ് കമീഷണർക്കും കത്തുനൽകി. പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പും നൽകി.
സമാധാനപരമായ സമരങ്ങൾ പൊലീസ് തടയുന്നതിനും നിരോധനാജ്ഞ പ്രഖ്യാപിച്ചതിനുമെതിരെ ബോംബെ ഹൈകോടതി അഭിഭാഷകർ രംഗത്തുവന്നു. 15 ദിവസത്തിൽ കൂടുതൽ നിരോധനാജ്ഞ സർക്കാറിനേ പ്രഖ്യാപിക്കാനാകൂ എന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏഴ് മുതൽ ചൊവ്വാഴ്ച വരെ നിരോധനാജ്ഞ നിലവിലുണ്ടായിരുന്നു. 24 മണിക്കൂർ ഇടവേളക്ക് ശേഷമാണ് വീണ്ടും നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. സമരക്കാരെ തുരത്താനാണ് ഇതെന്നും അവർ ആരോപിച്ചു.
സമരക്കാരുടെ കൂട്ട അറസ്റ്റിലുള്ള ഉത്ക്കണ്ഠയും രേഖപ്പെടുത്തി. ഇതിനിടയിൽ താൻ പ്രഖ്യാപിച്ച ബന്ദ് തുടങ്ങും മുമ്പെ പൊലീസ് 3,500ഓളം അനുയായികളെ കസ്റ്റഡിയിലെടുത്തതായി വഞ്ചിത് ബഹുജൻ അഘാഡി അധ്യക്ഷൻ പ്രകാശ് അംബേദ്കർ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

