കൊടുങ്കാറ്റ്: ഇരുട്ടിലായി ഡൽഹി, രണ്ട് മരണം. മരങ്ങൾ കടപുഴകി
text_fieldsന്യൂഡൽഹി: ബുധനാഴ്ച രാത്രി എട്ടു മണിയോടെ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. രണ്ടുപേർ മരിച്ചു. 11 പേർക്ക് പരിക്കുണ്ട്. നിസാമുദ്ദീൻ മേഖലയിൽ ഇലക്ട്രിക് പോസ്റ്റ് വീണാണ് ഭിന്നശേഷിക്കാരനായ ഒരാൾ മരിച്ചത്. 22 വയസുള്ള യുവാവാണ് മരിച്ച മറ്റൊരാൾ. നഗരത്തിൽ പലയിടങ്ങളിലുംമരങ്ങൾ വീണും മറ്റുമാണ് നിരവധി പേർക്ക് പരിക്കേറ്റത്.
ബുധനാഴ്ച രാത്രി എട്ടു മണിയോടെ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. കൊടുങ്കാറ്റ് വീശിയതിനെ തുടർന്ന് കനത്ത മഴയും ആലിപ്പഴ വർഷവും ഉണ്ടായി.
വൈദ്യുതി തടസ്സം, ഗതാഗതക്കുരുക്ക് എന്നിവ കാരണം ജനജീവിതം ദുസ്സഹമായി. കൊടുങ്കാറ്റിനെ തുടർന്ന് ഉണ്ടായ പൊടിക്കാറ്റിൽ കാഴ്ചപരിധി കുറഞ്ഞു. ഡൽഹി, നോയിഡ, ഗുഡ്ഗാവ്, ഗാസിയാബാദ് എന്നിവിടങ്ങളിലെ പല ഭാഗങ്ങളിലും ശക്തമായ ആലിപ്പഴ വർഷവും പേമാരിയും ഉണ്ടായി. നോയിഡയിൽ ആലിപ്പഴവർഷം മേൽക്കൂരകളെയും റോഡുകളെയും തകർത്തു. ഡൽഹി-എൻ.സി.ആറിൽ പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടു. ശക്തമായ കാറ്റും മഴയും മൂലം മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ തകരാറിലായി.
പലഭാഗങ്ങളും ഇരുട്ടിലായി. നോയിഡ-ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേ, കാളിന്ദി കുഞ്ച് അതിർത്തി, ഡി.എൻ.ഡി ഫ്ലൈവേ എന്നിവയുൾപ്പെടെ പ്രധാന ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പലയിടത്തും മരങ്ങളും ബാനറുകളും വീണതിനെ തുടർന്ന് കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കാറ്റും മഴയും ഡൽഹി മെട്രോ സർവീസുകളെ സാരമായി ബാധിച്ചു. ഷഹീദ് നഗർ, ജഹാംഗീർപുരി, നിസാമുദ്ദീൻ എന്നിവയുൾപ്പെടെ നിരവധി സ്റ്റേഷനുകളിൽ സർവീസ് താൽക്കാലികമായി നിർത്തിവെച്ചു.
റെഡ്, യെല്ലോ ലൈനുകളിൽ വൈകുന്നേരം വരെ തടസ്സങ്ങൾ തുടർന്നു. പിങ്ക് ലൈൻ സർവീസുകൾ രാത്രി 9.18 ന് പുനരാരംഭിച്ചു. മരങ്ങളും മറ്റും വീണുകിടന്നതിനാലാണ് പ്രശ്‌നങ്ങൾ ഉണ്ടായതെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു. സ്ഥിതിഗതികൾ പൂർവസ്ഥിതിയിലാക്കാൻ ടീമുകൾ രൂപീകരിച്ച് വേഗത്തിൽ പ്രവർത്തിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

