വിജയ് സർക്കാർ നടത്തുന്ന വൈദ്യുതി ഇടപാടിൽ സമഗ്രമായ അന്വേഷണം വേണമെന്ന് എം.കെ സ്റ്റാലിൻ
text_fieldsവിജയ്, എം.കെ സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട്ടിൽ വിജയ് സർക്കാർ നടത്തുന്ന വൈദ്യുതി ഇടപാടിൽ സമഗ്രമായ അന്വേഷണം വേണമെന്ന ശക്തമായ ആവശ്യവുമായി മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ രംഗത്തെത്തി. കേരളത്തിന് യൂണിറ്റിന് വെറും 8.64 രൂപക്ക് വൈദ്യുതി ലഭിക്കുമെന്നിരിക്കെ, തമിഴ്നാട്ടിൽ 41.50 രൂപക്ക് വാങ്ങുന്നതിന്റെ യുക്തി എന്താണെന്നാണ് സ്റ്റാലിൻ ചോദിക്കുന്നത്.
ജനങ്ങളുടെ പണം ഉപയോഗിച്ചാണ് സർക്കാർ വൈദ്യുതി വാങ്ങുന്നത് എന്നതിനാൽ ഈ വിലവ്യത്യാസം ചെറിയ കാര്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യത്തെ സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നിലെ വൈദ്യുതി വാങ്ങൽ തർക്കം സംബന്ധിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ വന്ന റിപ്പോർട്ടിനെ ആധാരമാക്കിയാണ് സ്റ്റാലിന്റെ വിമർശനം.
കേരളത്തിലെ വിവാദം തമിഴ്നാട്ടിലെ സാഹചര്യവുമായി താരതമ്യം ചെയ്താണ് അദ്ദേഹം വിജയ് സർക്കാരിനെതിരെ ആഞ്ഞടിച്ചത്. 8.64 രൂപ, 12.50 രൂപ, 14.50 രൂപ എന്നീ നിരക്കുകളിൽ കേരളത്തിന് വൈദ്യുതി വാങ്ങാൻ കഴിയുന്നുണ്ടെങ്കിൽ, തമിഴ്നാട്ടിലെ ടിവികെ സർക്കാരിന് അതിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. നിലവിൽ ടിവികെ ഭരണത്തിൻ കീഴിൽ തമിഴ്നാട് സർക്കാർ യൂണിറ്റിന് 35, 37, 41.50 രൂപ എന്നീ ഉയർന്ന നിരക്കുകളിലാണ് വൈദ്യുതി എടുക്കുന്നത്.
കേരളത്തെ അപേക്ഷിച്ച് മൂന്നിരട്ടിയിലധികം വില നൽകിയാണ് തമിഴ്നാട് വൈദ്യുതി വാങ്ങുന്നതെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. കേരള സർക്കാർ ആദ്യം യൂണിറ്റിന് 14.50 രൂപക്ക് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിരുന്നു. പിന്നീട് നീണ്ട ചർച്ചകൾക്ക് ശേഷം അത് 12.50 രൂപയായി കുറക്കുകയായിരുന്നു. എന്നാൽ ഇത്രയും നിരക്ക് പോലും സാമ്പത്തികമായി ലാഭകരമാണോ എന്ന കാര്യത്തിൽ അവിടെ ഇപ്പോഴും തർക്കം നിലനിൽക്കുന്നുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു.
കേരളത്തിൽ 14.50 രൂപ പോലും വിവാദമായ സ്ഥാനത്ത് തമിഴ്നാട്ടിൽ 41.50 രൂപ നൽകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തമിഴ്നാട്ടിലെ വൈദ്യുതി വാങ്ങലിൽ വലിയ തോതിൽ അഴിമതി നടന്നിട്ടുണ്ടാകാമെന്നും ഇക്കാര്യം വിശദമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യ കമ്പനി 8.64 രൂപക്ക് വൈദ്യുതി തരാമെന്ന് പറഞ്ഞിട്ടും അത് തള്ളിക്കളഞ്ഞ് ഹിമാചൽ പ്രദേശിൽ നിന്ന് 14.5 രൂപക്ക് വാങ്ങാനാണ് കെഎസ്ഇബി ശ്രമിച്ചത്.
ഇതേ തുടർന്നാണ് രാജമാണിക്യത്തെ കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കേരളത്തിൽ ഇത്ര ചെറിയ വിലവ്യത്യാസത്തിന് പോലും ചെയർമാനെ മാറ്റിയെങ്കിൽ, തമിഴ്നാട്ടിലെ വലിയ വിലവ്യത്യാസത്തിന് പിന്നിൽ എന്താണ് നടന്നതെന്ന് അന്വേഷിക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു.

