‘റെയ്ഡുകൾ നടത്തി റീൽസുണ്ടാക്കിയാൽ ഡിഎംകെ പ്രവർത്തകർ വിറക്കില്ല’; വിജയ് സർക്കാരിനെതിരെ സ്റ്റാലിൻ
text_fieldsഎം.കെ സ്റ്റാലിൻ
ചെന്നൈ: തിരുച്ചി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റെയ്ഡുകൾകൊണ്ട് ഡിഎംകെ പ്രവർത്തകർ ഭയപ്പെടില്ലെന്ന് മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) റീൽസ് നിർമിക്കാനുള്ള രാഷ്ട്രീയ നാടകമാണ് റെയ്ഡുകളെന്ന് ആരോപിച്ച അദ്ദേഹം, മുഖ്യമന്ത്രി വിജയിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ചു.
എക്സിൽ പങ്കുവെച്ച കുറിപ്പിൽ, പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് അന്വേഷണ നടപടികൾ സ്വീകരിക്കുന്നതിലൂടെ സർക്കാർ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് സ്റ്റാലിൻ ആരോപിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും വയോധികർക്കും സുരക്ഷയില്ലാത്ത സംസ്ഥാനമായി തമിഴ്‌നാടിനെ മാറ്റിയ മുഖ്യമന്ത്രി, ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കാൻ ‘റോഡ്‌ഷോ’ നടത്തണോ ‘റെയ്ഡ്‌ഷോ’ നടത്തണോ എന്ന് ആലോചിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
മുൻ ഡി.എം.കെ മന്ത്രിമാരെ മാത്രം ലക്ഷ്യമിട്ട് വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാർ 'വെട്രി വെൻഡെറ്റ രാഷ്ട്രീയം' കളിക്കുകയാണെന്നും, അഴിമതിക്കാരെ പാർട്ടിയിൽ എടുത്തു കഴുകി ശുദ്ധീകരിക്കുന്ന പ്രസ്ഥാനമായി ഭരിക്കുന്ന പാർട്ടി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതി ആരോപണങ്ങളിൽപ്പെട്ടവരെ വിലപേശാനുള്ള ഉപാധികളാക്കി പാർട്ടിയിൽ ഉൾപ്പെടുത്തുന്ന ‘തമിഴ്‌നാട് ബ്രാഞ്ച് വാഷിങ് മെഷീൻ’ ആണ് ടി.വി.കെയെന്നും സ്റ്റാലിൻ പരിഹാസിച്ചു. നിയമത്തിന് മുന്നിൽ ഇത്തരം നീക്കങ്ങൾ പരാജയപ്പെടുമെന്നും പൊതുജനങ്ങൾക്ക് മുന്നിൽ സർക്കാർ നാണംകെടുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ മന്ത്രിയും ഡി.എം.കെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ.എൻ. നെഹ്‌റുവിന്റെ വീട്ടിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്ന പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ ഈ പ്രതികരണം. മുൻ ഭരണകാലത്ത് നഗരഭരണ വകുപ്പിലെ ജൂനിയർ എൻജിനീയർ നിയമനത്തിൽ 634 കോടി രൂപയുടെ കൈക്കൂലി വാങ്ങി എന്ന ആരോപണത്തിന്മേലാണ് നെഹ്‌റുവിനെതിരെ വിജിലൻസ് അന്വേഷണം നടത്തുന്നത്. എന്നാൽ, റെയ്ഡുകളും വേദിയിൽ നിന്നുള്ള പഞ്ച് ഡയലോഗുകളും കാട്ടി ഡി.എം.കെയെ നിശ്ശബ്ദരാക്കാൻ കഴിയില്ലെന്നും സർക്കാറിന്റെ വീഴ്ചകൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
ക്രമസമാധാന തകർച്ച, കാര്യക്ഷമതയില്ലാത്ത ഭരണം, കുത്തനെ ഉയരുന്ന വിലക്കയറ്റം എന്നിവ ചൂണ്ടിക്കാട്ടി ടി.വി.കെ സർക്കാരിനെതിരെയും സ്റ്റാലിൻ വിമർശനമുന്നയിച്ചു. തമിഴ്‌നാട്ടിൽ മാത്രമല്ല, രാജ്യത്താകെ സർക്കാരിന്റെ പ്രവർത്തനങ്ങൾ പരിഹാസവിഷയമാകുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ജനങ്ങളുടെ പ്രശ്നങ്ങൾ മറച്ചുവെക്കാനാണ് ഡി.എം.കെയെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുന്നതെന്നും എന്നാൽ സർക്കാരിന്റെ യഥാർഥ മുഖം കൂടുതൽ വേഗത്തിൽ പുറത്തുകൊണ്ടുവരുമെന്നും സ്റ്റാലിൻ പറഞ്ഞു.

