ഒരു കൊടുങ്കാറ്റിലും അദ്ദേഹം ഉലയില്ല, ഇന്ത്യക്ക് വേണ്ടി ജീവിതം സമർപ്പിച്ച ആളെയാണ് അവർ ദേശവിരുദ്ധനെന്ന കുറ്റം ചുമത്തി തടവിലിട്ടത്; വാങ്ചുകിന്റെ സഹയാത്രിക ഗീതാഞ്ജലി മനസു തുറക്കുന്നു
text_fieldsഗീതാഞ്ജലി അങ്മോ
ന്യൂഡൽഹി: ദിവസങ്ങൾക്ക് മുമ്പാണ് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും രമൺ മഗ്സാസെ അവാർഡ് ജേതാവുമായ സോനം വാങ്ചുകിനെ ദേശീയ സുരക്ഷ നിയമം ചുമത്തി ലഡാക്കിൽവെച്ച് അറസ്റ്റ്ചെയ്തത്. അതിനു ശേഷം അദ്ദേഹവുമായി സംസാരിക്കാൻ പോലും സാധിച്ചിട്ടില്ലെന്നാണ് ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോ ദ വയറിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
''അദ്ദേഹത്തെ കൊണ്ടുപോയിട്ട് ദിവസങ്ങൾ പിന്നിടുകയാണ്. ലെയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള തന്റെ പൈതൃക ഗ്രാമത്തിൽ നിന്ന് സെപ്റ്റംബർ 26ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുനേപാൾ ഞാൻ ലഡാക്കിലെ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സിലായിരുന്നു. അദ്ദേഹത്തെ ജോധ്പൂരിലേക്ക് കൊണ്ടുപോകുകയാണെന്ന് എന്നെ ഫോണിൽ വിളിച്ചറിയിച്ചു. ജോധ്പൂരിൽ വന്നിറങ്ങിയാലുടൻ അദ്ദേഹവുമായി സംസാരിക്കാമെന്ന് പൊലീസ് ഇൻസ്പെക്ടർ ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ അതിനു ശേഷം അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാനായില്ല''-ഗീതാഞ്ജലി പറയുന്നു.
വാങ്ചുകിനെ ഏകാന്ത സെല്ലിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. സി.സി.ടി.വികളുടെ വലയത്തിലുള്ള ഏകാന്ത സെല്ലാണ് അതെന്നും റിപ്പോർട്ടിലുണ്ട്. വാങ്ചുക് ഏതവസ്ഥയിലാണ് ജയിലിലുള്ളത് എന്ന് സ്ഥിരീകരിക്കാൻ ഗീതാഞ്‍ജലിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
അദ്ദേഹം ഗാന്ധിയൻ പ്രക്ഷോഭത്തിനാണ് നേതൃത്വം നൽകിയത്. അദ്ദേഹത്തിന്റെ സമരരീതികളും പദയാത്രകളും എല്ലാം സമാധാനപരമായിരുന്നു. അദ്ദേഹത്തിന്റെത് അക്രമത്തിന്റെ പാതയല്ല, പൊലീസ് അധികൃതരാണ് അദ്ദേഹത്തെ അക്രമിച്ചത്. സെപ്റ്റംബർ 25ലെ അക്രമത്തിന്റെ കാരണക്കാരും യുവാക്കളല്ല. അത് സെൻട്രൽ റിസർവ് പൊലീസ് സേനയാണ് എല്ലാം തുടങ്ങിവെച്ചത്. ലഡാക്കിലെ യുവാക്കൾ സമാധാനം ആഗ്രഹിക്കുന്നവരാണ്, ഏറ്റവും മാന്യൻമാരുമാണ്-ഗീതാഞ്ജലി തുടർന്നു.
അദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥ ഒരു ഭാര്യ എന്നതിനേക്കാൾ, ഇന്ത്യൻ പൗരൻ എന്ന നിലയിലാണ് തന്നെ അതിയായി വേദന തോന്നുന്നത്. രാജ്യത്തിന് അഭിമാനമായ ഒരു വ്യക്തിയെ ആണ് അവർ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്രതലത്തിൽ പ്രശസ്തിയാർജിച്ച വിദ്യാഭ്യാസ പ്രവർത്തകനും കാലാവസ്ഥ പ്രവർത്തകനുമായ അദ്ദേഹം രാജ്യത്തിന് വേണ്ടിയാണ് തന്റെ ജീവിതം സമർപ്പിച്ചത്. ഇന്ത്യൻ സൈന്യത്തിന്റെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ അദ്ദേഹം പ്രവർത്തിച്ചു. ചൈനീസ് ഉൽപ്പന്നങ്ങൾ വായിക്കുന്നതിനും വാങ്ങുന്നതിനും ആളുകളെ നിരുൽസാഹപ്പെടുത്തി. എന്നിട്ടും അങ്ങനെയുള്ളയാളെയാണ്
ദേശവിരുദ്ധനെന്ന മുദ്ര ചുമത്തി തടവിലിട്ടിരിക്കുന്നത്. ലഡാക്കിൽ നിന്ന് അദ്ദേഹത്തെ മാറ്റാൻ ഇതുപോലുള്ള എന്തെങ്കിലും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ലഡാക്കിന്റെ സംസ്ഥാനപദവിക്കും ആറാം ഷെഡ്യൂൾപദവിക്കും വേണ്ടി വാങ്ചുകിനൊപ്പം പ്രവർത്തിക്കുന്ന വിദ്യാർഥി പ്രസ്ഥാനങ്ങളെയും ആളുകളെയും കഴിഞ്ഞ കുറച്ചു വർഷങ്ങളായി വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും ഗീതാഞ്ജലി ചൂണ്ടിക്കാട്ടി.
2024 ൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സന്ദർശിച്ചപ്പോൾ, യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ എച്ച്.ഐ.എ.എല്ലിന് ഭൂമി അനുവദിക്കുന്ന ഫയൽ തടഞ്ഞുവെച്ചിരിക്കുന്നതിനെ കുറിച്ച് വ്യക്തമായി പറഞ്ഞ കാര്യവും ഗീതാഞ്ജലി അടിവരയിട്ടുപറഞ്ഞു.
സി.ബി.ഐ സംഘം പരിശോധനക്ക് എത്തിയപ്പോൾ എല്ലാ സാമ്പത്തിക രേഖകളും ഞങ്ങൾ കാണിച്ചുകൊടുത്തു. ഞങ്ങൾക്ക് ഒളിക്കാനായി ഒന്നും ഉണ്ടായിരുന്നില്ല. ഞാനും വാങ്ചുകും ഞങ്ങളുടെ വ്യക്തിപരമായ സമ്പത്ത് കൂടി ഈ സ്ഥാപനത്തിന് വേണ്ടി മാറ്റിവെക്കുകയാണ് ചെയ്തിരുന്നത്. ഒരു സാമൂഹിക പ്രവർത്തനം എന്നനിലയായിരുന്നു ഞങ്ങളതിനെ കണ്ടത്. ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്മെന്റ് കൗൺസിൽ തെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടക്കുന്ന സാഹചര്യത്തിലാണ് വാങ്ചുകിനെ അറസ്റ്റ് ചെയ്തതെന്നും ഗീതാഞ്ജലി ആരോപിച്ചു. ലഡാക്കിന് ആറാം ഷെഡ്യൂൾ പദവി നൽകുമെന്ന് വാഗ്ദാനം പാലിക്കാത്തതിനാൽ ഇക്കുറി തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജനം വോട്ട് ചെയ്യാൻ സാധ്യതയില്ല.
എന്നാൽ ഈ തിരഞ്ഞെടുപ്പിന് മുമ്പ് വാങ്ചുകിനെ അറസ്റ്റ് ചെയ്യുന്നത് ബി.ജെ.പിയെ കൂടുതൽ ബുദ്ധിമുട്ടിലാക്കും. കാരണം അറസ്റ്റ് പോരാടാനുള്ള ജനങ്ങളുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുകയേ ഉള്ളൂ. അദ്ദേഹം അവരുടെ ശബ്ദമായിരുന്നു. അവരുടെ പ്രതിനിധിയായിരുന്നു. വാങ്ചുകിന് പാകിസ്താനി ബന്ധമുണ്ടെന്നും അവർ ആരോപിക്കുന്നുണ്ട്. പാകിസ്താനിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ക്ലൈമറ്റ് കോൺഗ്ലേവിൽ പങ്കെടുത്തത് കൊണ്ടാണ് ആ ആരോപണം ഉന്നയിക്കുന്നത്. യഥാർഥത്തിൽ ആ സമ്മേളനം ഐക്യരാഷ്ട്രസഭയാണ് സംഘടിപ്പിച്ചത്. അദ്ദേഹം അവിടെ ഇന്ത്യയുടെ അഭിമാനമാണ് ഉയർത്തിപ്പിടിച്ചത്. പരിസ്ഥിതിക്ക് അനുഗുണമായുള്ള പ്രത്യേക ജീവിതരീതി പ്രോത്സാഹിപ്പിക്കുന്ന 'മിഷൻ ലൈഫ്' എന്ന പദ്ധതിക്ക് തുടക്കംകുറിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ചാണ് അദ്ദേഹം ആ സമ്മേളനത്തിൽ സംസാരിച്ചത്. അങ്ങനെയുള്ള വ്യക്തിയെ പാക് ചാരനെന്ന് ആരോപിക്കപ്പെടുന്നത് വേദനിപ്പിക്കുന്നതാണെന്നും ഗീതാഞ്ജലി പറഞ്ഞു. ഒരു സെഷനിലെ മുഖ്യപ്രഭാഷക താനായിരുന്നതിനാൽ വാങ്ചുകിനൊപ്പം പാകിസ്താനിലേക്ക് പോയിരുന്ന കാര്യവും ഗീതാഞ്ജലി തുറന്നുപറഞ്ഞു. വിഭജനത്തിന് മുമ്പ് തനിക്ക് പാകിസ്താനിൽ കുടുംബവേരുകളുണ്ടായിരുന്ന കാര്യവും അവർ എടുത്തു പറഞ്ഞു.
വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി തവണ വാങ്ചുക് ജോധ്പൂരിൽ പോയിട്ടുണ്ട്. എന്നാൽ ദേശദ്രോഹക്കുറ്റം ചുമത്ത് തന്നെ അവിടെയുള്ള ജയിലിൽ അടയ്ക്കുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല. ആരോപണങ്ങളിൽ വാങ്ചുക് തളർന്നുപോകുമോ എന്ന ചോദ്യത്തിനും ഗീതാഞ്ജലിക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നു. അദ്ദേഹം ദുർബലനാണെന്ന് ഒരിക്കലും കരുതുന്നില്ല. പ്രശസ്തികളിൽ അദ്ദേഹം വീഴാറില്ല. വിമർശനങ്ങളിൽ തളർന്നുപോകാറുമില്ല. പ്രശസ്തിക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നത് കണ്ടിട്ടുമില്ല. ഇന്ത്യക്ക് വേണ്ടിയും മികച്ച പരിസ്ഥിതിക്കു വേണ്ടിയും നിശ്ശബ്ദമായി ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ഇതുകൊണ്ടെന്നും അദ്ദേഹത്തെ തളർത്താൻ സാധിക്കില്ല. അതൊന്നും കണക്കിലെടുക്കാതെ അദ്ദേഹം തന്റെ യാത്ര തുടരും. അതാണ് മറ്റുള്ളവരിൽ നിന്ന് വാങ്ചുകിനെ വ്യത്യസ്തനാക്കുന്നതും.-ഗീതാഞ്ജലി പറഞ്ഞുനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

