സോനം വാങ്ചുകിനെതിരെ പാക് ബന്ധമാരോപിച്ച് അന്വേഷണത്തിന് ലഡാക്ക് പൊലീസിന്റെ നീക്കം
text_fieldsലേ: പാകിസ്താനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ലഡാക്കിലെ സമരം നയിച്ച മനുഷ്യാവകാശ പ്രവർത്തകൻ സോനം വാങ്ചുകിനെതിരെ ലഡാക്ക് പൊലീസിന്റെ അന്വേഷണം. ലഡാക്ക് പൊലീസ് ഡയറക്ടർ ജനറൽ എസ്.ഡി.സിങ് ജംവാൾ ആണ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ ബുധനാഴ്ച നടന്ന അക്രമത്തിന് പിന്നിലെ പ്രധാന വ്യക്തി വാങ്ചുക്കാണെന്ന് ജംവാൾ വിശേഷിപ്പിച്ചു. അതിൽ നാലു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച ദേശീയ സുരക്ഷാ നിയമപ്രകാരം വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാനിലെ ജോധ്പൂരിലെ ജയിലിലേക്ക് അയച്ചു.
ലേ അപെക്സ് ബോഡിയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസും ചേർന്ന് സംസ്ഥാന പദവിക്കും കേന്ദ്രഭരണ പ്രദേശത്തേക്ക് ആറാം ഷെഡ്യൂൾ നീട്ടുന്നതിനും വേണ്ടി നടത്തിയ പ്രക്ഷോഭത്തിന്റെ പ്രധാന മുഖമാണ് വാങ്‌ചുക്ക്. തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച അദ്ദേഹം ലഡാക്കിന് നൽകിയ വാഗ്ദാനം പാലിക്കാത്ത ആഭ്യന്തരമന്ത്രാലയത്തെയാണ് സംഘർഷത്തിന് കുറ്റപ്പെടുത്തുന്നത്.
അതേസമയം, വാങ്ചുക്കിനെതിരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും പ്രക്രിയ പുരോഗമിക്കുകയാണെന്നും ജംവാൾ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രൊഫൈലും ചരിത്രവും എല്ലാം യൂ ട്യൂബിൽ ലഭ്യമാണ്. അറബ് വസന്തത്തെക്കുറിച്ചും നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ സമീപകാല അശാന്തിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചത് അക്രമത്തിന് പ്രേരണയായെന്നും ജംവാൾ അവകാശപ്പെട്ടു.
‘അദ്ദേഹത്തിന് സ്വന്തം അജണ്ട ഉണ്ടായിരുന്നു. വിദേശ ധനസഹായം, എഫ്.സി.ആർ.എ ലംഘനം എന്നിവ സംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ട് അതിർത്തിക്കപ്പുറത്ത് അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുകയും വാങ്‌ചുക്കിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളുടെ വിഡിയോകൾ അയക്കുകയും ചെയ്ത ഒരു പാക് ഇന്റലിജൻസ് ഓഫിസർ ഞങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും’ പൊലീസ് മേധാവി പറഞ്ഞു. സിങ്, വാങ്‌ചുക്കിന്റെ ചില വിദേശ സന്ദർശനങ്ങളെ ഉദ്ധരിക്കുകയും അവയെ സംശയാസ്പദമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അദ്ദേഹം പാകിസ്താനിൽ ‘ദി ഡോൺ’ പത്രത്തിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കുകയും ബംഗ്ലാദേശ് സന്ദർശിക്കുകയും ചെയ്തു’വെന്നും ജംവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വാങ്‌ചുക്ക് വേദി ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചതായും കേന്ദ്ര-ലഡാക്ക് പ്രതിനിധികൾ തമ്മിലുള്ള സംഭാഷണം തടസ്സപ്പെടുത്താൻ ശ്രമിച്ചതായും ജംവാൾ ആരോപിച്ചു. സെപ്റ്റംബർ 25 ന് ഇരുവിഭാഗവും തമ്മിലുള്ള അനൗപചാരിക കൂടിക്കാഴ്ച നടക്കുമെന്ന് അറിഞ്ഞിട്ടും വാങ്ചുക്ക് നിരാഹാര സമരം തുടർന്നതായി ജംവാൾ പറഞ്ഞു. ഒക്ടോബർ 6ന് പുതിയ ചർച്ചകൾക്കായി കേന്ദ്രം നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്.
‘അനൗപചാരിക കൂടിക്കാഴ്ചക്ക് ഒരു ദിവസം മുമ്പ്, പ്രകോപനപരമായ വിഡിയോകളിലൂടെയും പ്രസ്താവനകളിലൂടെയും സമാധാനപരമായ അന്തരീക്ഷം തകർക്കാൻ മനഃപൂർവമായ ശ്രമം നടന്നു. ഇത് അക്രമത്തിലും നിർഭാഗ്യകരമായ മരണങ്ങളിലും കലാശിച്ചുവെന്നും പൊലീസ് മേധാവി ആരോപിച്ചു.
അക്രമവുമായി ബന്ധപ്പെട്ട് 50 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവരിൽ അര ഡസനോളം പേരെങ്കിലും സംഘത്തലവന്മാരാണെന്ന് സംശയിക്കുന്നുവെന്നും സിങ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

