Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഹീറോ, യഥാർഥ നായകൻ’; ഫ്ലൈ ദുബൈ വിമാനത്തിലെ ഇന്ത്യൻ പൈലറ്റിനെ അഭിനന്ദിച്ച് മോദിയും നെതന്യാഹുവും

text_fields
bookmark_border
PM Modi Benjamin Netanyahu smit Machchhar
cancel

ന്യൂഡൽഹി: അട്ടിമറി ശ്രമമുണ്ടായ ദുബൈ-ടെൽ അവീവ് ഫ്ലൈ ദുബൈ വിമാനത്തിലെ യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ നിർണായക ഇടപെടൽ നടത്തിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ അദ്ദേഹം കാട്ടിയ ധൈര്യവും ഉറച്ച മനസ്സും നൂറുകണക്കിന് പേരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഇന്ത്യ ക്യാപ്റ്റൻ മച്ചാറിനെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ക്യാപ്റ്റൻ സ്മിത് മച്ചാറാണ് ഹീറോ. വലിയ അപകടത്തെ നേരിടുമ്പോഴും ഗുരുതരമായി പരിക്കേറ്റിട്ടും, അദ്ദേഹം അപാരമായ ധൈര്യവും മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാനുള്ള ഉറച്ച മനസ്സും കാണിച്ചു. നൂറുകണക്കിന് ജീവൻ രക്ഷിക്കാനും ഒരു വലിയ ദുരന്തം ഒഴിവാക്കാനും അദ്ദേഹത്തിന്റെ ധൈര്യം സഹായിച്ചു. ക്യാപ്റ്റൻ മച്ചാറിനെക്കുറിച്ച് ഇന്ത്യ അഭിമാനിക്കുന്നു’ -പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

ഇന്ത്യൻ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും രംഗത്തെത്തി. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും ധീരമായി പോരാടിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ അസാമാന്യ ധൈര്യത്തെ നെതന്യാഹു പ്രശംസിച്ചു. ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ‘യഥാർഥ നായകൻ’ എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. സമൂഹമാധ്യമമായ എക്‌സിലൂടെയായിരുന്നു നെതന്യാഹുവിന്റെ ആശംസ.

സൈപ്രസിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസറും ക്യാപ്റ്റൻ മച്ചാറിന്റെ ധീരതയെ പ്രശംസിച്ചു. പരിചയസമ്പന്നനായ ഇന്ത്യൻ പൈലറ്റിന്റെയും യാത്രക്കാരുടെയും ധൈര്യമാണ് 180 ആളുകളുടെ ജീവൻ രക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനെതിരെ ലോകരാഷ്ട്രങ്ങൾ ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം ആഹ്വനം ചെയ്തു.

ഫ്ലൈദുബൈയുടെ FZ1073 വിമാനത്തിലാണ് ബുധനാഴ്ച ഗുരുതരമായ അട്ടിമറി ശ്രമമുണ്ടായത്. ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പോയ വിമാനത്തിൽ 174 പേരാണ് ഉണ്ടായിരുന്നത്. യാത്രക്കിടെ കോക്പിറ്റിൽ ക്യാപ്റ്റനും സഹപൈലറ്റും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സഹപൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ചു. വിമാനം നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതിനെ തുടർന്ന് അടിയന്തര സന്ദേശം കൈമാറുകയും വിമാനം സൗദി അറേബ്യയിലെ തബൂക്കിലേക്ക് തിരിച്ചുവിടുകയുമായിരുന്നു.

യാത്ര ആരംഭിച്ച് രണ്ടര മണിക്കൂറിന് ശേഷമാണ് വിമാനം പെട്ടെന്ന് താഴ്ന്നു പറന്നത്. ഫ്ലൈറ്റ് റേഡാർ 24ലെ വിവരങ്ങൾ അനുസരിച്ച് 33,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം മിനിറ്റുകൾക്കകം 17,000 അടിയോളമാണ് താഴേക്ക് പതിച്ചത്. തുടർന്ന് ഹൈജാക്ക് നടക്കുന്നതായുള്ള മുന്നറിയിപ്പ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, യാത്രക്കാരുടെയും പൈലറ്റുമാരുടെയും അടിയന്തര ഇടപെടൽ വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തി.

ഇന്ത്യൻ പൗരനായ സ്മിത് മച്ചാർ 2022 ജൂൺ മുതൽ ഫ്ലൈദുബൈയുടെ ബോയിങ് 737 വിമാനങ്ങളുടെ ക്യാപ്റ്റനായി ജോലി ചെയ്തുപോരുന്നു. അതിന് മുമ്പ് മുംബൈ ആസ്ഥാനമായ സ്പൈസ്‌ജെറ്റിൽ ഏകദേശം 10 വർഷം ജോലി ചെയ്തിരുന്നു. ക്യാപ്റ്റൻ സ്മിത് മച്ചാർ സൗദിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Smit Machchhar Praised PM Modi Netanyahu
Next Story