ദുബൈ-ഇസ്രായേൽ വിമാനത്തിൽനിന്ന് ‘ഹൈജാക്കിങ്’ കോഡ്; 180 യാത്രക്കാരുമായി സൗദിയിലിറക്കി
text_fieldsതെൽഅവീവ്: ദുബൈയിൽ നിന്ന് ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം അടിയന്തര സാഹചര്യത്തെ തുടർന്ന് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. എന്നാൽ വിമാനം ഹൈജാക്ക് ചെയ്തതായ പ്രചാരണം വ്യോമയാന മേഖലയിൽ പരിഭ്രാന്തി പരത്തി.
വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാർ തമ്മിലുണ്ടായ തർക്കമാണ് സംഭവത്തിന് കാരണമായതെന്നാണ് ഇസ്രായേൽ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിമാനത്തിൽ ഏകദേശം 180 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
വിമാനം ആദ്യം അന്താരാഷ്ട്ര ‘അടിയന്തര കോഡാ’യ 7700 സിഗ്നൽ നൽകിയിരുന്നു. പിന്നാലെ 7500 എന്ന കോഡ് നൽകി. അനധികൃത ഇടപെടലോ ഹൈജാക്കിങോ അടക്കമുളള സാഹചര്യം സൂചിപ്പിക്കുന്ന കോഡാണിത്. ഇതിനെ തുടർന്ന് വിമാനത്തിന്റെ ഗതി നിരീക്ഷിച്ചിരുന്ന ഇസ്രായേൽ വ്യോമസേന യുദ്ധവിമാനങ്ങളെ വിമാനത്തിന് സമീപത്തേക്ക് അയച്ചതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് വലിയ പരിഭ്രാന്തിക്ക് കാരണമായിരുന്നു.
സംഭവത്തെ തുടർന്ന് ഐ.ഡി.എഫ് മേധാവി ലെഫ്റ്റനന്റ് ജനറൽ എയൽ സാമിർ മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. വ്യോമസേനാ മേധാവി മേജർ ജനറൽ ഒമർ ടിഷ്‌ലർ, ഓപറേഷൻസ് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ ഇറ്റ്സിക് കോഹൻ, ഇന്റലിജൻസ് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ ഷ്ലോമി ബിൻഡർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

