You are here
കർഷകർക്ക് 6000; പദ്ധതി പരിഷ്കരിച്ച് ഉത്തരവിറങ്ങി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് കർഷകർക്ക് 6000 രൂപ സഹായംനൽകുന്ന പ്രധാനമന്ത്രി കിസാൻ പദ്ധതി പരിഷ്കരിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. മേയ് 31ന് ചേർന്ന ആദ്യ മന്ത്രിസഭ യോഗത്തിൽ തീരുമാനമായെങ്കിലും ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. ഇതുപ്രകാരം ഭൂമിയുടെ പരിധിനോക്കാതെ കൂടുതൽ കർഷകരിലേക്ക് ആനുകൂല്യം എത്തിക്കുകയാണ് ലക്ഷ്യം. പുതുക്കിയ മാർഗനിർദേശപ്രകാരം ഗുണഭോക്താക്കളെ കണ്ടെത്താൻ കേന്ദ്ര കൃഷി മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദേശിച്ചു.
ഭൂമി കൈവശം വെക്കുന്ന സ്ഥാപനങ്ങൾ, ഭരണഘടന പദവികൾ വഹിക്കുന്ന കർഷകർ, സർവിസിലിരിക്കുന്നവരും വിരമിച്ചവരുമായ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, ആദായ നികുതി ഒടുക്കുന്നവർ എന്നിവർ പദ്ധതി ആനുകൂല്യത്തിന് അർഹരല്ല. ഡോക്ടർമാർ, എൻജിനീയർമാർ, അഭിഭാഷകർ, 10,000 രൂപക്കുമേൽ പെൻഷൻ വാങ്ങുന്നവർ എന്നിവരും പദ്ധതിക്ക് പുറത്തായിരിക്കും. ഇതിനകം കണ്ടെത്തിയ 3.66 കോടി ഗുണഭോക്താക്കളിൽ 3.03 കോടി ഗുണഭോക്താക്കൾക്ക് ആനുകൂല്യത്തിെൻറ ആദ്യ ഗഡുവായ 2000 രൂപ വിതരണം ചെയ്തിട്ടുണ്ട്.