സുപ്രീംകോടതി ഇടപെടൽ; ഡൽഹിയിലും അഞ്ച് സംസ്ഥാനങ്ങളിലും എസ്ഐആർ സമയപരിധി നീട്ടി
text_fieldsന്യൂഡൽഹി: കേന്ദ്ര ഭരണപ്രദേശമായ ഡൽഹിയിലെയും മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രപ്രദേശ്, തെലങ്കാന, നാഗാലാൻഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടർ പട്ടിക തീവ്ര പരിഷ്‍കരണത്തിന്റെ (എസ്.ഐ.ആർ) സമയക്രമം തെരഞ്ഞെടുപ്പ് കമീഷൻ നീട്ടി.
വോട്ടർമാർക്ക് പരാതിയും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി നീട്ടുന്ന കാര്യം പരിഗണിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി.
ഡൽഹിയിൽ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 25 ആയാണ് പരിഷ്‍കരിച്ചത്. പരാതികൾ ഡിസംബർ 15നകം തീർപ്പാക്കും. അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കുന്നത് ഡിസംബർ 22 നാണ്.
മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രപ്രദേശ്, തെലങ്കാന, നാഗാലാൻഡ് എന്നിവിടങ്ങളിൽ നവംബർ 30 നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. ആന്ധ്രപ്രദേശിലും ഹരിയാനയിലും നവംബർ 20 വരെ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാം.
മഹാരാഷ്ട്രയിൽ നവംബർ 13 വരെയും നാഗാലാൻഡിൽ 25 വരെയും തെലങ്കാനയിൽ 26 വരെയുമാണ് പരാതി സമർപ്പിക്കാൻ അവസരം. അന്തിമ വോട്ടർ പട്ടിക ഡിസംബർ നാലിന് പ്രസിദ്ധീകരിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ആഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച ഡൽഹിയിലെ കരട് വോട്ടർ പട്ടികയിൽ 47.56 ലക്ഷം പേരെ ഒഴിവാക്കിയത് വിവാദമായിരുന്നു.
മഹാരാഷ്ട്രയിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചോദ്യംചെയ്ത് സമർപ്പിച്ച ഹരജിയിൽ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമീഷനും സുപ്രീംകോടതി നോട്ടീസയച്ചിരുന്നു.
മഹാരാഷ്ട്രയിൽ ആകെയുള്ള 97.9 ദശലക്ഷം വോട്ടർമാരിൽ 20 ദശലക്ഷത്തിലേറെ പേരെയാണ് കരട് പട്ടികയിൽ നിന്ന് വെട്ടിമാറ്റിയത്. പൊരുത്തക്കേടുകൾ ഉണ്ടെന്ന കാരണം പറഞ്ഞ് 12.2 ദശലക്ഷം പേരെയും ഒഴിവാക്കി.
മുംബൈയിലും പുണെയിലും ചില വികസന പ്രവർത്തനങ്ങൾ നടന്ന സമയത്ത് തൽക്കാലത്തേക്ക് മറ്റൊരിടത്തേക്ക് മാറി താമസിച്ച വോട്ടർമാരെയും സ്ഥലത്തില്ല എന്ന കാരണം പറഞ്ഞ് വെട്ടിമാറ്റിയെന്ന് ഹരജിയിൽ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്താർ ചൂണ്ടിക്കാട്ടിയിരുന്നു.

