ബംഗളൂരുവിന് ഒരു ലക്ഷം കോടിയുടെ വികസന പദ്ധതികൾ; 500 കി.മീ പുതിയ റോഡുകൾ പ്രഖ്യാപിച്ച് ഡി.കെ. ശിവകുമാർ
text_fieldsഡി.കെ. ശിവകുമാർ
ബംഗളൂരു: ബംഗളൂരുവിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വൻ പദ്ധതികളുമായി മുഖ്യമന്ത്രി ഡി.കെ ശിവകുമാർ. നഗരത്തിൽ 500 കിലോമീറ്റർ പുതിയ റോഡുകൾ നിർമിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പുതിയ 500 കി.മീ റോഡ് ഉണ്ടാക്കുന്നതിന് പുറമെ, നിലവിലുള്ള നഗരത്തിലെ പ്രധാന റോഡുകളും ഇടറോഡുകളും ചേർന്ന് 1500 കി.മീറ്ററോളം റോഡുകൾ വീതികൂട്ടാനും, റീടാർ ചെയ്യാനും, വൈറ്റ്-ടോപ്പിങ് നടത്താനും, കുഴികൾ അടയ്ക്കാനും, നടപ്പാതകൾ നവീകരിക്കാനും പദ്ധതിയുണ്ട്. ബെളഗാവിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വികസന പദ്ധതികളെക്കുറിച്ച് ശിവകുമാർ വിശദീകരിച്ചത്.
മറ്റ് പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ഗുണനിലവാരമുള്ള റോഡുകളുടെ നീളത്തിന്റെ കാര്യത്തിൽ ബംഗളൂരു ഏറെ പിന്നിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ റോഡ് അടിസ്ഥാന സൗകര്യങ്ങൾക്ക് സർക്കാർ കൂടുതൽ ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ബംഗളൂരു നഗര എംഎൽഎമാരുമായി നടത്തിയ യോഗത്തിലും റോഡ് വികസന പദ്ധതികൾ പ്രധാന ചർച്ചാ വിഷയമായി.
ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും എംഎൽഎമാരെ ഒരുമിച്ചിരുത്തിയാണ് യോഗം നടത്തിയത്. ടണൽ റോഡ്, മെട്രോ വിപുലീകരണം, അടിസ്ഥാന സൗകര്യ പദ്ധതികൾ തുടങ്ങിയ വലിയ പദ്ധതികളെ കുറിച്ച് യോഗത്തിൽ സംസാരിച്ചു. എന്നാൽ യോഗം ദീർഘകാല പദ്ധതികളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും മണ്ഡല വികസനത്തിനുള്ള അടിയന്തര നടപടികളെക്കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ലെന്നും പ്രതിപക്ഷ എംഎൽഎമാർ വിമർശനം ഉന്നയിച്ചു.
മണ്ഡല തലത്തിലുള്ള ആവശ്യങ്ങൾ സമർപ്പിക്കാൻ ശിവകുമാർ നിയമസഭാംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് സർക്കാർ ആവശ്യകതയുടെ അടിസ്ഥാനത്തിൽ പരിഗണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫണ്ട് അനുവദിക്കുമ്പോൾ ഭരണകക്ഷി അംഗങ്ങളും പ്രതിപക്ഷ എംഎൽഎമാരും പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങൾ തമ്മിൽ വിവേചനം കാണിക്കില്ലെന്ന് ശിവകുമാർ ഉറപ്പ് നൽകി.
2027ൽ ബംഗളൂരു നഗരത്തിന്റെ 500-ാം വാർഷികമാണ്. ഇതിന് മുന്നോടിയായി നഗരത്തിന് 10 വർഷത്തെ സമഗ്ര വികസന ബ്ലൂപ്രിന്റ് സർക്കാർ തയാറാക്കുന്നുണ്ട്. നിർദ്ദിഷ്ട പദ്ധതികൾക്ക് ഒരു ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതേസമയം മാലിന്യ സംസ്കരണത്തിലും സർക്കാർ കർശന നടപടികളിലേക്ക് കടക്കുകയാണ്. മാലിന്യ നിർമാർജനത്തിൽ അശ്രദ്ധ കാണിക്കുന്ന കരാറുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ശിവകുമാർ മുന്നറിയിപ്പ് നൽകി.
ബംഗളൂരുവിലെ 27 നഗര മണ്ഡലങ്ങളിലായി 33 പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇതിൽ 21 പാക്കേജുകളുടെ ടെൻഡറുകൾ ഇപ്പോൾ തുറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ ടെൻഡറുകൾ വാഹന ശേഷിയുടെ അടിസ്ഥാനത്തിൽ പ്രതിദിനം 9,000 ടൺ മാലിന്യ ശേഖരണവും നിർമാർജനവും ഉൾക്കൊള്ളും. റോഡ് വികസന പദ്ധതികൾക്ക് പുറമെ ജാതി, പ്രാദേശിക പശ്ചാത്തലങ്ങളുടെ അടിസ്ഥാനത്തിൽ എംഎൽഎമാരുമായി തുടർച്ചയായ യോഗങ്ങൾ നടത്താനും ശിവകുമാർ തീരുമാനിച്ചിട്ടുണ്ട്.
എസ്‌സി/എസ്ടി നിയമസഭാംഗങ്ങളുമായി ആദ്യം കൂടിക്കാഴ്ച നടത്തും. അതിന് ശേഷം ഒബിസി, ന്യൂനപക്ഷ, ലിംഗായത്ത്, വൊക്കലിഗ നിയമസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാംഗങ്ങളുടെ ആശങ്കകൾ മനസ്സിലാക്കുന്നതിനും കോൺഗ്രസ് സർക്കാരിനെക്കുറിച്ചുള്ള അവരുടെ സമുദായങ്ങളുടെ കാഴ്ചപ്പാട് അറിയുന്നതിനും വേണ്ടിയാണ് യോഗങ്ങൾ.

