സി.ജെ.പിയുടെ ‘ചലോ സൻസദ്’ മാർച്ചിന് മുന്നോടിയായി സമരപന്തലിലെത്തി ശബാന ആസ്മിയും പ്രകാശ് രാജും
text_fieldsശബാന ആസ്മിയും പ്രകാശ് രാജും സി.ജെ.പി സമരപന്തലിൽ
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തോടനുബന്ധിച്ച് തിങ്കളാഴ്ച നടത്താനിരിക്കുന്ന ‘ചലോ സൻസദ്’ മാർച്ചിന് മുന്നോടിയായി ജന്തർ മന്തറിലെ സമരപന്തൽ സന്ദർശിച്ച് നടി ശബാന ആസ്മിയും നടൻ പ്രകാശ് രാജും. ഞായറാഴ്ച സമര പന്തലിലെത്തിയ ഇരുവരും പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
ജന്തർ മന്തറിലെ പ്രതിഷേധക്കാരുമായി ശബാന ആസ്മി സംസാരിക്കുകയും നിരാഹാര സമരത്തിലിരിക്കുന്നവരെ സന്ദർശിക്കുകയും ചെയ്തു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്നതാണെന്നും ജനാധിപത്യത്തിൽ ജനങ്ങളുടെ ശബ്ദം കേൾക്കപ്പെടേണ്ടതുണ്ടെന്നും അവർ പറഞ്ഞു. നടൻ പ്രകാശ് രാജും സമരവേദിയിലെത്തി പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ചു. പ്രതിഷേധക്കാർക്കൊപ്പമുള്ള വിഡിയോ പ്രകാശ് രാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.
അതേസമയം, പാർലമെന്റ് സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ ‘ചലോ സൻസദ്’ മാർച്ചിന് അനുമതി നൽകിയിട്ടില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. അനുമതിയില്ലാത്ത പ്രകടനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
നീറ്റ് ഉൾപ്പെടെയുള്ള ദേശീയ പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ രംഗത്ത് പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടാണ് കോക്രോച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സി.ജെ.പിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം തുടരുന്ന സോനം വാങ്ചുക്കിനെ കഴിഞ്ഞദിവസം പൊലീസിന്റെ നേതൃത്വത്തിൽ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
മൂന്നാഴ്ചയായി തുടരുന്ന നിരാഹാര സമരം സോനം വാങ്ചുക് രണ്ട് പ്രധാന ഉപാധികളോടെ തിങ്കളാഴ്ച അവസാനിപ്പിക്കാൻ തയാറാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ മാധ‍്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച ഡൽഹി പൊലീസ് അദ്ദേഹത്തെ ബലമായി സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെയും നിരാഹാരം തുടരുകയാണെന്നും ചികിത്സയോ ഡ്രിപ്പുകളോ സ്വീകരിക്കാൻ അദ്ദേഹം തയാറായിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി അംഗ്‍മോ അറിയിച്ചു. പാർലമെന്റിന്റെ മൺസുൺ സമ്മേളനത്തിൽ വിദ്യാഭ്യാസ വിഷയങ്ങൾ ഉന്നയിക്കാമെന്ന് രാഷ്ട്രീയ നേതാക്കൾ സന്ദർശിച്ച് ഉറപ്പ് തന്നാൽ ഇന്ന് നിരാഹാരം അവസാനിപ്പിക്കുമെന്ന് വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

