ഉപാധികൾ അംഗീകരിച്ചാൽ നിരാഹാരം അവസാനിപ്പിക്കാൻ തയ്യാർ; സോനം വാങ്ചുക്കിന്റെ നിലപാട് വ്യക്തമാക്കി ഭാര്യ
text_fieldsന്യൂഡല്ഹി: കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന നിരാഹാര സമരം സോനം വാങ്ചുക് രണ്ട് പ്രധാന ഉപാധികളോടെ നാളെ (ജൂലൈ 20) അവസാനിപ്പിക്കാൻ തയ്യാറാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി അംഗ്മോ മാധ്യമങ്ങളോട് പറഞ്ഞു. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ മേഖലയിലെ ഉത്തരവാദിത്തം ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്തറിൽ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് വാങ്ചുക് നിരാഹാരം അനുഷ്ഠിക്കുന്നത്. ശനിയാഴ്ച ഡൽഹി പൊലീസ് അദ്ദേഹത്തെ ബലമായി സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെയും നിരാഹാരം തുടരുകയാണെന്നും ചികിത്സയോ ഡ്രിപ്പുകളോ സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി അംഗ്മോ അറിയിച്ചു.
പാർലമെന്റിന്റെ മൺസുൺ സമ്മേളനത്തിൽ വിദ്യാഭ്യാസ വിഷയങ്ങൾ ഉന്നയിക്കാമെന്ന് രാഷ്ട്രീയ നേതാക്കൾ സന്ദർശിച്ച് ഉറപ്പ് തന്നാൽ ഇന്ന് നിരാഹാരം അവസാനിപ്പിക്കുമെന്ന് വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി വ്യക്തമാക്കി. പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന് സഫ്ദർജങ് ആശുപത്രിയിൽ നൽകുന്ന ചികിത്സയിൽ ഇടപെടാൻ ഡൽഹി ഹൈകോടതി വിസമ്മതിച്ചു. വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുമതി തേടി ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോ സമർപ്പിച്ച ഹരജിയിൽ ഈ ഘട്ടത്തിൽ ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ലെന്ന് ജസ്റ്റിസ് മിനി പുഷ്കർണ പറഞ്ഞു. ഹരജി ജൂലൈ 24ന് വീണ്ടും പരിഗണിക്കും. വാങ്ചുക്കിന്റെ നില തൃപ്തികരമാണെന്നും അദ്ദേഹത്തിന് തുടർച്ചയായ നിരീക്ഷണം ആവശ്യമാണെന്നും സഫ്ദർജങ് ആശുപത്രി അറിയിച്ചു.
ഞായറാഴ്ച നടന്ന പ്രത്യേക സിറ്റിങ്ങിൽ, നിരാഹാര സമരം നടത്തുന്ന വാങ്ചുക്കിനെ സഫ്ദർജങ് ആശുപത്രിയിലെ ഡോക്ടർമാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിൽ ബലപ്രയോഗം നടത്തുന്നതായി പറയാനാകില്ലെന്നും കോടതി പറഞ്ഞു. വാങ്ചുക്കിനെ ജന്തർ മന്തറിൽ നിന്ന് സഫ്ദർങ് ആശുപത്രിയിലേക്ക് മാറ്റിയ സർക്കാരിന്റെ നടപടിയെ ഏകപക്ഷീയമെന്ന് വിളിക്കാനാകില്ല. വാങ്ചുക്കിന്റെ ഭാര്യ, സഹോദരൻ, ഭാര്യാസഹോദരൻ എന്നിവർക്ക് 24 മണിക്കൂറും സന്ദർശിക്കാനുള്ള അനുമതി നൽകിയിട്ടുണ്ടെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന ഗീതാഞ്ജലിയുടെ ഹരജിയിൽ കേന്ദ്ര സർക്കാർ, സഫ്ദർജങ് ആശുപത്രി, ഡൽഹി പൊലീസ് എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു. വിഷയത്തിൽ യാതൊരുവിധ സംശയത്തിന്റെയും ആവശ്യമില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ കോടതിയെ അറിയിച്ചു. വാങ്ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാനാണ് ആഗ്രഹിക്കുന്നതെന്ന് ഹരജിക്കാരിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.
വാങ്ചുക്ക് തടങ്കലിൽ അല്ലെന്നും ഒരാൾക്ക് തനിക്ക് ഇഷ്ടമുള്ള ആശുപത്രിയിൽ ചികിത്സ തേടാനുള്ള അവകാശം നിഷേധിക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. ശനിയാഴ്ച, നിരാഹാര സമരത്തിന്റെ 21ാം ദിവസമാണ് ഡൽഹി പോലീസ് വാങ്ചുക്കിനെ ബലപ്രയോഗത്തിലൂടെ സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയത്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെയാണ് ജൂൺ 28 മുതൽ വാങ്ചുക് നിരാഹാരസമരം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

