സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജെന്റ് പൗഡർ; 36 കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത
text_fieldsപട്ന: ബിഹാറിലെ ഒരു സർക്കാർ സ്കൂളിൽ നൽകിയ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജെന്റ് പൗഡർ കലർന്നതിനെത്തുടർന്ന് 36 വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്ഥത. ഭക്ഷണം കഴിച്ചയുടൻ കുട്ടികൾക്ക് ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
സ്കൂളിൽ തയ്യാറാക്കിയ ഉച്ചഭക്ഷണത്തിൽ അബദ്ധവശാൽ ഡിറ്റർജെന്റ് പൗഡർ കലരുകയായിരുന്നു. കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചതിനാൽ കുട്ടികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർ അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ ആശങ്കയും പ്രതിഷേധവുമാണ് ഉയർന്നിരിക്കുന്നത്. രക്ഷിതാക്കളുൾപ്പെടെ നിരവധി ജനങ്ങൾ സ്കൂളിന് പുരത്ത് പ്രതിഷേധിച്ചു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്.
സ്കൂളിലെ ഉച്ചഭക്ഷണ വിതരണ സംവിധാനത്തിലെ വീഴ്ചയെക്കുറിച്ചും ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും അധികാരികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്കൂളുകളിലെ കുട്ടികളുടെ ഭക്ഷണ സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ ചോദ്യങ്ങൾ ഉയർത്തുന്നതാണ് ഈ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

