ശബരിമല യുവതി പ്രവേശനം; സീനിയർ അഭിഭാഷകനെ മാറ്റി ദേവസ്വം ബോർഡ്
text_fieldsന്യൂഡൽഹി: ശബരിമല യുവതി പ്രവേശനത്തെ ശക്തമായി എതിര്‍ത്ത സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകും. യുവതി പ്രവേശനത്തെ അനുകൂലിച്ച സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയെ മാറ്റിയാണ് അഭിഷേക് മനു സിങ്‌വിയെ കേസില്‍ ഹാജരാകാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയത്.
ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹരജിയിൽ സുപ്രീംകോടതിയുടെ അഞ്ച് അംഗ ഭരണഘടന ബെഞ്ച് വാദം കേട്ടത് 2019 ഫെബ്രുവരി ആറിനായിരുന്നു. അന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി ഹാജരായിരുന്നത് സീനിയർ അഭിഭാഷകൻ രാകേഷ് ദ്വിവേദി ആയിരുന്നു. യുവതി പ്രവേശനത്തിനെ അനുകൂലിക്കുന്നുവെന്നും എല്ലാവർക്കും ക്ഷേത്ര പ്രവേശനത്തിന് അധികാരം ഉണ്ടെന്നുമാണ് ദ്വിവേദി അന്ന് കോടതിയിൽ വാദിച്ചത്.
ഈ വാദം ദേവസ്വം ബോർഡ് മാറ്റിയെന്ന റിപ്പോർട്ടുകൾക്കിടയിൽ ആണ് സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി ഇന്ന് സുപ്രീംകോടതിയിൽ ഹാജരായത്. 2019 ഫെബ്രുവരി ആറാം തിയതി സുപ്രീംകോടതിയിൽ യുവതി പ്രവേശനത്തെ എതിർത്താണ് അഭിഷേക് മനു സിംഗ്‌വി വാദം ഉന്നയിച്ചത്. അന്ന് പ്രയാർ ഗോപാലകൃഷ്ണന് വേണ്ടി ഹാജരായ സിംഗ്‌വി അതിന് മുമ്പ് ബോർഡിന് വേണ്ടിയും ഈ കേസിൽ ഹാജരായിരുന്നു.
ഒമ്പത് അംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ വാദം എഴുതി നൽകുന്നതിന് കൂടുതൽ സമയം ബോർഡിന് വേണ്ടി ആവശ്യപ്പെട്ട് കൊണ്ടാണ് സിംഗ്‌വി ഇന്ന് കോടതിയിൽ ഹാജരായത്. സിംഗ്‌വിക്ക് ഒപ്പം സ്റ്റാന്റിങ് കോൺസൽ പി.എസ് സുധീറും ഹാജരായി. ഇവരുടെ ആവശ്യം അംഗീകരിച്ച ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് കേസ് വാദം എഴുതി നൽകുന്നതിനുള്ള സമയ പരിധി അടുത്ത തിങ്കളാഴ്ച്ച വരെ നീട്ടി. എല്ലാ കക്ഷികൾക്കും ഇത് ബാധകം ആയിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

