2000 രൂപക്ക് മുകളിൽ യുപിഐ വഴി റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്താൽ എന്ത് സംഭവിക്കും? ഒക്ടോബർ 15 മുതൽ പുതിയ നിയമം
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ യുപിഐ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർ ശ്രദ്ധിക്കണം. 2026 ഒക്ടോബർ 15 മുതൽ യു.പി.ഐ പേയ്‌മെന്റ് സംവിധാനത്തിൽ വലിയ പരിഷ്കാരം കൊണ്ടുവരാൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) തീരുമാനിച്ചു. ഇതുപ്രകാരം 2000 രൂപക്ക് മുകളിലുള്ള എല്ലാ യുപിഐ ഇടപാടുകൾക്കും 0.4 ശതമാനം ഫീസ് ഈടാക്കും.
ഇത് സാധാരണ കടകളിലും ഓൺലൈൻ ഷോപ്പിങ്ങിലും ഒക്കെ ബാധകമാണ്. എന്നാൽ ഈ ഫീസ് റെയിൽവേ യാത്രക്കാർക്ക് വലിയ ബാധ്യതയാകും എന്ന് മനസിലാക്കിയാണ് റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിനെ സ്പെഷ്യൽ കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്.
2000 രൂപക്ക് താഴെ ടിക്കറ്റ് എടുത്താൽ യാതൊരു ഫീസും ഇല്ല. 2000 രൂപക്ക് മുകളിൽ ടിക്കറ്റ് എടുത്താൽ ടിക്കറ്റ് വിലയുടെ 0.4% എന്നതിന് പകരം വെറും 5 രൂപ മാത്രം ഫ്ലാറ്റ് ആയി നൽകിയാൽ മതി. ഉദാഹരണത്തിന് നിങ്ങൾ കുടുംബമായി യാത്ര ചെയ്യാൻ 8000 രൂപയുടെ ടിക്കറ്റ് ബുക്ക് ചെയ്യുകയാണെന്ന് കരുതുക. സാധാരണ നിയമം ആണെങ്കിൽ 0.4% എന്ന കണക്കിൽ 32 രൂപ ഫീസ് ആയി നൽകണം. എന്നാൽ റെയിൽവേ സ്പെഷ്യൽ കാറ്റഗറിയായതിനാൽ നിങ്ങൾക്ക് വെറും 5 രൂപ മാത്രം നൽകിയാൽ മതി. അതായത് 27 രൂപയുടെ ലാഭം.
യുപിഐ ഇടപാടുകൾ പൂർണമായും സൗജന്യമായതിനാൽ ബാങ്കുകൾക്കും ഗൂഗ്ൾ പേ, ഫോൺപേ പോലുള്ള ആപ്പുകൾക്കും വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. ഈ നഷ്ടം നികത്താനും യുപിഐ സംവിധാനം കൂടുതൽ മെച്ചപ്പെടുത്താനുമാണ് ചെറിയൊരു ഫീസ് കൊണ്ടുവരുന്നത്. ഐ.ആർ.സി.ടി.സി വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ, റെയിൽവേ സ്റ്റേഷനിലെ കൗണ്ടറുകളിൽ യുപിഐ സ്കാൻ ചെയ്ത് പണമടക്കുന്നവർ, എന്നിവർക്കെല്ലാം ഈ 5 രൂപ ഫീസ് ബാധകമാകും.
രാജ്യത്ത് ഡിജിറ്റൽ ഇടപാടുകളിൽ ഏറ്റവും കൂടുതൽ ആളുകൾ യു.പി.ഐ ഉപയോഗിക്കുന്ന മേഖലകളിൽ ഒന്നാണ് റെയിൽവേ ടിക്കറ്റ് ബുക്കിങ്. ഐ.ആർ.സി.ടി.സി കണക്കുകൾ പ്രകാരം ദിവസവും ലക്ഷക്കണക്കിന് പേരാണ് യു.പി.ഐ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. എ.സി ടിക്കറ്റുകൾ, ദീർഘദൂര ട്രെയിനുകളിലെ ഫാമിലി ടിക്കറ്റുകൾ എന്നിവയുടെ നിരക്ക് പലപ്പോഴും 2000 രൂപക്ക് മുകളിലാണ് വരുന്നത്.
ഈ സാഹചര്യത്തിൽ സാധാരണ വ്യാപാരികൾക്ക് ഏർപ്പെടുത്തിയതുപോലെ 0.4 ശതമാനം ഫീസ് റെയിൽവേ ടിക്കറ്റിനും ഏർപ്പെടുത്തിയാൽ അത് സാധാരണക്കാരായ യാത്രക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയാകും. ഉദാഹരണത്തിന് 10,000 രൂപയുടെ ടിക്കറ്റിന് 40 രൂപ വരെ അധികമായി നൽകേണ്ടി വരും. ഇത് മനസ്സിലാക്കിയാണ് എൻ.പി.സി.ഐ റെയിൽവേയെ സ്പെഷ്യൽ കാറ്റഗറിയിൽ ഉൾപ്പെടുത്തി ഇളവ് നൽകിയത്.
ടിക്കറ്റ് തുക എത്രയായാലും 2000ന് മുകളിൽ 5 രൂപ മാത്രം ഫ്ലാറ്റ് ഫീസായി നൽകിയാൽ മതി എന്നാണ് പുതിയ തീരുമാനം. ഇതിലൂടെ യാത്രക്കാരുടെ പോക്കറ്റ് കാലിയാകുന്നത് ഒരു പരിധി വരെ തടയാൻ സാധിക്കും. അതേസമയം 2000 രൂപക്ക് താഴെയുള്ള എല്ലാ യു.പി.ഐ ഇടപാടുകൾക്കും ഇപ്പോഴും യാതൊരു ഫീസും ഇല്ല. പുതിയ പരിഷ്കാരം 2026 ഒക്ടോബർ 15 മുതൽ രാജ്യത്താകെ പ്രാബല്യത്തിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

