രാമക്ഷേത്ര ട്രസ്റ്റ് യോഗം 22ന്; എസ്.ഐ.ടിയുടെ അന്തിമ അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്യും
text_fieldsരാമക്ഷേത്രം
അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ ശ്രീരാമ ജന്മഭൂമി തീർത്ത ക്ഷേത്ര ട്രസ്റ്റിന്റെ രണ്ടാമത് യോഗം ഈ മാസം 22ന് നടക്കും. ബുധനാഴ്ച വൈകിട്ട് മൂന്നിന് രാമ ക്ഷേത്ര കോംപ്ലക്സിൽ നടക്കുന്ന പ്രത്യേക യോഗത്തിന് ശേഷം നാലിനായിരിക്കും പതിവ് യോഗം ആരംഭിക്കുകയെന്നാണ് ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി കൃഷ്ണമോഹൻ അറിയിച്ചിരിക്കുന്നത്.
ജൂലൈ ആറിന് ചേർന്ന യോഗത്തിലെ നടപടികൾക്ക് അംഗീകാരം നൽകുകയാണ് പ്രധാന അജണ്ടയെന്നാണ് ജൂലൈ ഏഴിന് അംഗങ്ങൾക്ക് വിതരണം ചെയ്തിരിക്കുന്ന സർക്കുലറിലെ അറിയിപ്പെങ്കിലും രാമ ക്ഷേത്രത്തിലെ സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് എസ്.ഐ.ടിയുടെ അന്തിമ അന്വേഷണ റിപ്പോർട്ടും യോഗത്തിൽ ചർച്ചയാകും. സംഭാവന തട്ടിപ്പ് പുറത്തുവന്ന ശേഷം ജൂലൈ ഏഴിനായിരുന്നു ട്രസ്റ്റിന്റെ ആദ്യ യോഗം.
വിശ്വാസികൾ നൽകുന്ന സംഭാവനകളുടെ സൂക്ഷിപ്പ്, മൂല്യം, വിതരണം എന്നിവ സംബന്ധിച്ച ട്രസ്റ്റ് നിയമങ്ങളിലും മാർഗനിർദേശങ്ങളിലും ഭേദഗതി നിർദേശിക്കുന്നതിനായി പ്രത്യേക കമ്മിറ്റിയെ ഈ യോഗത്തിൽ തെരഞ്ഞെടുത്തിരുന്നു. മണിരാം ചൗനിയിലായിരുന്നു യോഗം ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് രാമ ക്ഷേത്ര കോംപ്ലക്സിലേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

