രാമ ക്ഷേത്രകൊള്ള വിവാദം കത്തുന്നു; ട്രസ്റ്റ് നിർണായക യോഗം ഇന്ന്; രാജികൾ പരിഗണിക്കും
text_fieldsഅയോധ്യ: രാമക്ഷേത്ര സംഭാവനകളിലെ തട്ടിപ്പ് സംബന്ധിച്ച അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടെ, ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് നിർണായക യോഗം ഇന്ന് ചേരും. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെയും ട്രസ്റ്റി അനിൽ മിശ്രയുടെയും രാജികൾ അജണ്ടയിൽ പ്രധാനമാകുമെന്ന് വൃത്തങ്ങൾ പറഞ്ഞു. സംഭാവന തട്ടിപ്പ് സംബന്ധിച്ച എസ്.ഐ.ടിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സി.ഇ.ഒ) സ്ഥാനം സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയും ട്രസ്റ്റ് യോഗ അജണ്ടയുടെ ഭാഗമാണെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.
ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാൽ ദാസിന്റെ മഠമായ മണി റാം ചൗണിയിലാണ് യോഗം നടക്കുക. എല്ലാ റെഗുലർ, എക്സ്-ഒഫീഷ്യോ അംഗങ്ങളും ചർച്ചകളിൽ പങ്കെടുക്കണമെന്ന് ട്രഷറർ ഗോവിന്ദ് ദേവ് ഗിരി ആവശ്യപ്പെട്ടു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാൽ ദാസും, പ്രായാധിക്യം കാരണം യാത്ര ചെയ്യാൻ കഴിയാത്ത മുതിർന്ന ട്രസ്റ്റി കെ. പരാശരനും വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്തേക്കും.
കേസിൽ കുറ്റാരോപിതരായതിനെത്തുടർന്ന് രാജിവച്ച ചമ്പത് റായിയുടെയും അനിൽ മിശ്രയുടെയും രാജിയെക്കുറിച്ച് ട്രസ്റ്റ് യോഗം ചർച്ച ചെയ്യാൻ സാധ്യതയുണ്ടെന്ന് അംഗങ്ങൾ പറഞ്ഞു.
അതേസമയം, അയോധ്യയിലെ രാമക്ഷേത്രക്കൊള്ളയിൽ രാഷ്ട്രീയ വിവാദങ്ങൾ ശക്തമായതോടെ പ്രതിപക്ഷ നേതാക്കൾക്കെതിരെ പ്രസ്താവനയുമായി വി.എച്ച്.പി രംഗത്തെത്തി. ക്ഷേത്ര ഭാരവാഹികൾ ക്രമക്കേടുകൾ കാട്ടിയെന്ന് ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാക്കളെ ചോദ്യം ചെയ്യണമെന്ന് വി.എച്ച്.പിയുടെ അന്താരാഷ്ട്ര പ്രസിഡന്റ് അലോക് കുമാർ ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ, ആപ് നേതാവ് സഞ്ജയ് സിങ്, സമാജ്‌വാദി പാർട്ടി നേതാവ് റാം ഗോപാൽ യാദവ് എന്നിവർ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷി നേതാക്കളുടെ ആരോപണങ്ങൾ പരിശോധിച്ച് നിജസ്ഥിതി വ്യക്തമാക്കണമെന്ന്, സംഭാവനക്കൊള്ള അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് അലോക് കുമാർ കത്തെഴുതി. 200 കോടി മുതൽ 20,000 കോടി രൂപയുടെ വരെ കൊള്ള നടന്നിട്ടുണ്ടെന്നാണ് ഈ നേതാക്കളുടെ ആരോപണം. തെളിവുകൾ കൈവശമുണ്ടെങ്കിൽ പരസ്യമായി അവകാശവാദങ്ങൾ ഉന്നയിക്കുന്നതിന് പകരം അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാക്കുകയാണ് വേണ്ടത്. വിശ്വസനീയമായ തെളിവുകൾ ഉണ്ടെങ്കിൽ സത്യം പുറത്തുകൊണ്ടുവരാൻ അത് സഹായിക്കും. എന്നാൽ വസ്തുതാപരമായ അടിത്തറയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

