രാജ്യസഭ തെരഞ്ഞെടുപ്പ്; എതിരില്ലാതെ ബി.ജെ.പി, 15 ഇടത്ത് വിജയിച്ചു
text_fieldsന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ ഒഴിവു വന്ന രാജ്യസഭ എം.പി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ച അവസാനിച്ചതോടെ ബി.ജെ.പിക്ക് നേട്ടം. വിവാദ നീക്കത്തിലൂടെ കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളിയ മധ്യപ്രദേശിൽനിന്നടക്കം മൂന്ന് സംസ്ഥാനങ്ങളിലായി 15 പേരാണ് എൻ.ഡി.എയിൽനിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിൽനിന്ന് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ അടക്കം അഞ്ചുപേർ എതിരില്ലാതെ വിജയിച്ചു. ബാക്കി സീറ്റുകളിലേക്ക് ഈ മാസം 18നാണ് തെരഞ്ഞെടുപ്പ്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ നാലുപേരാണ് കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഖാർഗെയെ കൂടാതെ എ.ഐ.സി.സി സെക്രട്ടറി മൻസൂർ അലി ഖാൻ, കോൺഗ്രസ് മീഡിയ ആൻഡ് പബ്ലിസിറ്റി ഡിപ്പാർട്ട്‌മെന്റ് അധ്യക്ഷൻ പവൻ ഖേര, ബി.ജെ.പിയുടെ എം. നാഗരാജ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ. ഗുജറാത്തിൽ നിന്നുള്ള നാല് ബി.ജെ.പി സ്ഥാനാർഥികളും രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രാജുഭായ് ശുക്ല, മാൻസിങ് പാർമർ, മുകേഷ്ഭായ് രത്വ, ജിതേന്ദ്ര കഞ്ചരിയ എന്നിവരാണ് വിജയിച്ച സ്ഥാനാർഥികൾ.
ആന്ധ്രയിൽ നിന്നുള്ള നാല് എൻ.ഡി.എ സ്ഥാനാർഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇതിൽ മൂന്നുപേർ ടി.ഡി.പിയിൽ നിന്നും ഒരാൾ ജനസേനയിൽ നിന്നുമുള്ളയാളാണ്. രാജസ്ഥാനിൽനിന്ന് ബി.ജെ.പിയുടെ സതീഷ് പൂനിയയും അൽക്ക ഗുർജറും കോൺഗ്രസിന്റെ നീരജ് ഡാംഗിയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
മധ്യപ്രദേശിലെ മൂന്ന് സീറ്റുകളിലും ബി.ജെ.പി സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു. തരുൺ ചുഗ്, രജനീഷ് അഗർവാൾ, മഹേഷ് കേവത് എന്നിവരാണ് വിജയിച്ചത്. തമിഴ്‌നാട്ടിൽ നിന്നുള്ള ഏക സീറ്റിലേക്ക് കോൺഗ്രസ് സ്ഥാനാർഥി പ്രവീൺ ചക്രവർത്തിയും അരുണാചൽ പ്രദേശിലെ ഏക സീറ്റിലേക്ക് ബി.ജെ.പി നേതാവ് തായ് തഗകും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

