മഹാരാഷ്ട്രയിലെ വോട്ടർ പട്ടികയിൽ 96 ലക്ഷം വ്യാജവോട്ടർമാർ; തെരഞ്ഞെടുപ്പ് കമീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി രാജ് താക്കറെ
text_fieldsമുംബൈ: തെരഞ്ഞെടുപ്പ് കമീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി മഹാരാഷ്ട്ര നവനിർമാൺ സേന പ്രസിഡന്റും സ്ഥാപകനുമായ രാജ് താക്കറെ. മഹാരാഷ്ട്രയിലെ വോട്ടർ പട്ടികയിൽ ഏകദേശം 96 ലക്ഷം വ്യാജ വോട്ടർമാർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് രാജ്താക്കറെയുടെ ആരോപണം. ബി.ജെ.പിയെയും അതിന്റെ സഖ്യകക്ഷികളായ ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയെയും അജിത് പവാറിന്റെ എൻ.സി.പിയെയും ലക്ഷ്യമിട്ടായിരുന്നു രാജ് താക്കറെയുടെ ആരോപണം. മുംബൈയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ് താക്കറെ.
തെരഞ്ഞെടുപ്പ് കമീഷൻ വ്യാജൻമാരെ ഒഴിവാക്കി വോട്ടർ പട്ടിക ശുദ്ധീകരിക്കണമെന്നും ബന്ധപ്പെട്ട എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അംഗീകാരം ലഭിക്കുന്നത് വരെ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ വൈകിപ്പിക്കണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുകളിൽ കൃത്രിമത്വം കാണിക്കുന്നത് വോട്ടർമാരോടുള്ള ഏറ്റവും വലിയ വഞ്ചനയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള വിയോജിപ്പും അദ്ദേഹം സംസാരത്തിനിടെ ആവർത്തിച്ചു. രാജ് താക്കറെയുടെ അവകാശവാദങ്ങളോട് തെരഞ്ഞെടുപ്പ് കമീഷൻ പ്രതികരിച്ചിട്ടില്ല.
പൊതുജന പങ്കാളിത്തം കണക്കിലെടുക്കാതെ കൃത്രിമം കാണിച്ച വോട്ടർപട്ടിക ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തുന്നത് ഫലം മുൻകൂട്ടി നിശ്ചയിച്ചതാക്കി മാറ്റും.
പ്രാദേശിക രാഷ്ട്രീയ സംഘടനകളെ ഒതുക്കി നിർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും രാജ് താക്കറെ വാദിച്ചു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ 96 ലക്ഷം വ്യാജ എൻട്രികൾ ചേർത്തിട്ടുണ്ടെന്ന് തനിക്ക് വിവരം ലഭിച്ചുവെന്നും 2024 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പും ഇതുപോലുള്ള ക്രമക്കേടുകൾ നടന്നതായും അദ്ദേഹം വെളിപ്പെടുത്തി. മുംബൈയിലെ വോട്ടർപട്ടികയിൽ എട്ടു മുതൽ 10 ലക്ഷം വരെയുള്ള വ്യാജ വോട്ടർമാർ ഉൾപെട്ടിട്ടുണ്ട്. താനെ, പുണെ, നാസിക് എന്നിവിടങ്ങളിൽ എട്ടുമുതൽ 8.5 ലക്ഷം വരെ വ്യാജ വോട്ടർമാരുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കമീഷൻ പക്ഷപാതത്തോടെ പെരുമാറുന്നതായി ആരോപിക്കുന്ന പ്രധാനമന്ത്രി മോദിയുടെ ഒരു ആർക്കൈവൽ വിഡിയോയും രാജ് താക്കറെ എടുത്തുകാണിച്ചു. മോദിയും സംഘവും പ്രതിപക്ഷത്തിരുന്നപ്പോഴായിരുന്നു ഇത്തരത്തിൽ ആരോപണം വന്നത്. എന്നാൽ ബി.ജെ.പി ഭരിക്കുമ്പോൾ പ്രതിപക്ഷ കക്ഷികൾ സമാന ആരോപണം ഉന്നതിച്ചപ്പോൾ അവർ തള്ളിക്കളയുകയാണ് ചെയ്യുന്നത്.
വോട്ടർപട്ടികയിലെ പൊരുത്തക്കേടുകൾ വളരെ കാലമായി നിലനിൽക്കുന്ന ഒരു പ്രശ്നമാണെന്നും രാജ് താക്കറെ കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പുകൾക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ കൂടുതൽ ശക്തമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

